ADVERTISEMENT

ചെർക്കള ∙ അജൈവ മാലിന്യ സംസ്കരണത്തിനു സമഗ്ര പദ്ധതി തയാറാക്കി ചെങ്കള പഞ്ചായത്ത്. ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്കരണവും നടപ്പാക്കി മാലിന്യ മുക്ത പഞ്ചായത്തായി ചെങ്കളയെ മാറ്റുകയാണു ലക്ഷ്യം. മാലിന്യ സംസ്കരണ രംഗത്തു പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻ എന്ന കമ്പനിയുമായി ചേർന്നാണു സമഗ്ര മാലിന്യ നിർമാർജന പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ‘ചെയ്ഞ്ചാവും ചെങ്കള, ഇനി മാറ്റം നമ്മളിലൂടെ’എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം രണ്ടാം വാരം തുടങ്ങും.ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒന്നര മാസത്തിലൊരിക്കൽ യൂസർ ഫീ ഈടാക്കി മാലിന്യം ശേഖരിക്കും. 

വീടുകളിൽ നിന്ന് 50 രൂപയും കടകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 100 രൂപയും ഈടാക്കും. ഇതിന്റെ രസീത് പഞ്ചായത്ത് സേവനങ്ങൾക്കായി ഉപയോഗിക്കും. ബയോ മെഡിക്കൽ, സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ ഒഴികെയുള്ള മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിച്ചു സംസ്കരിക്കും. ഒഴിവാക്കപ്പെട്ടവ കൂടി അടുത്ത ഘട്ടത്തിൽ പരിഗണിക്കാൻ നടപടി ഉണ്ടാകും. മാലിന്യങ്ങൾ പൊതു നിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്തീരാജ് ആക്ടിലെ സെക്‌ഷൻ 219(എസ്) പ്രകാരം 10,000 രൂപ മുതൽ 25,000 രൂപ വരെ ഫൈൻ ഈടാക്കും. 

6 മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ കിട്ടാനുള്ള കുറ്റകൃത്യമാണിത്. തുക നൽകിയ ശേഷം മാലിന്യം എടുത്തില്ലെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് പരാതി നൽകാം. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിന് കസ്റ്റമർ കെയർ നമ്പർ സജ്ജമാക്കും. കൂടുതൽ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ചെങ്കള പഞ്ചായത്തിൽ മാലിന്യ സംസ്കരണം കീറാമുട്ടിയായ സാഹചര്യത്തിലാണു ഭരണസമിതി ഈ ജനകീയ പദ്ധതി തുടങ്ങിയത്. നിലവിൽ വാർഡുകൾ തോറും പ്ലാസ്റ്റിക് സംഭരണം ഉണ്ടെങ്കിലും അതു ഫലപ്രദമല്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

പുതിയ പദ്ധതിയുടെ നടത്തിപ്പിനു മുന്നോടിയായി വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി അവലോകന യോഗം നടത്തും. ഒരു വാർഡിൽ ഒരു ദിവസം എന്ന രീതിയിലാണു മാലിന്യ ശേഖരണം. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ, എഡിഎസ് അംഗങ്ങൾ, ആശ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ സേവനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും അവലോകന യോഗം ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com