ADVERTISEMENT

ചീമേനി ∙ ഹിന്ദിയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ചുവട് പിടിച്ച് സൈനികർ നൃത്തം ചവിട്ടിയപ്പോൾ പ്രായത്തിന്റെ പ്രയാസങ്ങൾ മറന്ന് മുതിർന്നവരും ഒപ്പം ചേർന്നു. ആവേശം അലതല്ലിയ വേദിയിലേക്ക് ശാന്തയും മാധവിയും ജനാർദനനുമെല്ലാം ഓടിക്കയറി. പിന്നിട്ട് കണ്ടത് നൃത്തച്ചുവടുകളുടെ പൊടിപൂരം. കയ്യൂർ - ചീമേനി പഞ്ചായത്തിന്റെ വയോജന ആരോഗ്യ പദ്ധതിയുടെ ഭാഗമായി ചാനടുക്കത്ത് നടന്ന വയോജന സംഗമമാണ് വേറിട്ടതായത്. 

Kasargod News

പെരിങ്ങോം സിആർപിഎഫ് ക്യാംപിൽ നിന്ന് ഡപ്യൂട്ടി കമാൻഡർ കെ.എം ബൈജുവിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം സിആർപിഎഫ് സേനാംഗങ്ങളാണ് വയോജന സംഗമത്തിനെത്തിയത്. കൈ നിറയെ മിഠായികളുമായി എത്തിയ സേനാംഗങ്ങളെ കണ്ടപ്പോൾ കമ്യൂണിറ്റി ഹാളിൽ തടിച്ച് കൂടിയ വയോജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും തങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരാനാണ് അവരെത്തിയതെന്നറിഞ്ഞതോടെ എല്ലാവരും സന്തോഷത്തിലായി. 

ഉദ്ഘാടകൻ കൂടിയായ ഡപ്യൂട്ടി കമാൻഡർ കെ.എം ബൈജു ‘നിങ്ങളോടൊപ്പം ചേരാനാണ് ഞങ്ങൾ വന്നതെ’ന്ന് അറിയിച്ചതോടെ സന്തോഷം ഇരട്ടിയായി. സേനാംഗങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ച പൊതുപ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ സുഭാഷ് അറുകര നാടൻ പാട്ട് പാടി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. പിന്നീട് നൃത്തച്ചുവടുകളുടെ പൂരപ്പറമ്പായി വേദി മാറി. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഹിന്ദി ഗാനങ്ങൾക്കനുസരിച്ച് ചുവട് വച്ചു. ഇതിൽ ആവേശം പൂണ്ട് സദസ്സിലിരുന്ന മാധവിയും ശാന്തയും രമയും വേദിയിലേക്ക് കയറി നൃത്തം ചവിട്ടി. ആവേശത്തിന്റെ നിറക്കൂട്ട് ചാർത്തിയ സംഗമത്തിൽ മയൂരി നൃത്തം അടക്കമുള്ള പരിപാടികൾ അവതരിപ്പിച്ചാണ് സിആർപിഎഫുകാർ മടങ്ങിയത്. 

പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലൻ ഷാൾ അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് അംഗം ശൈലജ, വാർഡ് സമിതി കൺവീനർ സുഭാഷ് അറുകര, വയോജന ക്ലബ് സെക്രട്ടറി എൻ.കുഞ്ഞിരാമൻ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com