ADVERTISEMENT

നർക്കിലക്കാട് ∙ കാരുണ്യ പ്രവർത്തനരംഗത്തു മലയോരത്തിന്റെ പ്രതീക്ഷയായി പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി. 2017 ൽ നർക്കിലക്കാട് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഈ കൂട്ടായ്മ ഇതിനകം 30 ലക്ഷത്തിലേറെ രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് വെസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിൽമാത്രം നടത്തിയത്. പ്ലാച്ചിക്കരയിലെ ഒരു രോഗിയെ സഹായിക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോഴിവർ. 

സാന്ത്വന വഴിയിലെ കാരുണ്യം

വെസ്റ്റ് എളേരിയിലെ രോഗികൾക്കു സൗജന്യമായി ഉപയോഗിക്കാൻ 15 വീൽചെയർ, 10 വാക്കർ, കിടപ്പുരോഗികൾക്കായി 3 മൾട്ടി പർപ്പസ് കട്ടിൽ, കിടക്കകൾ, ബിപി പരിശോധനാ ഉപകരണങ്ങൾ എന്നിവയും സൊസൈറ്റിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ലഭിച്ചയുടൻ ഇവ രോഗികൾക്കു ലഭ്യമാകും. മൗക്കോട്ടെ ഒരു കാൻസർ രോഗിക്ക് വീടുവച്ചുനൽകാനും പാവപ്പെട്ടവരുടെ 5 വീടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താനും വീടുകളിൽ കുട്ടികൾക്കായി പഠനമുറി, ഫർണിച്ചറുകൾ എന്നിവ ഏർപ്പെടുത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് രോഗികളെ ആശുപത്രികളിലെത്തിക്കാനും മറ്റുമായി വാഹനസൗകര്യവും ഏർപ്പെടുത്തിയിരുന്നു.

കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷ്യസാധന കിറ്റുകൾ നൽകുന്നുണ്ട്. കൂടാതെ സമീപത്തെ അഗതിമന്ദിരങ്ങളിലേക്കും ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകുന്നു. കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി നേരത്തേ വീടുകളിൽ മൺചട്ടികൾ വിതരണം ചെയ്തിരുന്നു. ടൗൺ ശുചീകരണം, യോഗ, ബോധവൽക്കരണ ക്ലാസുകൾ, മികവുപുലർത്തുന്ന വിദ്യാർഥികൾക്ക് അനുമോദനം എന്നിവയും നടത്തിവരുന്നു. കോയമ്പത്തൂരിലെ സഹായി ആശുപത്രിയുടെ സഹകരണത്തോടെ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ, നട്ടെല്ലിനു പരുക്കേറ്റവർക്കായി നടത്തിയ മെഡിക്കൽ ക്യാംപും മാതൃകാപരമായി. ‌‌

പണം കണ്ടെത്താൻ മീൻവിൽപന മുതൽ 

സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നത് വേറിട്ട ജനകീയ കൂട്ടായ്മകളിലൂടെയാണ്. രണ്ടുമാസം മുൻപ് നടത്തിയ ജനകീയ മീൻവിൽപനയിലൂടെ 35000 രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ചു കിടപ്പുരോഗികൾക്കുവേണ്ടി 2 കട്ടിലുകൾ വാങ്ങി. ഇതിനു പുറമേ 4 ബിരിയാണി ഫെസ്റ്റുകൾ നടത്തി. ഇതിൽനിന്നു ലഭിച്ച തുകയുപയോഗിച്ചു കാൻസർ രോഗികൾക്കുള്ള ഉപകരണങ്ങൾ വാങ്ങി. സൊസ‌ൈറ്റി അംഗങ്ങൾ കാറ്ററിങ് പണിക്കുപോയി ലഭിച്ച വരുമാനവും സൊസൈറ്റിക്കു മുതൽക്കൂട്ടായി. അതതു സമയത്തെ ആവശ്യങ്ങൾക്കനുസരിച്ചു മാത്രമാണ് പണം കണ്ടെത്താറുള്ളത്. 

100 രൂപ പ്രതിമാസം വരിസംഖ്യ നൽകുന്ന 25 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. ഇതിനു പുറമെ 100 അംഗങ്ങളുള്ള വാട്സാപ് ഗ്രൂപ്പുമുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവരുടെ കരുത്ത്. 17 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രസി‍‍ഡന്റ് വിൻസെന്റ് മാത്യുവും സെക്രട്ടറി ജിതേഷ് പുളിക്കലുമാണ്. മറ്റു ഭാരവാഹികൾ: സി.എം.വർഗീസ് (വൈസ് പ്രസിഡന്റ്), ബി.അജയകുമാർ (ജോയിന്റ് സെക്രട്ടറി), കെ.കെ.സുധീഷ് (ട്രഷർ).

അഭിമാനമായി വിശപ്പുരഹിത ഗ്രാമം

തങ്ങളുടെ ഗ്രാമത്തിലെത്തുന്ന ആരുംതന്നെ ഉച്ചഭക്ഷണം ലഭിക്കാതെ വിശന്നിരിക്കരുത് എന്ന വിശാല കാഴ്ചപ്പാടിലാണ് ഇവർ 6 മാസം മുൻപ് വിശപ്പുരഹിത ഗ്രാമം എന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. നർക്കിലക്കാട്, ഭീമനടി, വരക്കാട് എന്നീ ടൗണുകൾക്കു പുറമേ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം പരിസരത്തും ഇവർ പാവപ്പെട്ടവർക്കായി ഉച്ചഭക്ഷണത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. 

ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർക്ക് ഇവിടുത്തെ ഹോട്ടലുകളിൽനിന്നു കൂപ്പൺ ഉപയോഗിച്ചു ഉച്ചഭക്ഷണം സൗജന്യമായി കഴിക്കാം. ഈ പദ്ധതി മറ്റു ടൗണുകളിലേയ്ക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com