ജീവനില്ലെങ്കിലും വിട്ടു നൽകില്ല; വാഹനമിടിച്ചു ചത്തുവീണ കുട്ടിക്കുരങ്ങനു കാവലിരുന്ന് തള്ളക്കുരങ്ങും അച്ഛൻ കുരങ്ങും

1. ഇടയിലക്കാട് കാവിനു സമീപം വാഹനമിടിച്ചു ചത്തു വീണ കുട്ടിക്കുരങ്ങനു കാവലിരിക്കുന്ന തള്ളക്കുരങ്ങും അച്ഛൻ കുരങ്ങും. 2. ആദ്യം അച്ഛൻ കുരങ്ങും പിന്നീട് തള്ളക്കുരങ്ങും ശരീരത്തിൽ മണത്തു പരിശോധിക്കുന്നു. 3. തള്ളക്കുരങ്ങ് ശരീരം മറിച്ചിട്ടു പരിശോധിക്കുന്നു. 4. തള്ളക്കുരങ്ങ് എങ്ങോട്ടും നീങ്ങാതെ ശരീരത്തിനു സമീപം ഒരേ ഇരിപ്പ് തുടർന്നപ്പോൾ. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ മൊബൈലിൽ പകർത്തിയത്.
1. ഇടയിലക്കാട് കാവിനു സമീപം വാഹനമിടിച്ചു ചത്തു വീണ കുട്ടിക്കുരങ്ങനു കാവലിരിക്കുന്ന തള്ളക്കുരങ്ങും അച്ഛൻ കുരങ്ങും. 2. ആദ്യം അച്ഛൻ കുരങ്ങും പിന്നീട് തള്ളക്കുരങ്ങും ശരീരത്തിൽ മണത്തു പരിശോധിക്കുന്നു. 3. തള്ളക്കുരങ്ങ് ശരീരം മറിച്ചിട്ടു പരിശോധിക്കുന്നു. 4. തള്ളക്കുരങ്ങ് എങ്ങോട്ടും നീങ്ങാതെ ശരീരത്തിനു സമീപം ഒരേ ഇരിപ്പ് തുടർന്നപ്പോൾ. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ മൊബൈലിൽ പകർത്തിയത്.
SHARE

തൃക്കരിപ്പൂർ ∙ വാഹനമിടിച്ചു ചത്തുവീണ കുട്ടിക്കുരങ്ങനു കാവലിരിക്കുന്ന തള്ളക്കുരങ്ങും അച്ഛൻ കുരങ്ങും. ചൂടകന്ന ശരീരത്തിൽ ജീവനുണ്ടോയെന്ന് ഇടയ്ക്കിടെയുള്ള പരിശോധന. റോഡിൽ നിന്നു നീക്കി കുഴിച്ചിടാനുള്ള നാട്ടുകാരുടെ ശ്രമത്തിനെതിരെ കണ്ണീരൊലിപ്പിച്ച ചെറുത്തുനിൽപ്... കഴിഞ്ഞ ദിവസം ഇടയിലക്കാട് നാഗവനത്തിനു സമീപത്തുണ്ടായ ഈ കാഴ്ച ആരെയും കണ്ണീരണിയിക്കും. ഏതോ വാഹനമിടിച്ചായിരുന്നു കുട്ടിക്കുരങ്ങന്റെ അന്ത്യം. കാവിനു സമീപത്തെ റോഡരികിൽ ചോര വാർന്നു കിടന്ന കുരങ്ങിനു സമീപം കണ്ണിമ തെറ്റാതെ കാവലിരിക്കുന്ന തള്ളക്കുരങ്ങിനെയും അച്ഛൻ കുരങ്ങിനെയും കണ്ടാണു നാട്ടുകാർ ശ്രദ്ധിച്ചത്.

ഇരുപുറങ്ങളിലായി ഇരിപ്പുറപ്പിച്ച വാനരൻമാർ, ചത്തുവീണ കുട്ടിക്കുരങ്ങന്റെ ശരീര ഭാഗങ്ങളിൽ ഇടക്കിടെ ചെവി ചേർത്തു വയ്ക്കുന്നുണ്ട്. ചിലപ്പോഴെല്ലാം ശരീരം തിരിച്ചും മറിച്ചുമിട്ടു പരിശോധനയും തുടരുന്നുണ്ട്. ജീവനുണ്ടോയെന്ന പരിശോധന.അച്ഛൻ കുരങ്ങൻ ഇടയ്ക്കിടെ പരിസരത്തെല്ലാം നടന്നു നോക്കി തിരിച്ചെത്തുമ്പോഴും തള്ളക്കുരങ്ങ് അനങ്ങിയതേയില്ല, ഒരേ ഇരിപ്പ്. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവനും പരിസരവാസികളും ശരീരം മറവു ചെയ്യുന്നതിനു മുന്നോട്ടു നീങ്ങിയപ്പോഴെല്ലാം ആക്രമണ മനോഭാവത്തോടെ ചെറുത്തു. വാനരരുടെ നീക്കങ്ങളെല്ലാം സജീവൻ മൊബൈലിൽ പകർത്തി.

പിന്നീടു വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അടുക്കാൻ വിടാതിരുന്നപ്പോൾ അവരും പിൻവാങ്ങി. വൈകി  നോക്കിയപ്പോൾ ചത്ത കുരങ്ങിന്റെ ശരീരവും വാനരരെയും കണ്ടില്ലെന്ന് സജീവൻ പറഞ്ഞു. കാവിനകത്തേക്കു വലിച്ചിഴച്ചിരിക്കുമെന്നു കരുതുന്നതായും പറഞ്ഞു.  ടൂറിസം കേന്ദ്രമായ വലിയപറമ്പ് ദ്വീപിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടം. മുപ്പതിൽപരം വാനരർ ഇതിനകത്തുണ്ട്. മനുഷ്യരുമായി നല്ല ഇണക്കമുള്ളവരാണിവർ. പ്രദേശവാസികളുടെ സംരക്ഷണം നല്ല തോതിലുണ്ട്. നവോദയ വായനശാല ഗ്രന്ഥാലയം വാനര സംരക്ഷണത്തിന്റെ ഭാഗമായി നടത്തി വരുന്ന ഓണം നാളിലെ വാനരസദ്യ പ്രസിദ്ധമാണ്.

മുൻപും വാഹനമിടിച്ചു കുരങ്ങൻമാർ ചത്തിട്ടുണ്ട്. മിക്കപ്പോഴും തീറ്റ തേടിയും അല്ലാതെയും വാനരർ റോഡിലാണ്. സഞ്ചാരികൾ നൽകുന്ന വിഭവങ്ങൾ തേടിയാണ് ഇവർ കൂട്ടമായും അല്ലാതെയും പുറത്തിറങ്ങുന്നത്. ഇവിടെ വാഹന ഓട്ടം നിയന്ത്രിക്കണമെന്നു നേരത്തെ തന്നെ ആവശ്യമുണ്ട്. നിയന്ത്രിക്കുന്നതിനു സംവിധാനം ഒരുക്കുമെന്നും പരിസ്ഥിതി സംരക്ഷകരായ വാനരക്കൂട്ടത്തിന്റെ ജീവൻ സംരക്ഷിക്കുന്നതിനു മുന്തിയ പരിഗണന നൽകുമെന്നും സജീവൻ പറഞ്ഞു. സജീവൻ സമൂഹമാധ്യമത്തിൽ കുറിച്ച വാനരക്കൂട്ടത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA