ADVERTISEMENT

ചെറുവത്തൂർ ∙ നാരായണി ടീച്ചറുടെ അക്ഷര സപര്യയ്ക്ക് പ്രവാസി മലയാളിയുടെ സ്നേഹാദരം. നഗ്നപാദയായി നടന്ന് നാട്ടിലെ കുരുന്നുകൾക്ക് അക്ഷര മധുരം പകരുന്ന ടീച്ചർക്ക് താമസിക്കാൻ സ്വന്തം ചെലവിൽ വാടക വീട് ഒരുക്കിയിരിക്കുകയാണ് ബാലാജി ശ്രീനിവാസൻ എന്ന പ്രവാസി. ഇതിനു പുറമേ, ടീച്ചറുടെ ചെലവിനായി മാസാമാസം ഒരു തുകയും നൽകും. കൊടക്കാട് ബാങ്കിന് സമീപം കണ്ണാടിപ്പാറയിലാണ് വീട്. ഇവിടെ കഴിഞ്ഞ ദിവസം നാരായണി ടീച്ചറും ഭർത്താവ് ദാമോദരനും താമസം തുടങ്ങി. മസ്കത്തിലെ ടവൽ എൻജിനീയറിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ബാലാജി ശ്രീനിവാസൻ.

ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഒറ്റമുറിയിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ടീച്ചറും ഭർത്താവും 10 വർഷം മുൻപാണ് ചെറുവത്തൂരിൽ എത്തിയത്. എന്നാൽ കയ്യിൽ ഒരു കുടയും തോളിലൊരു ബാഗുമായി ചെരുപ്പ് ധരിക്കാതെ നാരായണി ടീച്ചർ നടത്തം തുടങ്ങിയിട്ട് 50 വർഷമായി. വീടുകളിൽ നിന്ന് വീടുകളിലേക്ക്. കുട്ടികൾക്ക് അക്ഷര മധുരം പകരാൻ.

പുലർച്ചെ വീട്ടിൽ നിന്ന് പുറപ്പെട്ട് ദേശീയപാത വഴി മാണിയാട്ട് എത്തുന്ന ടീച്ചർ അവിടെ 3 വീടുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കും. തിരിച്ച് വരുമ്പോൾ വഴിയിൽ വച്ച് ഹോട്ടലിൽ നിന്ന് തനിക്കും രോഗിയായ ഭർത്താവിനും കൂടി ഭക്ഷണം പാഴ്സൽ വാങ്ങി ഉച്ചയോടെ വീട്ടിലെത്തും. പിന്നീട് 3നു വീട്ടിൽ നിന്ന് കൊവ്വൽ ഭാഗത്തേക്ക് പോയാൽ രാത്രി 8 വരെ കുട്ടികളെ വീട്ടിൽ ചെന്ന് പഠിപ്പിക്കൽ. ഇങ്ങനെ ദിവസവും 25 കിലോമീറ്റർ നടക്കുന്നതിൽ 65 വയസ്സ് പിന്നിട്ട ടീച്ചർക്ക് ഒരു പ്രശ്നമല്ല. 15ാം വയസ്സിൽ ട്യൂഷൻ എടുക്കാൻ ആരംഭിച്ചതാണ് നാരായണി. 

1971ൽ നീലേശ്വരക്കാരിയായ കെ.വി.നാരായണി രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി ജയിച്ചുവെങ്കിലും അസുഖം കാരണം പഠനം തുടരാൻ കഴിഞ്ഞില്ല. വീട്ടിലെ അന്നത്തെ സാഹചര്യമാണ് നാരായണിയെ ടീച്ചറാക്കിയത്. നാലു വിഷയങ്ങളിൽ പ്രാവീണ്യമുള്ള ടീച്ചർക്ക് സിനിമാനടി കാവ്യാ മാധവൻ ഉൾപ്പെടെ അനേകം ശിഷ്യ സമ്പത്തുണ്ട്. ഇനി മുതൽ വീട്ടു വാടകയും ജീവിതച്ചെലവും ആവശ്യമില്ലെങ്കിലും നാരായണി ടീച്ചറുടെ നടന്നുള്ള ട്യൂഷൻ ഇന്നലെയും സാധാരണപോലെ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com