ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജനനി കലാ വേദി എന്ന പേരിൽ തുടങ്ങി ‘കാഞ്ഞങ്ങാട് ജനനി’ എന്ന പേരിൽ എത്തി നിൽക്കുന്ന നാടകക്കൂട്ടായ്മ നാടിന്റെ മുഖമുദ്ര കൂടിയാണ്. കോവിഡിനെ തുടർന്നു നിലച്ച അരങ്ങിലേക്ക് വീണ്ടും പുതിയ നാടകവുമായി എത്തുകയാണ് ജനനി. പുരാണ കഥയെ ആസ്പദമാക്കി ‘രാജ ഹരിശ്ചന്ദ്ര’ എന്ന നാടകമാണ് അരങ്ങിൽ എത്തുന്നത്. സത്യത്തിന് മൂല്യച്യുതി ഉണ്ടാകുന്ന പുതിയകാലത്ത് ഹരിശ്ചന്ദ്രന്റെ ജീവിത കഥയ്ക്ക് ഏറെ മൂല്യമുണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. റിഹേഴ്സൽ പൂർത്തിയായ നാടകം 27ന് അരങ്ങിലെത്തും.

കലാകായികസമിതി തുടക്കം

1997ൽ കോട്ടപ്പാറ കേന്ദ്രീകരിച്ചാണ് ജനനി കലാവേദി രൂപീകരിച്ചത്. ബാബു അഞ്ചാംവയൽ, നാടക പ്രവർത്തകനായ ഈശ്വരൻ വാഴക്കോട്, മുരളി കൊടവലം തുടങ്ങിയവരായിരുന്നു കലാവേദിയുടെ അന്നത്തെ നേതൃത്വം. ശ്രുതിലയം, കർമകാണ്ഡം, സരസ്വതിയാമം, ആഗ്നേയാസ്ത്രം, പാഞ്ചജന്യം തുടങ്ങിയ നാടകങ്ങൾ സമിതിയുടേതായി അന്ന് വേദികളിലെത്തി. കോഴിക്കോട് വരെ അക്കാലത്ത് നാടകം അവതരിപ്പിച്ചിരുന്നു. നാടകങ്ങൾ ഏറെയും വലിയ ശ്രദ്ധയും പിടിച്ചു പറ്റി. പിന്നീട് കുറേക്കാലം നാടകരംഗത്ത് നിന്നു കൂട്ടായ്മ വിട്ടു നിന്നു.

വിപുലീകരിച്ച കൂട്ടായ്മ

2018ൽ ആണ് കാഞ്ഞങ്ങാട് ജനനി എന്ന പേരിൽ കൂട്ടായ്മ വീണ്ടും വിപുലീകരിക്കുന്നത്. മോഹനൻ കക്കാണൻ, ജയൻ തട്ടുമ്മൽ, പവിത്രൻ പുല്ലൂർ എന്നിവരായിരുന്ന ആദ്യ ഭാരവാഹികൾ. പൊട്ടൻ തെയ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയ അദ്വൈതം ആയിരുന്ന വിപുലീകരിച്ച സംഘത്തിന്റെ ആദ്യനാടകം. അതേ വർഷം നാടകവും നൃത്തവും സമന്വയിപ്പിച്ച ‘സമന്വയ’വും അരങ്ങിലെത്തി. പുരാണ കഥകളിലെ മനോഹരമായ രംഗങ്ങൾ കോർത്തിണക്കിയതാണ് സമന്വയം.

ഏറെ പ്രശംസ പിടിച്ചുപറ്റി വേദികളിൽ നിന്നു വേദികളിലേക്കുള്ള യാത്രയ്ക്കിടെ ആണ് കോവിഡ് വന്നത്. പിന്നീട് കോവിഡിന്റെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ നാടകവുമായി ജനനി വീണ്ടും അരങ്ങിലേക്ക് വരുന്നത്.

മുഴുവൻ ചെലവും കലാകാരന്മാർ

നാടക നിർമാണത്തിനായി വേണ്ടി വരുന്ന മുഴുവൻ തുകയും കണ്ടെത്തുന്നത് കലാകാരന്മാർ തന്നെയാണ്. ഓരോരുത്തരും തുല്യമായ രീതിയിൽ പണം ചെവഴിച്ചാണ് നാടകത്തിനുള്ള തുക സ്വരൂപിക്കുന്നത്. പുതിയ നാടകമായ രാജ ഹരിശ്ചന്ദ്രയ്ക്ക് 3.5 ലക്ഷം രൂപയാണ് ചെലവ്. ഇതും കലാകാരന്മാർ തന്നെ സ്വരൂപിക്കുകയായിരുന്നു. നാടിന്റെ പലഭാഗത്ത് ആയിട്ടാണ് റിഹേഴ്സൽ ക്യാംപ് ഒരുക്കുന്നത്.

പുതിയ നാടകം ഇന്ന് അരങ്ങിൽ

ജനനിയുടെ പുതിയ നാടകമായ രാജ ഹരിശ്ചന്ദ്ര ഇന്ന് കൊടവലം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് അരങ്ങിലെത്തും. രമേശ് മഡിയൻ ആണ് നാടകത്തിന്റെ സംവിധാനം. ചന്ദ്രൻ കക്കട്ടിൽ ആണ് നാടകത്തിന്റെ രചന. ഗിരീഷ് പുല്ലൂർ, ബാബു അഞ്ചാംവയൽ, സി.കെ.കൊടവലം, വനജ ചെറുവത്തൂർ, ഓമന പനയാൽ എന്നിവരാണ് നാടകത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നത്. ഗിരീഷ് പുല്ലൂർ, സുനിൽ മുല്ലച്ചേരി, പവിത്രൻ പുല്ലൂർ എന്നിവരാണ് ഇപ്പോൾ ജനനിയുടെ അമരക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com