ADVERTISEMENT

ബേഡഡുക്ക ∙ മലയോര ഗ്രാമത്തിൽ രാവും പകലും പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ രാത്രി ഡോക്ടർമാരും മറ്റ് അനുബന്ധ ജീവനക്കാരും  ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു.നിത്യേന മുന്നൂറിലധികം പേർ ആശ്രയിക്കുന്ന ബേഡഡുക്ക താലൂക്ക് ആശുപത്രിക്കാണ് ഈ ദുർഗതി.

കഴിഞ്ഞ 4 ദിവസത്തിലേറെയായി രാത്രി കാലങ്ങളിൽ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ല.ആവശ്യമായതിന്റെ പകുതി പോലും ഡോക്ടർമാരില്ല.ചുരുങ്ങിയത് 10 ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രം കാര്യക്ഷമമായി പ്രവർത്തിക്കാൻ പറ്റുന്ന ഈ താലൂക്ക് ആശുപത്രിയിൽ നിലവിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 6 ഡോക്ടർമാർ മാത്രമാണ് ഉള്ളത്.

അതിനിടെ മെഡിക്കൽ ഓഫിസർ സ്ഥലം മാറി പോയതിനാൽ നിലവിലെ ഡോക്ടരിലൊരാൾ മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്നു.പ്രതിരോധ കുത്തിവയ്‌പുകൾ നടക്കുന്ന ദിവസങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വീണ്ടും കുറയും. ഡോക്ടർമാരുടെ മാത്രമല്ല മറ്റു ജീവനക്കാരുടെയും സ്ഥിതി ഇതു തന്നെ. ഫലത്തിൽ ചികിത്സ ആവശ്യമുള്ളവർ കാസർകോട്ടും കാഞ്ഞങ്ങാടും ജനറൽ, ജില്ലാ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കണം.

സ്റ്റാഫ് പാറ്റേൺ പ്രകാരം  താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനു നടപടികളില്ല.പകുതി പോലും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴും.ആശുപത്രികളിൽ തസ്തിക മാത്രം ഉണ്ട്. അതിൽ സ്ഥിരം ഡോക്ടർമാരില്ല. ബേഡകത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും അത്യാവശ്യ ചികിത്സയ്ക്ക് ഇപ്പോഴും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥ തുടരുന്നുണ്ട്.

ഇത് മലയോര മേഖലയിലെ  പട്ടിക വർഗ  കുടുംബങ്ങളെ ഉൾപ്പെടെ സാരമായി ബാധിക്കുന്നു. സന്ധ്യ  കഴിഞ്ഞും രാത്രിയിലും ഒട്ടേറെ ആളുകളാണ്  ആശുപത്രിയിൽ ചികിത്സ തേടി കിലോമീറ്ററുകൾ താണ്ടി എത്തുന്നത്. കുറ്റിക്കോൽ, ബേഡഡുക്ക, ദേലംപാടി, കോടോം ബേളൂർ, കള്ളാർ, പനത്തടി, പള്ളിക്കര പഞ്ചായത്തിലുള്ളവരാണ്  കൂടുതലും ബേഡഡുക്ക താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ

1)മെച്ചപ്പെട്ട ചികിത്സ സൗകര്യം രോഗികളിൽ എത്തുന്നതിനു ആവശ്യമായ ഡോക്ടർമാരും മറ്റു അനുബന്ധ ജീവനക്കാരെയും  ഒരുക്കുക.

2)രാത്രി കാലങ്ങളിൽ 2 ഡോക്ടർമാരുടെ  സേവനം നിർബന്ധമായും  ഏർപ്പെടുത്തുക

 

 

മലയോര മേഖലയുടെ ഏക ആശ്രയമായ  ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണമെന്നു ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക്‌ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫിസർക്കു നിവേദനം നൽകിയിട്ടുണ്ട്. ഉടൻ പരിഹാരം കാണുമെന്നു ഉറപ്പ് നൽകിയിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com