ADVERTISEMENT

ബദിയടുക്ക ∙ ഒരേ വർഷം തറക്കല്ലിട്ട 2 ഗവ.മെഡിക്കൽ കോളജുകളുണ്ട് സംസ്ഥാനത്ത്. കാസർകോടും ഇടുക്കിയും. ഇടുക്കി മെഡിക്കൽ കോളജ് പണി പൂർത്തിയായി ചികിത്സയും എംബിബിഎസ് കോഴ്സും തുടങ്ങി. കാസർകോട് ഉക്കിനടുക്കയിൽ ഇപ്പോഴുമുള്ളത് മെഡിക്കൽ കോളജിന്റെ അസ്ഥികൂടം മാത്രം. 2013 മേയ് 24നാണ് ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ കോളജിനു ശിലയിട്ടത്. അതേ വർഷം നവംബർ 30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉക്കിനടുക്കയിലെ 63 ഏക്കർ സ്ഥലത്ത് കാസർകോട് മെഡിക്കൽ കോളജിനും ശിലയിട്ടു.

 നിർമാണം പൂർത്തിയാക്കി ചികിത്സ ആരംഭിച്ച ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ആശുപത്രി കെട്ടിടം
നിർമാണം പൂർത്തിയാക്കി ചികിത്സ ആരംഭിച്ച ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ആശുപത്രി കെട്ടിടം

ഇടുക്കിയിൽ പണി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയപ്പോൾ, പണി നിലച്ച് ആശുപത്രി കെട്ടിടം, പണി പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്ക്, പണി നടന്നുകൊണ്ടിരിക്കുന്ന ഹോസ്റ്റൽ, ക്വാട്ടേഴ്സ് കെട്ടിടം ഇത്രയുമായാൽ കാസർകോട് മെഡിക്കൽ കോളജിന്റെ അസ്ഥികൂടമായി. ഭേദപ്പെട്ട ചികിത്സാ സൗകര്യമെന്ന കാത്തിരിപ്പിന്റെ പത്താം വർഷത്തിലേക്കു കടക്കുകയാണ് ജില്ല.

  കാസർകോട് ഗവ. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക്.
കാസർകോട് ഗവ. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക്.

ഇതു മെഡിക്കൽ കോളജല്ല,വെറും പിഎച്ച്സി!

കാസർകോട് ഗവ.മെഡിക്കൽ കോളജിൽ ഇപ്പോഴും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യം മാത്രമാണുള്ളത്. പൂർത്തിയായത് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മാത്രം. ഏതാനും സ്പെഷലൈസ്ഡ് ഒപി ഇവിടെ പ്രവർത്തിക്കുന്നതു മാത്രമാണ് ആശുപത്രി എന്ന പേരിന് ഈ കെട്ടിടങ്ങളെ അർഹരാക്കുന്നത്. അതും ഏതാനും ദിവസം ഉച്ച വരെ മാത്രം.

കാസർകോട് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ നിർമാണം നടക്കുന്ന അധ്യാപക ക്വാർട്ടേഴ്സും പെൺകുട്ടികളുടെ ഹോസ്റ്റലും. 					ചിത്രം: മനോരമ
കാസർകോട് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ നിർമാണം നടക്കുന്ന അധ്യാപക ക്വാർട്ടേഴ്സും പെൺകുട്ടികളുടെ ഹോസ്റ്റലും. ചിത്രം: മനോരമ

ആശുപത്രി കെട്ടിടം, ലാബ് ഫാർമസി തുടങ്ങിയവയുടെ നിർമാണവും ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ വിഭാഗങ്ങളിൽ അത്യാവശ്യം ജീവനക്കാരെ നിയമിക്കുന്നതുമടക്കമുള്ള നടപടികളെല്ലാം ഇഴഞ്ഞു നീങ്ങുന്നു. 2 വർഷമെങ്കിലും കിടത്തി ചികിത്സ നടത്തിയാലേ എംബിബിഎസ് കോഴ്സ് തുടങ്ങാനാവൂ എന്നാണ് ദേശീയ മെ‍ഡിക്കൽ കൗൺസിൽ തീരുമാനം. ഇതുപ്രകാരം കാസർകോട് മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സ് ഉടനെയൊന്നും ആരംഭിക്കാനിടയില്ല.

  കാസർകോട്  ഗവ. മെഡിക്കൽ കോളജിലെ  ഒ പി വിഭാഗം
കാസർകോട് ഗവ. മെഡിക്കൽ കോളജിലെ ഒ പി വിഭാഗം

പണി നിലച്ച ആശുപത്രി കെട്ടിടം

സർക്കാർ പണം നൽകാതിരുന്നതോടെയാണ് ആശുപത്രി കെട്ടിടത്തിന്റെ പണി നിർത്തി കരാറുകാരൻ പോയത്. 48 കോടിയുടെ പണി ഇവിടെ പൂർത്തിയാക്കി കഴിഞ്ഞു. 11 കോടി ഇനി കിട്ടാനുള്ളത് സർക്കാർ നൽകാതിരുന്നതോടെയാണു കരാറുകാരൻ പണി നിർത്തി കോടതിയെ സമീപിച്ചത്. ഇതിൽ 3 കോടി മാത്രം ഇപ്പോൾ അനുവദിച്ചെങ്കിലും ആ തുക കൊണ്ടു പണി പുനരാരംഭിക്കാൻ സാധിക്കില്ലെന്നാണു കരാറുകാരൻ അറിയിച്ചത്.

കൃത്യസമയത്ത് പണി നടത്താതിരുന്നതോടെ നബാർഡ് വിഹിതവും നഷ്ടമായി. കിഫ്ബിയിൽ നിന്നുള്ള 160 കോടിയിലെ 30 കോടി ഉപയോഗിച്ചാണ് ഇലക്ട്രിക്കൽ പണികൾ നടക്കുന്നത്. ഇതിലെ ബാക്കി തുകയടക്കം പ്രഖ്യാപിച്ച പണമെല്ലാം എത്രയും വേഗം ലഭ്യമാക്കി പണി പൂർത്തിയാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പക്ഷേ അതിനുള്ള നടപടികളൊന്നും സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ല.

ചികിത്സയ്ക്കായി ജില്ലയുടെ നെട്ടോട്ടം

സൂപ്പർ സ്പെഷൽറ്റി ചികിത്സാ സൗകര്യങ്ങളൊന്നും ‌തന്നെ ജില്ലയിലില്ല. നാ‍‍‍ഡീ ഞരമ്പ് രോഗങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയായിട്ടും ഒട്ടേറെ സമരങ്ങൾക്കൊടുവിലാണ് ഏതാനും മാസം മുൻപ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്. പക്ഷേ ഇവിടെ ലഭ്യമാകുന്നത് ഒപി ചികിത്സ മാത്രമാണ്. സ്കാനിങ് സൗകര്യങ്ങളോ സാങ്കേതിക വിദഗ്ധരോ ഇല്ല. എൻഡോസൾഫാൻ ഇരകളടക്കം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്കും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കും നെട്ടോട്ടമോടുന്നു. സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ റേഡിയേഷൻ തെറപ്പി ഇല്ലാത്ത ഏക ജില്ലയാണ് കാസർകോട്. മെഡിക്കൽ ഓങ്കോളജിസ്റ്റും ഇല്ല.

സ്റ്റാൻഡേഡ് അളവനുസരിച്ച് ആശുപത്രി വാർഡുകളിലെ കിടക്കകൾക്കിടയിൽ 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ അകലം ഉണ്ടായിരിക്കണം. എന്നാൽ കാസർകോട് ജനറൽ ആശുപത്രിയിൽ 2 കിടക്കകൾക്കിടയിൽ 50 സെന്റീമീറ്റർ മാത്രം വിടവുള്ളതിനാൽ കിടപ്പുരോഗികൾ ഏറെ ബുദ്ധിമുട്ടുന്നു. ജില്ലാ ആശുപത്രിയിൽ യൂറോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, കാർഡിയോതൊറാസിക് സർജൻ, പീഡിയാട്രിക് സർജൻ, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് എന്നിവരൊന്നും ഇല്ല.

മെഡിക്കൽ കോളജ് :വാഗ്ദാനവുംനടപടികളും

∙2012 മാർച്ച് 24– കാസർകോട് മെഡിക്കൽ കോളജ് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി
∙2013 നവംബർ 30 – അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു
∙2015 നവംബർ– തറക്കല്ലിട്ട് 2 വർഷം കഴിഞ്ഞിട്ടും പണി നടക്കാത്തതിനെതിരെ ജില്ല സമരം തുടങ്ങി.
∙2016 ജനുവരി–നിർമാണ ഫണ്ട് കിറ്റ്കോ ഏജൻസിക്കു കൈമാറി.
∙2018 നവംബർ 25–ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
∙2020 ഏപ്രിൽ 4–അക്കാദമിക് കെട്ടിടത്തിൽ കോവിഡ് ആശുപത്രി തുടങ്ങി
∙2020 ഏപ്രിൽ 8 –മെഡിക്കൽ കോളജിൽ ഡോക്ടർമാരടക്കം 272 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
∙2020 സെപ്റ്റംബർ–മെഡിക്കൽ കോളജിലേക്ക് താൽക്കാലികമായി നിയമിച്ച ഡോക്ടർമാരിൽ 22 പേരെ സ്ഥലം മാറ്റി.
∙2020 ഡിസംബർ 30– മെഡിക്കൽ കോളജിൽ 2 ഡോക്ടറും 4 നഴ്സുമാരും മാത്രം ബാക്കി. എല്ലാവരെയും മറ്റു മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി.
∙2022 ജനുവരി 3– മെഡിക്കൽ കോജജിൽ ഒപി ചികിത്സ തുടങ്ങി. ജനറൽ മെഡിസിൻ, പിഡിയാട്രിക്, ന്യൂറോളജി, നെഫ്രോളജി, റൂമറ്റോളജി, ഡെർമറ്റോളജി, പൾമനോളജി, സൈക്യാട്രി, ഡെന്റൽ, ഇഎൻടി എന്നീ വിഭാഗങ്ങളാണ് ഇവിടെയുള്ളത്.
∙2022 മാർച്ച്: മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി കരാർ കമ്പനിക്ക് പണം നൽകാത്തതിനാൽ നിർത്തി.
∙2022 ഓഗസ്റ്റ് 12 ഹോസ്റ്റൽ, ക്വാട്ടേഴ്സ് എന്നിവയ്ക്ക് മന്ത്രി വീണാ ജോർജ് ശിലയിട്ടു.ദന്ത ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com