ADVERTISEMENT

പെരിയ ∙ ദേശാധിപനായ മണിയന്തട്ട ദേവന്റെ അമരഭൂമിയിലുള്ള വില്ലാരംപതി ദേവസ്ഥാനത്ത് 4 വർഷത്തിനു ശേഷം വീണ്ടും കളിയാട്ടത്തിനു കേളികൊട്ടുയർന്നു. കളിയാട്ടത്തിന്റെ പ്രധാനദിനങ്ങളായ ഇന്നും നാളെയുമായി ഇഷ്ടദൈവങ്ങൾ കോലരൂപത്തിലെത്തി ഭക്തർക്കു ദർശനം നൽകും.

 1.പെരിയ വില്ലാരംപതി ദേവസ്ഥാനത്തു നാളെ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം(ഫയൽ ചിത്രം), 2.പെരിയ വില്ലാരംപതി ദേവസ്ഥാനത്തു നാളെ അരങ്ങിലെത്തുന്ന വില്ലാരൻ തെയ്യം(ഫയൽചിത്രം)
1.പെരിയ വില്ലാരംപതി ദേവസ്ഥാനത്തു നാളെ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം(ഫയൽ ചിത്രം), 2.പെരിയ വില്ലാരംപതി ദേവസ്ഥാനത്തു നാളെ അരങ്ങിലെത്തുന്ന വില്ലാരൻ തെയ്യം(ഫയൽചിത്രം)

നൂറ്റാണ്ടുകളുടെ ചരിത്രപ്പെരുമ

2000 വർഷം പഴക്കമുള്ള വില്ലാരംപതി ദേവസ്ഥാനം 400 വർഷക്കാലം പെരിയ തറവാടിന്റെ അധീനതയിലായിരുന്നു. വയനാട് പെരിയ കോട്ടയിൽ നിന്ന് പെരിയ തറവാട് കാരണവരും പരിവാരങ്ങളും മക്കാക്കോടൻ മണിയാണി, ചാണവളപ്പ് തീയൻ, കാവുതീയ കുടുംബം, മലയകുടുംബം, വണ്ണാത്തൻ, മണ്ണാൻ, മഠത്തിൽ മാവില കുടുംബം എന്നിവർക്കൊപ്പം മണിയന്തട്ട ദേവന്റെ ഹിതപ്രകാരം പെരിയ തറവാട് സ്ഥാപിച്ച് ആരാധന ചെയ്തു വന്നതായാണു ചരിത്രം.

സഹായികളായി വന്ന മാവിലൻ കുടുംബക്കാരുടെ ഉപാസനാ ശക്തികളായ വില്ലാരൻ, വില്ലാളി, ഗുളികൻ എന്നീ സാന്നിധ്യ ശക്തികളെയും ആരാധിച്ചു വന്നു. കാലപ്പഴക്കത്താൽ ദേവസ്ഥാനം ജീർണിച്ചു. ദേവസ്ഥാനത്തിന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന മാളിക്കൽ രാമൻ എന്ന ഭക്തൻ കർമിയായ എച്ച്.കൊട്ടൻ എന്നയാളെക്കൊണ്ട് സംക്രമദിനങ്ങളിൽ ഇവിടെ കലശ സമർപ്പണം നടത്തിയിരുന്നു. 1991ൽ ദേവസ്ഥാനം നവീകരിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയുണ്ടാക്കി. പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിൽ ജീർണോദ്ധാരണം നടത്തി 2014ലാണ് പുനഃപ്രതിഷ്ഠ നടത്തിയത്. 

കളിയാട്ട ഉത്സവം

260 വർഷങ്ങൾക്കു ശേഷം 2018ലാണ് ദേവസ്ഥാനത്ത് പെരുങ്കളിയാട്ടത്തിന്റെ പ്രതീതിയിൽ കളിയാട്ട ഉത്സവം നടന്നത്. 4 വർഷത്തിനു ശേഷം വീണ്ടും നടക്കുന്ന കളിയാട്ടത്തിനു തുടക്കം കുറിച്ച് മാവിലൻ സമുദായക്കാരുടെ തറവാടായ മഠത്തിൽ തറവാട്ടിൽ നിന്നു ദീപവും തിരിയും കൊണ്ടുവന്നു. പ്രധാന ദേവനായ വില്ലാരൻ തെയ്യത്തോടൊപ്പം വിഷ്ണുമൂർത്തി, വില്ലാളി, ഗുളികൻ തെയ്യങ്ങളും കളിയാട്ടത്തിൽ കെട്ടിയാടും. കളിയാട്ട ദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം അന്നദാനവുമുണ്ട്.

ആഘോഷ കമ്മിറ്റി

പി.ബാലകൃഷ്ണൻ നായർ മാരാങ്കാവ് (ചെയർമാൻ), എം.അംബുജാക്ഷൻ നമ്പ്യാർ മാരാങ്കാവ് (വർക്കിങ് ചെയർമാൻ), ടി.സി.ബാലകൃഷ്ണൻ (ജനറൽ കൺവീനർ), വി.രാമചന്ദ്രൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റിയാണു കളിയാട്ട ഉത്സവത്തിനു നേതൃത്വം നൽകുന്നത്. ടി.സി.ബാലകൃഷ്ണൻ (പ്രസി), എ.ഗോപിനാഥൻ നായർ (വൈസ് പ്രസി), കെ.കെ.സന്തോഷ്കുമാർ (സെക്ര), എൻ.വി.സുനിൽകുമാർ (ജോ. സെക്ര), വി.രാമചന്ദ്രൻ(ട്രഷ) എന്നിവർ ഭാരവാഹികളായുളള ദേവസ്ഥാന സംരക്ഷണ സമിതി ദേവസ്ഥാനത്തെ ദൈനംദിന കാര്യങ്ങൾക്കും നേതൃത്വം നൽകുന്നു. യുഎഇയിലുള്ള പ്രദേശവാസികളുടെ കൂട്ടായ്മയും കളിയാട്ട നടത്തിപ്പിനു പൂർണ സഹകരണം നൽകുന്നു. 

കളിയാട്ട ദിന പരിപാടികൾ

കളിയാട്ടത്തിനു തുടക്കം കുറിച്ച് ഇന്നലെ ദീപവും തിരിയും എഴുന്നള്ളത്തും കലവറ നിറയ്ക്കൽ ഘോഷയാത്രയുമുണ്ടായി. തുടർന്ന് ബാലകൃഷ്ണൻ നായർ മാരാങ്കാവ് ദേവസ്ഥാനത്തിനു മുൻപിൽ പണി കഴിപ്പിച്ച കമാനത്തിന്റെയും വില്ലാരംപതി ജംക്‌ഷനിൽ ടി.ചോയ്യമ്പുവിന്റെ സ്മരണയ്ക്കായി സി.നാരായണൻ വില്ലാരംപതി പണി കഴിപ്പിച്ച കമാനത്തിന്റെയും സമർപ്പണം നടന്നു. രാത്രി കേളികൊട്ടും തോറ്റവും കലാപരിപാടികളുമുണ്ടായി.ഇന്ന് 11ന് വില്ലാളി തെയ്യം അരങ്ങിലെത്തും.

12 മുതൽ അന്നദാനം, രാത്രി 7ന് വിഷ്ണുമൂർത്തിയുടെ തുടങ്ങൽ, അന്നദാനം, 8ന് വില്ലാരൻ വെള്ളാട്ടം, തുടർന്ന് വില്ലാരന്റെ വില്ലുചാരിയ സ്ഥലത്തേക്കു വില്ലാരൻ വെള്ളാട്ടത്തിന്റെ എഴുന്നള്ളത്ത്. കളിയാട്ട സമാപനദിനമായ നാളെ 10ന് വിഷ്ണുമൂർത്തി അരങ്ങിലെത്തും. 11ന് വില്ലാരൻ തെയ്യത്തിന്റെ പുറപ്പാട്. 12ന് അന്നദാനം, 12.30ന് ഗുളികൻ തെയ്യത്തിന്റെ പുറപ്പാട്. സന്ധ്യയ്ക്ക് വിളക്കിലരി ചടങ്ങ് നടക്കും. തുടർന്ന് മഠത്തിൽ തറവാട്ടിലേക്കു ദീപവും തിരിയും തിരിച്ചെഴുന്നള്ളിക്കുന്നതോടെ സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com