ADVERTISEMENT

കാസർകോട്∙ നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകൾ, പടന്ന, പൈവളികെ, മംഗൽപാടി പഞ്ചായത്തുകൾ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പത്ത് പദ്ധതികൾ ഭേദഗതി ചെയ്തു. 53 ലക്ഷം രൂപയാണ് അടങ്കൽ തുക.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 5 പദ്ധതികളാണ് ഭേദഗതി ചെയ്തത്. പട്ടികജാതി യുവജനങ്ങളുടെ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, ഭിന്നശേഷിക്കാർക്ക് കായിക മത്സരം, 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം, ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് (സിഎച്ച്സി ചെറുവത്തൂർ) എന്നീ പദ്ധതികളുടെ ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്. പദ്ധതികളുടെ അടങ്കൽ തുക 12.7 ലക്ഷം രൂപ. 

പടന്ന പഞ്ചായത്ത് 

പടന്ന പഞ്ചായത്ത് 8 പദ്ധതികളാണ് ഭേദഗതി ചെയ്യുന്നത്. ഹരിത കർമ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങൽ, പഞ്ചായത്ത് റോഡുകളിൽ ബോർഡ് സ്ഥാപിക്കൽ പദ്ധതികൾ പുതിയ പദ്ധതികളായി പടന്ന പഞ്ചായത്ത് മുന്നോട്ടുവച്ചു. ആകെ അടങ്കൽ തുക 27.9 ലക്ഷം രൂപ. 

പൈവളികെ പഞ്ചായത്ത്

പൈവളികെ പഞ്ചായത്തിന്റെ 7 പദ്ധതികളുടെ ഭേദഗതികൾക്ക് അംഗീകാരമായി.

മംഗൽപാടി പഞ്ചായത്ത്

മംഗൽപാടി പഞ്ചായത്തിന്റെ 24 പദ്ധതികളുടെ ഭേദഗതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.  പാർപ്പിട സമുച്ചയങ്ങളിലേക്ക്  ബയോബിൻ യൂണിറ്റ്, തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ യൂണിറ്റ്,  മാലിന്യം നീക്കുന്നതിന്  ഹരിത കർമ സേനയ്ക്ക് ഇലക്ട്രിക് വാഹനം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടെ 32 പുതിയ പദ്ധതികളാണ് മംഗൽപാടി പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്.  ജില്ലാ പ്ലാനിങ്  ഓഫിസർ എ.എസ്.മായ, ആസൂത്രണ സമിതി അംഗങ്ങളായ കെ. ശകുന്തള, കെ.പി.വത്സലൻ, വി.വി.രമേശൻ, ഗോൾഡൻ അബ്ദുറഹ്‌മാൻ, ആർ.റീത്ത, സി.ജെ.സജിത്ത്, എസ്.എൻ.സരിത, ജാസ്മിൻ കബീർ, നജ്മ റാഫി എന്നിവർ പ്രസംഗിച്ചു.

മൂളിയാറിൽ താൽക്കാലിക എബിസി കേന്ദ്രം ഉടൻ

തെരുവുനായകളെ വന്ധ്യംകരിക്കാനും തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാനും മൂളിയാറിൽ താൽക്കാലിക എബിസി കേന്ദ്രം തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം   തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ മൂളിയാറിലുള്ള സ്ഥലം ഇതിനായി കണ്ടെത്തി. നായ്ക്കളെ പിടികൂടാനുള്ള  സംഘത്തിന് പരിശീലനം നൽകി. ഇവരെ മൂളിയാറിൽ തുടങ്ങുന്ന എബിസി കേന്ദ്രത്തിൽ വിന്യസിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.ബേബി ബാലകൃഷ്ണൻ പറഞ്ഞു.  പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് കേന്ദ്രം ആരംഭിക്കുക.

മൃഗസംരക്ഷണ ബോർഡിന്റെ നിർദേശ പ്രകാരം കാസർകോട്, തൃക്കരിപ്പൂർ എബിസി കേന്ദ്രങ്ങൾ നവീകരിക്കുകയാണ്. നവീകരണം പൂർത്തിയായ ശേഷം വാക്‌സിനേഷനും വന്ധ്യംകരണവും പുനരാരംഭിക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ മൂളിയാറിനൊപ്പം ഒടയംചാൽ, കുമ്പള എന്നിവിടങ്ങളിലും താൽക്കാലിക എബിസി കേന്ദ്രങ്ങൾ  തുടങ്ങാൻ  നേരത്തെ ആസൂത്രണ സമിതി യോഗം തീരുമാനിച്ചിരുന്നു. തെരുവുനായ്ക്കളുടെ വാക്സിനേഷനായി ജില്ലയിൽ മിഷൻ വാരിയേഴ്സ് എന്ന പേരിൽ പ്രത്യേക വൊളന്റിയർ  സംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com