ചീമേനി∙ തുറന്ന ജയിൽ വളപ്പിൽ പലയിടത്തും കമ്പി വേലികൾ പൊട്ടി കിടക്കുന്നതും സുരക്ഷാ വീഴ്ചക്കു കാരണമാകുന്നുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ട് സ്വദേശത്ത് പോയി ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു. ഇതിൽ അന്വേഷണം തുടരുകയാണ്. ജയിൽ ഡിഐജി ചീമേനിതുറന്ന ജയിലിലെത്തി സഹ തടവുകാരുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴിയെടുത്തു.
തടവുകാരുടെ സുരക്ഷയ്ക്ക് വേണ്ടത്ര ജീവനക്കാരില്ലാത്തതും തടവുകാരന് ഏളുപ്പത്തിൽ പുറത്ത് കടക്കാനും സഹായകമായി എന്നാണ് വിലയിരുത്തൽ. ചീമേനി തുറന്ന ജയിലിലെ തടവുകാരൻ ഓലയമ്പാടി സ്വദേശിയായ പി.ജെ.ജയിംസാണ് ജീവനൊടുക്കിയത്. ജയിലിൽ കർശന സുരക്ഷ ഒരുക്കിയിരിക്കുകയാണിപ്പോൾ.
തടവുകാരൻ രക്ഷപ്പെട്ടത് വൈകിട്ട് 5ന് ശേഷം?
ചീമേനി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് ജീവനൊടുക്കിയ പി.ജെ.ജയിംസ് എന്ന തടവുകാരൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് വൈകിട്ട് 5ന് ശേഷമെന്നാണു നിഗമനം. ജയിൽ വളപ്പിലെ തൊഴിലുകൾ ചെയ്തതിന് ശേഷം തടവുകാരുടെ ആദ്യത്തെ ഏണ്ണം എടുക്കുന്നത് വൈകിട്ട് 5നാണ്. ഈ സമയം ജയിംസ് ജയിലിലുണ്ട് എന്നാണ് വിവരം. രാത്രി 9ന് വീണ്ടും എണ്ണമെടുക്കുമ്പോഴാണ് ജയിംസ് ജയിലിൽ നിന്ന് രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ വളപ്പിന് സമീപത്തുള്ള പോത്താംകണ്ടം, വെളിച്ചാംതോട് എന്നീ ടൗണുകളിലെത്തി അവിടെ നിന്ന് രക്ഷപ്പെട്ടതാകാമെന്നാണ് കരുതുന്നത്.
സുരക്ഷാ ജീവനക്കാർപകുതിക്കു താഴെ
2007ൽ ചീമേനി തുറന്ന ജയിൽ പ്രവർത്തനം തുടങ്ങിയ വേളയിൽ 50 ജീവനക്കാരുടെ തസ്തിക അനുവദിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങി വർഷം 14 കഴിഞ്ഞിട്ടും അനുവദിച്ച തസ്തികയിലെ ജീവനക്കാർ ജയിലിൽ എത്തിയില്ല എന്നതാണ് വസ്തുത. ഇപ്പോൾ 25 അസി.പ്രിസൺ ഓഫിസർമാരാണുള്ളത്. ഇതിൽ 13 പേർ സ്ഥിരം ജീവനക്കാരും 12 പേർ താൽക്കാലിക ജീവനക്കാരുമാണ്. സുരക്ഷയ്ക്ക് പുറമേ ചപ്പാത്തി യൂണിറ്റ്, പെട്രോൾ പമ്പ്, കഫെറ്റീരിയ എന്നിങ്ങനെയുള്ള മേഖലകളിലും ഇവരിൽ പലർക്കും ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്.
ചുറ്റു മതിലില്ല
308 ഏക്കർ വിസ്തൃതിയുള്ള സ്ഥലമാണ് ജയിൽ വകുപ്പിന്റെ കൈവശമുള്ളത്. ഇവിടെ കമ്പി വേലി തീർത്താണ് ജയിലിന് സുരക്ഷ ഒരുക്കിയിരുന്നത്. പലയിടത്തും കമ്പി വേലി നശിച്ചു. ഇതു പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായില്ല. അതുകൊണ്ട് തന്നെ ജയിലിൽ നിന്ന് പുറത്തുകടക്കാനും ജയിൽ വളപ്പിലേക്ക് കയറുവാനും ഏളുപ്പത്തിൽ കഴിയുന്ന അവ്സഥയാണുള്ളത്.
വർഷങ്ങൾക്ക് മുൻപ് ജയിൽ വളപ്പിന് ചുറ്റുമതിൽ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ജയിലിലെ ക്വാറികളിലുള്ള കല്ലുകൾ ഉപയോഗിച്ച് തടവുകരെ കൊണ്ട് മതിൽ നിർമിക്കുനായിരുന്നു തീരുമാനം. എന്നാൽ ഒരു കിലോ മീറ്റർ ദൈർഘ്യത്തിൽ മാത്രമാണ് മതിൽ നിർമിച്ചത്.