തൊഴിലുറപ്പ് പദ്ധതി: നിർമാണ സാമഗ്രികൾ വാങ്ങുന്നതിൽ വ്യാപക തട്ടിപ്പെന്ന് ആരോപണം

SHARE

കാസർകോട് ∙ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ വാങ്ങുന്ന സാമഗ്രികൾക്ക് വിപണി വിലയെക്കാൾ കൂടുതൽ തുക നൽകിയതായി കാണിച്ച്  ലക്ഷങ്ങളുടെ വെട്ടിപ്പ്. ജില്ലയിൽ പല പഞ്ചായത്തുകളിലും ഒരു ചാക്ക് സിമന്റിനു (50 കിഗ്രാം) 512 രൂപ വച്ച് ക്വട്ടേഷൻ അംഗീകരിച്ചു നൽകുന്നു. യഥാർഥ വിപണി വില മാത്രമേ അനുവദിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം ഉണ്ടെങ്കിലും അതൊന്നും പാലിക്കുന്നില്ലെന്നാണ് പരാതി. ഇതു സംബന്ധിച്ചു ഓംബുഡ്സ്മാൻ ഉത്തരവും മറികടന്നാണ് നടപടികൾ. 

ഒരു ചാക്ക് സിമന്റിന് 480 രൂപയാണ് വിപണി വില. എന്നാൽ ഒരു ചാക്കിന് 32 രൂപ അധികം രേഖപ്പെടുത്തി പണം തട്ടുമ്പോൾ വിവിധ പ്രവൃത്തികളിൽ ലക്ഷങ്ങളാണ് സർക്കാരിനു നഷ്ടമാകുന്നത്. ഏറ്റവും കുറഞ്ഞ വിലയുള്ള 360 രൂപയുടെ സിമന്റ് നൽകി 512 രൂപ രേഖപ്പെടുത്തി വാങ്ങുന്ന വിതരണ കരാറുകാരും ഉണ്ട്.

നിർദേശങ്ങൾ പാലിക്കുന്നില്ല

സംസ്ഥാന തല സാങ്കേതിക സമിതിയുടെ പ്രപ്പോസൽ പ്രകാരം കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്ന പിഡബ്ല്യുഡി അംഗീകൃത പ്രാദേശിക വിപണി നിരക്ക് അനുസരിച്ച് സോഫ്റ്റ്‌വെയറിൽ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി നിർവഹണം നടത്തുന്നതിനാണ് സർക്കാർ ഉത്തരവ്. ഈ നിരക്കുകളുടെ അടിസ്ഥാനത്തിൽ മത്സരാധിഷ്ഠിത ടെൻഡർ നടത്തി വിപണി വിലയിൽ സാധന സാമഗ്രികൾ വാങ്ങുന്നതിനാണ് നിർദേശിച്ചിട്ടുള്ളത്.

പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വിലയേക്കാൾ കുടുതൽ നൽകി വാങ്ങാൻ പാടില്ലെന്നാണ് നിയമം. ടെ‍ൻഡർ എടുക്കുന്ന കരാറുകാരൻ സാധനം വിതരണം ചെയ്യുമ്പോൾ നൽകുന്ന ജിഎസ്ടി ബില്ലിൽ നൽകുന്ന ബ്രാൻഡിന്റെ  പേര്, യൂണിറ്റ് നിരക്ക്, പാക്കറ്റുകളുടെ എണ്ണം എന്നിവ ഉണ്ടായിരിക്കണം.

റോഡ് കോൺക്രീറ്റ് പണിയിൽ തിരിമറി

തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് കോൺക്രീറ്റ് പണിയാണ് പ്രധാനമായും നടക്കുന്നത്. ഇതിന് ഗുണഭോക്തൃ സമിതി രൂപീകരിച്ച്  പദ്ധതി നിർവഹണം നടത്തണമെന്നാണ് നിയമമെങ്കിലും റോഡ് കോൺക്രീറ്റ് കരാറുകാരനെ തന്നെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള പണം ഗുണഭോക്താക്കളിൽ നിന്ന് പിരിവെടുത്ത് കരാറുകാരനു നൽകുന്നു. 

തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് തൊഴിലെടുത്തു എന്നതിനു പണം അവരവരുടെ അക്കൗണ്ടിലേക്കു പിന്നീട് എത്തും. ഒരു  പഞ്ചായത്തിൽ തന്നെ ഒന്നിലേറെ പദ്ധതി നിർവഹണം ഉണ്ടെങ്കി‍ൽ ഇതെല്ലാം പരസ്പര ധാരണയിൽ ഒരേ കരാറുകാരൻ തന്നെ വഹിക്കുന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പരമാവധി 5 ലക്ഷം വരെ 

 5 ലക്ഷം രൂപ വരെയുള്ള പദ്ധതി ആണ് തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിക്കുന്നത്. 150 മീറ്റർ വരെ റോഡ് ആണ് പ്രധാനമായും കോൺക്രീറ്റ് ചെയ്യുന്നത്. പദ്ധതി തുകയിൽ 60 ശതമാനവും സാധന സാമഗ്രികൾക്ക്  നൽകാം. സിമന്റ്, മണൽ, ജല്ലി തുടങ്ങിയവയാണ് സാമഗ്രികൾ. വിതരണ കരാറുകാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകാറില്ല. 

5 ലക്ഷം പദ്ധതിക്കു അനുവദിക്കുന്നുണ്ടെങ്കിലും പകുതി പോലും ചെലവിടാതെ തുക ഇവരുടെ കയ്യിലെത്തുന്നു.ഒരു വർഷത്തിൽ തന്നെ ടൺ കണക്കിനു സിമന്റും മണലും ഉൾപ്പെടെ ഇറക്കുമ്പോൾ കാര്യമായ പരിശോധന ഇല്ലാത്തതിനാൽ  ലക്ഷങ്ങളാണ് സർക്കാരിനു നഷ്ടമാകുന്നത്. ഈ പണം ഇടനിലക്കാർക്കും കരാറുകാരനും കിട്ടുന്നു. ആർക്കും ചോദ്യം ചെയ്യാനാകാത്ത നിലയിലാണ് തൊഴിലുറപ്പ് പദ്ധതി നിർവഹണം നടക്കുന്നതെന്നാണ് പരാതി ഉയരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS