മെഡിക്കൽ കോളജ് പണി പൂർത്തിയാക്കാൻ ഇനിയുമെത്ര പേർ മരിച്ചു വീഴണം!

Mail This Article
കാസർകോട് ∙ മെട്രോ റെയിലിനോ ഐടി സിറ്റിക്കോ കളി മൈതാനത്തിനോ ഒന്നും വേണ്ടിയല്ല ഈ ജില്ല ഇപ്പോൾ സർക്കാരിനോട് ദയ കാണിക്കാൻ ആവശ്യപ്പെടുന്നത്. മെച്ചപ്പെട്ട ചികിത്സാ സൗകര്യമെന്ന, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. പക്ഷേ പല വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങൾ നടത്തി സർക്കാരുകൾ ജില്ലയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. 10 വർഷം പണിതിട്ടും പണി തീരാത്ത മെഡിക്കൽ കോളജ് ഇനി എന്നു പൂർത്തിയാവാനാണ്?വിദഗ്ധ ചികിത്സയ്ക്കു വേണ്ടി മംഗളൂരു, കണ്ണൂർ, കോഴിക്കോട്, വെല്ലൂർ, കൊച്ചി ഇങ്ങനെ പല സ്ഥലങ്ങളിലേക്ക് പരക്കം പായുകയാണ് ഈ ജില്ലക്കാർ. ഇനി എത്രപേർ മരിച്ചു വീണിട്ടാണ് സർക്കാർ ഈ മെഡിക്കൽ കോളജിന്റെ പണി പൂർത്തിയാക്കുക?

ആശുപത്രി തേടി വെല്ലൂർ മുതൽ കൊച്ചി വരെ

‘10 വർഷമായി തുടർച്ചയായി സർജറിക്കു വിധേയനായിക്കൊണ്ടിരിക്കുകയാണ് മകൻ ശിവനന്ദ്. വെല്ലൂരിനും മംഗളൂരുവിനുമിടയിൽ അവനുമായി ഞങ്ങൾ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ജനിച്ച് 37–ാം ദിവസം ആശുപത്രി യാത്ര തുടങ്ങിയതാണ്’ ഇരു കാൽമുട്ടുകൾക്കും ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന 10 വയസ്സുകാരൻ ശിവനന്ദിനെ ചൂണ്ടി അച്ഛൻ പുല്ലൂർ മധുരമ്പാടി സ്വദേശി മധുവും അമ്മ ഷൈലജയും പറഞ്ഞു.
ഇവരുടെ രണ്ടാമത്തെ മകനാണ് ശിവനന്ദ്. ‘കാലിനു നീരു വന്ന് ഡോക്ടറെ കണ്ടപ്പോഴാണ് സെറിബ്രൽ പാൾസിയാണെന്നു വ്യക്തമായത്. ഇപ്പോഴും കൈകൾക്കു ചലനശേഷിയില്ല. കാലിനെങ്കിലും ചലനശേഷി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ശസ്ത്രക്രിയ നടത്തിയത്. നമ്മുടെ ജില്ലയിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രി ഇല്ലാത്തതിന്റെ വേദന ഒരു പക്ഷേ ഏറ്റവും കൂടുതൽ അനുഭവിച്ച കുടുംബം ഞങ്ങളുടേതായിരിക്കും.’ സങ്കടത്തോടെ ഷൈലജ പറഞ്ഞു.
വെല്ലൂർ, മംഗളൂരു, കൊച്ചി, മലപ്പുറം, കോഴിക്കോട് ആശുപത്രികളിൽ ചികിത്സയും ഫിസിയോതെറപിയും ശസ്ത്രക്രിയയുമായാണ് അവന്റെ ജീവിതം. എട്ടുവർഷമായി മുച്ചിലോട്ടെ ആചാരക്കാരനാണ് അച്ഛൻ മധു. പുല്ലൂർ ഉദയനഗർ അങ്കണവാടി അധ്യാപികയാണ് വി.ഷൈലജ. അമ്മയുടെ ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനവും ശിവനന്ദിനു ലഭിക്കുന്ന പെൻഷൻതുകയും മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. മകൻ കിടപ്പിലായതിനാൽ പരിചരണവുമായി മധു ഒപ്പംതന്നെയാണ്.
പരിയാരത്തേക്ക് പരക്കം പാച്ചിൽ

കാസർകോട് മെഡിക്കൽ കോളജിൽ എംആർഐ സ്കാനിങും എല്ലു രോഗ ചികിൽസയുമില്ലാത്തതിനാൽ പെർള ബജകുട്‌ലുവിലെ ആയുഷിനു പരിയാരം, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്കാനിങ്ങിനു പോകേണ്ടി വരുന്നത്.എൻഡോസൾഫാൻ ഇരയാണ് 17 വയസ്സുള്ള ആയുഷ്. മെഡിക്കൽ കോളജിൽ ന്യൂറോളജിസ്റ്റ് ഉണ്ടെങ്കിലും എംആർഐ സ്കാനിങ്ങിനു സൗകര്യമില്ല. ‘ശബ്ദവും കാഴ്ചയുമില്ല, നടക്കാനും പ്രയാസം.’
ചികിത്സ കിട്ടാതെ നഷ്ടമായത് സ്വന്തം വിരൽ

വിദഗ്ധ ചികിത്സ കിട്ടാതിരുന്നതു മൂലം സ്വന്തം വിരൽ തന്നെ നഷ്ടമായ അനുഭവമാണ് വെസ്റ്റ് എളേരി ചെന്നടുക്കം സ്വദേശി വിമുക്തഭടനും റിട്ടയേഡ് റെയിൽവെ ഉദ്യോഗസ്ഥനുമായ പി.പി.രാമചന്ദ്രന് പറയാനുള്ളത്. 2022 ജൂൺ 19ന് പരപ്പയിൽ ഉണ്ടായ ബൈക്കപകടത്തിൽ ഇടതു കൈപ്പത്തിയിലെ മോതിര വിരൽ അറ്റുപോയി. വേർപെട്ട വിരലുമായി കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചപ്പോൾ എത്രയും പെട്ടെന്ന് മംഗളൂരു എത്തണമെന്നാണ് അറിയിച്ചത്.
മംഗളൂരു ഹോസ്പിറ്റലിൽ കൃത്യസമയത്ത് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ അറ്റുപോയ വിരൽ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എല്ലാ മാസവും തുടർ പരിശോധനയ്ക്ക് മംഗളൂരുവിൽ എത്തണം. രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടാൽ തിരിച്ചെത്തുന്നത് രാത്രി ഏറെ വൈകിയാണ്. സമയനഷ്ടവും പണനഷ്ടവും ശാരീരിക പ്രശ്നങ്ങളും ഏറെ. വിദഗ്ധ ചികിത്സ കിട്ടാതെ ജീവനും ആരോഗ്യവും അപകടത്തിലായ ജില്ലയിലെ നൂറുകണക്കിനു പേരിലൊരാൾ മാത്രമാണ് രാമചന്ദ്രൻ.
തൊട്ടടുത്ത് മെഡിക്കൽ കോളജ്; ചികിത്സ മംഗളൂരുവിലും!

കാസർകോട് ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിൽ നിന്ന് 3 കിലോ മീറ്റർ മാത്രം അകലെയാണ് ബൺപ്പത്തടുക്ക കാപ്പിക്കാട്ടെ കേശവയുടെ വീട്. പക്ഷേ ചികിത്സ വേണമെങ്കിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തണം.ഇരു കാലുകൾക്കും ചലന ശേഷിയില്ലാതെ വീൽചെയറിന്റെ സഹായത്തോടെ കഴിയുകയാണ് ഈ 35കാരൻ.
എൻഡോസൾഫാൻ ഇരയാണ്. പരസഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. ഒരു വർഷമായി കിടപ്പിലാണ്. ‘മെഡിക്കൽ കോളജിൽ സൗകര്യമുണ്ടായിരുന്നുവെങ്കിൽ ഇവിടെ തന്നെ ചികിത്സ നടത്താമായിരുന്നു. തുടർച്ചയായി ചികിത്സ നടത്തിയിരുന്നുവെങ്കിൽ ഭേദമാവുമായിരുന്നു. –കേശവ പറയുന്നു.
3 മാസത്തിലൊരിക്കൽ കോഴിക്കോട്ടേക്ക്
‘ഒരു തവണ കുത്തിവയ്പിനും ഡോക്ടറുടെ ഫീസുമായി 1300 രൂപ. കോഴിക്കോടേക്കു പോകാനുള്ള ചെലവും സമയനഷ്ടവും വേറെ. കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ഇതിനൊരു പരിഹാരമാകുമായിരുന്നു’വെന്ന് ചെങ്കള സ്വദേശി സുനിത പറയുന്നു. ഉദരസംബന്ധമായ അസുഖമാണ് സുനിതയ്ക്ക്. നിലയ്ക്കാത്ത വയറു വേദനയെ തുടർന്ന് ആദ്യം കാസർകോട് ഗവ.ജനറൽ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയെങ്കിലും രോഗനിർണയം പോലും സാധിച്ചില്ല.
പിന്നീടാണ് കോഴിക്കോട് സ്വാകാര്യാശുപത്രിയിലേക്കു പോയത്. അവിടെ നടത്തിയ പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു. 3 മാസം കൂടുമ്പോൾ ഒരിക്കൽ കുത്തിവയ്പ് എടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.