ADVERTISEMENT

കാസർകോട് ∙ കേൾവി, സംസാര വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 3 വകുപ്പുകളിലായി 3 ജീവപര്യന്തവും 10 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 8 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. മഞ്ചേശ്വരം മണിമുണ്ട ശാരദ നഗറിലെ സുരേഷിനാണ് (ചെറിയമ്പു–41) കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകണം. നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ എയ്ഡ് സെല്ലിന് നിർദേശം നൽകി. 

2015 സെപ്റ്റംബർ 22നാണ് കേസിനു കാരണമായ സംഭവം. പെൺകുട്ടി തനിച്ചു വീട്ടിൽ ഉണ്ടായിരിക്കെ അന്ന് രാവിലെ 10നും 11നും മധ്യേ പ്രതി അകത്തു കടന്ന് ജനലിനോടു ചേർത്ത് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു എന്നതിനു മഞ്ചേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. ബന്ധുവിന്റെ പരാതിയിൽ പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപികമാരുടെ സഹായത്തോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

പെൺകുട്ടിയുടെ അമ്മയും സഹോദരനും കേൾവി, സംസാര വെല്ലുവിളി നേരിടുന്നവരാണ്. അച്ഛൻ രോഗി ആയിരുന്നു. അന്ന് മഞ്ചേശ്വരം എസ്ഐ ആയിരുന്ന പി.പ്രമോദ്, ഡിവൈഎസ്പി ടി.പി.പ്രേമരാജൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. കുമ്പള സിഐ ആയിരുന്ന കെ.പി.സുരേഷ് ബാബുവാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.പ്രകാശ് അമ്മണ്ണായ ഹാജരായി. 25 സാക്ഷികളെ കോടതി വിസ്തരിച്ചു. 31 രേഖകളും 6 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com