ഇനിയെത്ര കാത്തിരിക്കണം, ഈ രോഗികൾ

HIGHLIGHTS
  • പൂടംകല്ല് ഡയാലിസിസ് കേന്ദ്രം പ്രഖ്യാപിച്ചിട്ട് 2 വർഷം
 പൂടംകല്ല് താലൂക്ക് ആശുപത്രി
പൂടംകല്ല് താലൂക്ക് ആശുപത്രി
SHARE

രാജപുരം ∙ പ്രഖ്യാപനം നടന്ന് 2 വർഷം കഴിഞ്ഞിട്ടും പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം തുടങ്ങിയില്ല. പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പരിധിയിൽ നിന്നു നൂറിലധികം രോഗികളാണ് ഡയാലിസിസ് ചെയ്യാനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം കണ്ണൂർ മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളെ സമീപിക്കുന്നത്.

കോടോം ബേളൂർ പ‍ഞ്ചായത്തിൽ 22, പനത്തടി-16, കള്ളാർ-11 ഡയാലിസിസ് രോഗികൾ ഉള്ളതായാണ് കണക്ക്. ഇതിന് പുറമേ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‍ പരിധിയിലെ മറ്റു പ‍ഞ്ചായത്തുകളിലെ രോഗികളുമുണ്ട്. പലരും ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യേണ്ടവരാണ്.

നവീകരണം തുടങ്ങിയിട്ട് മാസങ്ങൾ

10 കിടക്കകളുള്ള ഡയാലിസിസ് കേന്ദ്രമാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്. ഇതിനായി പഴയ കിടത്തി ചികിത്സാ കേന്ദ്രം പൊളിച്ച് നവീകരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടം പൂർണ സജ്ജമാകാൻ ഇനിയും മാസങ്ങളെടുക്കും. ഡയാലിസിസ് കേന്ദ്രം എത്രയും പെട്ടെന്ന് തുറക്കുന്നതും കാത്തിരിക്കുകയാണ് മലയോരത്തെ ഡയാലിസിസ് രോഗികൾ.

നടത്തിപ്പിനായി ആലോചനപോലുമില്ല

ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടം, യന്ത്രസാമഗ്രികൾ എന്നിവ സ്ഥാപിക്കുന്നത് സർക്കാർ ചെലവിലാണെങ്കിലും കേന്ദ്രം നടത്തിക്കൊണ്ട് പോകേണ്ടത് സഹകരണ ചട്ടപ്രകാരം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചാണ്. എന്നാൽ ഡയാലിസിസ് കേന്ദ്രം അനുവദിച്ച് 2 വർഷം കഴിഞ്ഞിട്ടും സൊസൈറ്റി രൂപീകരിക്കാനുള്ള ആലോചന യോഗം നടത്താൻ പോലും ബ്ലോക്ക് പ‍ഞ്ചായത്തിന് സാധിച്ചിട്ടില്ല. നടത്തിപ്പിനായി ത്രിതല പഞ്ചായത്തുകൾ നിശ്ചിത ഫണ്ട് വർഷത്തിൽ നീക്കി വയ്ക്കണം. കൂടാതെ മറ്റു സ്വകാര്യ സ്രോതസ്സുകളിൽ കൂടിയും ഫണ്ട് കണ്ടെത്തിയാണ് ജീവനക്കാർക്കുള്ള ശമ്പളവും മറ്റു ചെലവുകളും നിർവഹിക്കേണ്ടത്. 

കെട്ടിടവും യന്ത്ര സാമഗ്രികളും തയാറായാൽ പോലും സൊസൈറ്റി രൂപീകരണം നടത്താതെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കില്ല. പ്രവർത്തനം വേഗത്തിലാക്കണമെന്ന് താലൂക്ക് ആശുപത്രി എച്ച്എംസി യോഗത്തിൽ അംഗങ്ങൾ നിരന്തരം ആവശ്യപ്പെ‍ടുന്നുണ്ടെങ്കിലും ബ്ലോക്ക് പ‍ഞ്ചായത്ത് അനാസ്ഥയാണ് ഡയാലിസിസ് കേന്ദ്രം നിർമാണത്തിന്റെ മെല്ലെപ്പോക്കിനു കാരണമെന്നും ആക്ഷേപമുണ്ട്.

ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ബ്ലോക്ക് പ‍ഞ്ചായത്ത് പരിധിയിൽ ഒരുപാട് ഡയാലിസിസ് രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. പൂടംകല്ലിലെ കേന്ദ്രം ഇവർക്ക് വലിയ അനുഗ്രഹമായിരിക്കും. അനുബന്ധ സൗകര്യങ്ങൾ, ജീവനക്കാർ, ഡയാലിസിസ് ടെക്നിഷ്യൻ എന്നിവരെ നിയമിക്കാനുണ്ട്. സർക്കാർതലത്തിൽ ജീവനക്കാരെ നിയമിക്കില്ല. ഇതിനുള്ള നടപടികൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കേണ്ടത്.

(ഡോ.സി.സുകു, മെഡിക്കൽ ഓഫിസർ, പൂടംകല്ല് താലൂക്ക് ആശുപത്രി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS