ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ മംഗൽപാടിയിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് അറിയിച്ചു. പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപ്പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. 6 മാസം മുതൽ 5  വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. 4 ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകിൽനിന്ന് തുടങ്ങി മുഖത്തേക്ക് പടർന്ന ശേഷം ദേഹമാസകലം ചുവന്ന അടയാളം കാണപ്പെടും. വയറിളക്കം, ഛർദി, ശക്തമായ വയറു വേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ്, കാഴ്ചക്കുറവ് ന്യുമോണിയ എൻസഫൈലിറ്റസ് എന്നിവയും ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

രോഗം പകരുന്നതെങ്ങനെ?

അസുഖമുള്ള ഒരാളുടെ കണ്ണിൽനിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.അഞ്ചാം പനി കാരണം ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്‌നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിൽ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. 

വൈറ്റമിൻ എയുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും അഞ്ചാം പനിയുടെ ഭവിഷ്യത്തുകളാണ്. രോഗം തടയാൻ കുത്തിവയ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോൾ ആദ്യ ഡോസ് എംആറും കൂടെ വൈറ്റമിൻ എ തുള്ളികളും നൽകണം. ഒന്നര വയസ്സ് മുതൽ 2 വയസ്സ് വരെ രണ്ടാമത്തെ ഡോസ് നൽകാം. വലതു കയ്യിലാണ് ഈ കുത്തിവയ്പ്. വാക്സീൻ എടുത്ത കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.  

വാക്സിനേഷൻ

അഞ്ചാം പനിയുടെ വൈറസ് ശരീരത്തിലെ വൈറ്റമിൻ എയുടെ അളവ് കുറയ്ക്കുന്നു. ഇത് അഞ്ചാം പനിയുടെ തീവ്രത വർധിപ്പിക്കും. ജില്ലയിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ബാക്കിയുള്ള മുഴുവൻ കുട്ടികളും പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നും  ശരീരത്തിൽ ചുവന്ന പാട്, പനി എന്നീ ലക്ഷണമുള്ളവർ സ്വയം ചികിത്സക്കാതെ ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com