ADVERTISEMENT

രാജപുരം ∙ മലയോരത്ത് കമുകുകൾ മഞ്ഞ നിറം ബാധിച്ച് ചീഞ്ഞ് നശിക്കുന്നത് ഫൈറ്റോഫ്തോറ കുമിൾ ബഡ് റോട്ട്, ഗാനോഡർമ കുമിൾ വാട്ടവും ഇലപ്പുള്ളി രോഗവും മൂലമെന്ന് കണ്ടെത്തൽ.പടന്നക്കാട് കാർഷിക കോളജ് സസ്യ രോഗ വിഭാഗം അസിസ്റ്റന്റ്‌ പ്രഫ. സജീഷ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ മിനി പി. ജോൺ, ആത്മ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പൂടുംകല്ല് പുള്ളിമാനടുക്കത്തെ വടക്കേക്കര നാരായണന്റെ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് കമുക് ഉണങ്ങി നശിക്കുന്നതിന്റെ കാരണം കണ്ടെത്തിയത്.

ഗുരുതരമായി രോഗം ബാധിച്ച കമുക് മുറിച്ചു തായ്ത്തടിയുടെ പരിച്ഛേദം, കമുകിന്റെ മണ്ട, വേരുകൾ എന്നിവ പരിശോധനയ്ക്കു വിധേയമാക്കി. ഇല മഞ്ഞ നിറം വന്നു മണ്ട ചീഞ്ഞ് കമുക് ഉണങ്ങുന്ന രോഗമാണ് കമുകിന് കണ്ടുവന്നത്.മലയോരത്ത് കമുകുകൾക്ക് അജ്ഞാത രോഗ ബാധയെന്ന് കാട്ടി മനോരമ വാർത്ത നൽകിയിരുന്നു.

കള്ളാർ കൃഷിഭവൻ‌ അസിസ്റ്റന്റ് കൃഷി ഓഫിസർമാരായ കെ.പ്രഭാകരൻ, കെ.മണികണ്ഠൻ, പെസ്റ്റ് സ്കൗട്ട് രജനി എന്നിവരും രോഗ ബാധയുള്ള തോട്ടം ഉടമകളായ എം.രഞ്ജിത്ത് നമ്പ്യാർ കൊട്ടോടി, എഡിസി അംഗം എം.രത്നാകരൻ നമ്പ്യാർ, വേണുഗോപാലൻ പെരുമ്പള്ളി തുടങ്ങി 25 കർഷകർ കാർഷിക കോളജ് ശാസ്ത്രജ്ഞരുമായി പ്രശ്ന പരിഹാരം തേടി എത്തിയിരുന്നു.

നിയന്ത്രണ മാർഗങ്ങൾ

ഇലപ്പുള്ളി രോഗ നിയന്ത്രണ മാർഗമായി പ്രൊപ്പികോണസോൾ കുമിൾനാശിനി ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും, 15 ദിവസം കഴിഞ്ഞ് ഹെക്സാകോണസോൾ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും ,അടുത്ത 15 ദിവസം കഴിഞ്ഞു കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ മാൻകോസെബ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും ലയിപ്പിച്ചു കമുകിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും വേണം.

മണ്ട ചീയൽ രോഗ പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ എല്ലാ വർഷവും മേയ് മാസ അവസാനവും തുടർന്നും 30 ദിവസം ഇടവിട്ട് 3 തവണ കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ മാൻകോസെബ് 2.5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും രോഗം വന്നതിന് അക്കോമിൻ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും ലയിപ്പിച്ചു കമുകിൽ തളിക്കണം.

ശാസ്ത്രീയ സന്തുലിത വള പ്രയോഗമായി അര കിലോ വീതം കുമ്മായം ചേർത്ത് 10 ദിവസം കഴിഞ്ഞ് ജൈവ വളത്തിന്റെ കൂടെ 220 ഗ്രാം യൂറിയ, 200 ഗ്രാം മഷൂറി ഫോസ്, 235 ഗ്രാം പൊട്ടാഷ്, 5 ഗ്രാം ബോറേക്സ് എന്നിവ ചേർത്ത് നൽകണം. നഴ്സറി കമുകിൻ തൈകളിൽ കാണുന്ന ഇലപ്പുള്ളി രോഗത്തിന് മാങ്കോസെബ്, കാർബെൻഡാസിം എന്നിവ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു ഇലകളിൽ തളിക്കണം. മണ്ണ് പരിശോധനയ്ക്കായി തോട്ടത്തിലെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.

രോഗ കാരണം

കമുകിന്റെ സ്വാഭാവിക രോഗ പ്രതിരോധ ശക്തി കുറഞ്ഞചതാണു രോഗ വ്യാപനത്തിന് പ്രധാന കാരണമെന്നും പരിഹാരമായി ശാസ്ത്രീയ സന്തുലിത വളപ്രയോഗം നടത്തണമെന്നും ഡോ. സജീഷ് പറഞ്ഞു. രോഗം പടരാതിരിക്കാൻ മണ്ട ചീഞ്ഞ കമുക് മുറിച്ചു മാറ്റി നശിപ്പിക്കണം. കൃഷിയിടത്തിൽ വീണ രോഗം ബാധിച്ച അടയ്ക്കകൾ, ഇലകൾ, പൂങ്കുല എന്നിവ നശിപ്പിക്കാനും നിർദേശം നൽകി.

കാർഷിക ക്ലിനിക്

കമുക് കർഷകർക്ക് വിളകളിലെ രോഗപ്രതിരോധ പ്രവർത്തനം, ശാസ്ത്രീയ വിള പരിപാലനം എന്നിവയിൽ അറിവു പകരാൻ കള്ളാർ പഞ്ചായത്തിൽ 2 ഭാഗങ്ങളിലായി കൃഷി ശാസ്ത്രജ്ഞർ, കൃഷി ശാസ്ത്ര വിദ്യാർഥികൾ, കർഷകർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കാർഷിക ക്ലിനിക് നടത്തുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ മിനി പി. ജോൺ കർഷകർക്ക് ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com