ചെറുവത്തൂർ ∙ ജില്ലാ സ്കൂൾ കലോത്സവം സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധനേടിയപ്പോൾ മത്സരത്തിന്റെ വിധി നിർണയത്തിനെതിരെ വിമർശനം ഉയരുന്നു. വേദി 7ൽ 30ന് നടന്ന യുപി, ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിലെ വിധി നിർണയം സംബന്ധിച്ചാണ് ഒടുവിലെ വിവാദം. വിധിയെ വിമർശിച്ച് നാടക രംഗത്തെ പ്രശസ്തനായ ഒരു വ്യക്തി സാമൂഹിക മാധ്യമത്തിലിട്ട പ്രതിഷേധ കുറിപ്പിനിടയിൽ വിധി നിർണയിച്ച ഒരു വിധികർത്താവിന്റെ കുറ്റസമ്മത കമന്റ് ആണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.
വിധികർത്താവായി ഇരുന്ന വ്യക്തി പറഞ്ഞത്
മോണോആക്ടിൽ വർഷങ്ങളായി വിധികർത്താവായി ഇരിക്കുന്ന ഒരാളാണ് ഞാൻ. ഇവിടെ വിധികർത്താവായി ഇരുന്നപ്പോൾ സംഘാടകർ ആദ്യം പറഞ്ഞത് ജഡ്ജസ് പരസ്പരം സംസാരിക്കരുത്. ഡിസ്കഷൻ പാടില്ല എന്നുമാണ്. ജഡ്ജ്മെന്റ് സീറ്റിൽ ഇരുന്നപ്പോൾ 110ൽ ആണ് മാർക്ക് ഇടേണ്ടതെന്നും, 85നു മേലെ ഇട്ടാൽ എ ഗ്രേഡ് ആണെന്നും പറഞ്ഞു.
കൊല്ലേണ്ടത് എങ്ങനെ എന്ന മോണോ ആക്ട് വർഷങ്ങളായി അവതരിപ്പിക്കുന്നതാണ്. ഞാൻ അതിന് ബി ഗ്രേഡ് ആണ് ഇട്ടിട്ടുള്ളത്. എന്റെ കൂടെ ഇരുന്ന ഒരു വിധികർത്താവ് ഒരുപാട് വ്യത്യാസത്തിൽ മാർക്ക് കൂടുതൽ ഇട്ടു. ജഡ്ജസ് പരസ്പരം സംസാരിച്ചിരുന്നെങ്കിൽ ഒരിക്കലും അനുവദിച്ച് കൊടുക്കുമായിരുന്നില്ല.
ഞങ്ങൾ ഇട്ടിട്ടുള്ള മാർക്ക് ഷീറ്റ് പരിശോധിച്ചാൽ നിങ്ങൾക്ക് വ്യക്തമാകും.’. ഇങ്ങനെ പോകുന്നു വിധികർത്താവിന്റെ വിശദീകരണം. എന്നാൽ വിവാദമായപ്പോൾ കമന്റ് മാറ്റി. ഇതിനു മുൻപു തന്നെ പലരും ഈ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു. വിധികർത്താക്കൾ വിധി നിർണയത്തിനായി ഇരുന്നാൽ മത്സരം നടക്കുന്നതിനിടയിൽ തന്നെ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നത്
രക്ഷിതാക്കളിലും, കുട്ടികളുമായി മത്സരത്തിനെത്തുന്ന അധ്യാപകരിലും, കാണികളിലും സംശയമുണ്ടാക്കുന്നുണ്ട്. ഇതു കൊണ്ടു തന്നെ മത്സരം നടക്കുന്നതിനിടയിൽ സംസാരിക്കരുതെന്ന് ഇവർക്ക് നിർദേശം കൊടുത്തിരുന്നു.എന്നാൽ അവസാനം വിധി നിർണയം നടത്തുമ്പോൾ വിധികർത്താക്കൾക്ക് വേണെങ്കിൽ ഒന്നിച്ചിരുന്ന് സംസാരിച്ച് ധാരണയുണ്ടാക്കി വിധി നിർണയിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സി.കെ.വാസു ഇതു സംബന്ധിച്ച് പ്രതികരിച്ചത്.