പിഎസ്‌സി വഴി നിയമിച്ച 34 ഡോക്ടർമാരിൽ 33 പേരും ഉന്നത പഠനത്തിനായി അവധിയിൽ; ആരോഗ്യ മേഖല സ്തംഭനത്തിലേക്ക്

kollam-puthur-no-doctor-in-phc
SHARE

കാഞ്ഞങ്ങാട് ∙ ജില്ലയിലേക്ക് പിഎസ്‌സി വഴി നിയമിച്ച 34 ഡോക്ടർമാരിൽ 33 പേരും ഉന്നത പഠനത്തിനായി അവധിയിൽ പോയി ഒരാൾ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ജില്ലയിൽ നിന്നു സ്ഥലം മാറ്റിയ ഡോക്ടർമാർക്ക് പകരമാണ് 34 പേരെ നിയമിച്ചത്. ഇവർ അവധിയിൽ പോയതോടെ ജില്ലയിലെ ആരോഗ്യ മേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.

ജില്ലാ, ജനറൽ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ പോലും ഡോക്ടർമാരുടെ സേവനം ലഭിക്കാത്ത സ്ഥിതി വരും. ഡോക്ടർമാരുടെ ഒഴിവ് നികത്താനായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടും ആവശ്യത്തിന് ആളെ കിട്ടാത്ത സ്ഥിതിയാണ്. ജില്ലയിലേക്ക് നിയമനം നടത്തുന്ന ഡോക്ടർമാരിൽ ഭൂരിഭാഗവും എംബിബിഎസ് കഴിഞ്ഞവർ ആണ്.

നിയമനം ലഭിക്കുന്നതോടെ ഇവർ ഉന്നത പഠനത്തിന്റെ പേരിൽ അവധിയിൽ പോകുകയാണ്. ഇതിന് പകരം പിജി കഴിഞ്ഞ ഡോക്ടർമാരെ റാങ്ക് പട്ടികയിൽ നിന്നു ജില്ലയിലേക്ക് നിയമിക്കണം.ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനക്കം ഉണ്ടാകാറില്ല.

ജില്ലയിലേക്ക് വരാൻ ഡോക്ടർമാർ മടിക്കുന്നതും മറ്റൊരു കാരണമാണ്. ജില്ലയിൽ നിലവിൽ നാൽപതോളം സ്ഥിരം ഡോക്ടർമാരുടെ കുറവുണ്ട്. ജില്ലയ്ക്ക് അനുവദിച്ച ഡോക്ടർമാരുടെ ആകെ തസ്തിക 321 ആണ്. ഇതിൽ 40 ഡോക്ടർമാരുടെ ഒഴിവ് നികത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ജില്ലയ്ക്ക് ആകെ അനുവദിച്ച ഒരു ചീഫ് കൺസൽറ്റന്റ് പോസ്റ്റ് തന്നെ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഡോക്ടർമാരുടെ കുറവിന് പുറമേ സ്റ്റാഫ് നഴ്സുമാരുടെ എണ്ണത്തിലും വൻ കുറവുണ്ട്. ആഴ്ചകൾക്ക് മുൻപ് ജില്ലയിൽ നിന്നു 34 സ്റ്റാഫ് നഴ്സുമാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പകരം ആളെ ജില്ലയിലേക്ക് നിയമിച്ചെങ്കിലും മുഴുവൻ ആളുകളും ഇതുവരെ എത്തിയിട്ടില്ല.

ആരോഗ്യ കേന്ദ്രങ്ങളുടെ നില പരുങ്ങലിൽ

ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാതെ വരുന്നതോടെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടും. താൽക്കാലിക നിയമനത്തിന് പോലും ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവ് വരും നാളുകളിൽ ആരോഗ്യ രംഗത്ത് പ്രതിഫലിക്കും. അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പോലും ആവശ്യമായ തസ്തിക ഒരുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS