കാസർകോട് ∙ ബേക്കൽ ടൂറിസം ഡവലപ്മെന്റ് കോർപറേഷ(ബിആർഡിസി)നിൽ നിന്ന് പാട്ടത്തിനെടുത്ത് സ്ഥലത്ത് ഇനിയും പണി പൂർത്തിയാക്കാത്ത 2 റിസോർട്ടുകളിൽ നിന്ന് ഭൂമി തിരികെ ഏറ്റെടുക്കാനൊരുങ്ങി സർക്കാർ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ 16ന് ബിആർഡിസി ബോർഡ് യോഗം തിരുവനന്തപുരത്ത് ചേരും.
ചേറ്റുകുണ്ട്, ചെമ്പിരിക്ക എന്നീ സ്ഥലങ്ങളിൽ റിസോർട്ട് പണിയാൻ പാട്ടത്തിനു കൈമാറിയ സ്ഥലമാണ് സർക്കാർ തിരികെ എടുക്കാൻ ഒരുങ്ങുന്നത്. ഏതാനും മാസം മുൻപ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ട് ഈ റിസോർട്ട് ഉടമകളുമായി ചർച്ച നടത്തി പണി പൂർത്തിയാക്കാൻ അന്തിമ സമയപരിധി നിശ്ചയിച്ചു നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിനാലും പാട്ടക്കരാർ ലംഘിച്ചതിനാലും സ്ഥലം തിരികെ എടുക്കുന്ന കാര്യം 16ന്റെ യോഗത്തിൽ സർക്കാർ പരിശോധിക്കും.
∙ആകെ റിസോർട്ടുകൾ 6 എണ്ണം
ബേക്കൽ ടൂറിസം മേഖലയുടെ വികസനത്തിന്റെ ഭാഗമായി ചെറിയ വിലയ്ക്ക് 120 ഏക്കർ ഭൂമി ഏറ്റെടുത്താണ് ബിആർഡിസി റിസോർട്ട് നിർമാണത്തിനായി 6 സ്വകാര്യ ഉടമകൾക്ക് കൈമാറിയത്. എന്നാൽ പണി പൂർത്തിയാക്കി താജ്, ലളിത് എന്നീ 2 റിസോർട്ടുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചെമ്പരിക്ക, മലാംകുന്ന്, ചേറ്റുകുണ്ട്, കൊളവയൽ എന്നീ സ്ഥലങ്ങളിൽ ആരംഭിച്ച നിർമാണം പാതിയിൽ നിലച്ചു.
കുളവയലിലെ സ്ഥലം തീരദേശ നിയമത്തിന്റെ കുരുക്കിൽപ്പെട്ടതിനാൽ ഏറ്റെടുത്ത കമ്പനി ഒഴിഞ്ഞ് സർക്കാരിനു കത്തു നൽകിയിരുന്നു. മലാംകുന്നിൽ പണി പുനരാരംഭിച്ച് 2023 ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താജ് ഹോട്ടൽ ഉടമകളായ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്(ഐഎച്ച്സിഎൽ) സെലക്ഷ്വൻസ് ഹോട്ടലാണ് ഇവിടെ വരുന്നത്. താജ് ഗ്രൂപ്പിന്റെ ജില്ലയിലെ രണ്ടാമത്തെ ഹോട്ടലാണിത്. ചെമ്പിരിക്ക, ചേറ്റുകുണ്ട് റിസോർട്ടുകളാണ് പണി മുടങ്ങി സർക്കാർ നടപടിക്കൊരുങ്ങുന്നത്. ഇവ രണ്ടും പകുതിയിലധികം നിർമാണം കഴിഞ്ഞ റിസോർട്ടുകളാണ്.
∙ സർക്കാർ നിയമോപദേശം തേടി
പണി മുടങ്ങിയ 2 റിസോർട്ടുകൾ കോവിഡ് കാലത്തെ പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്. എന്നാൽ പണി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിനാൽ സർക്കാർ ഭൂമി തിരികെ ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചു കഴിഞ്ഞു. റിസോർട്ടുകളുടെ ഭൂമി തിരികെ ഏറ്റെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണ് സർക്കാരിനു ലഭിച്ച വിദഗ്ധോപദേശം.
വലിയൊരു തുക 2 കമ്പനികളും ഇവിടെ ഇപ്പോൾ തന്നെ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ സ്ഥലം ഏറ്റെടുത്താലും ഇവിടെ നിലവിൽ ഭാഗികമായി പൂർത്തിയായ നിർമാണ പ്രവർത്തനങ്ങൾ സർക്കാരിനു ബാധ്യതയാവും. ടൂറിസം മേഖലയിൽ നിക്ഷേപ സൗഹൃദ സമീപം എന്ന നിലയിൽ പരമാവധി ഇതേ കമ്പനികളെക്കൊണ്ട് തന്നെ പണി പൂർത്തിയാക്കാനുള്ള സാധ്യതയും സർക്കാർ അവസാന ശ്രമമെന്ന നിലയിൽ ആലോചിച്ചേക്കാനിടയുണ്ട്.
∙പാട്ടത്തുകയും
സർക്കാരിനു നഷ്ടം
നിർമാണം മുടങ്ങിയ സ്ഥലം കാടു മൂടി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.
റിസോർട്ട് പൂർണ സജ്ജമായിരുന്നെങ്കിൽ ഇന്ന് ജിഎസ്ടി ഇനത്തിൽ സർക്കാരിന് കോടികൾ ലഭിക്കുമായിരുന്നു.
പക്ഷേ ഈ ഇനത്തിലുള്ള തുകയും സർക്കാരിന് നഷ്ടമാവുകയാണ്. റിസോർട്ടുകൾ പാട്ടത്തുക അടക്കാൻ കാലതാമസം വന്നാൽ തുക ഈടാക്കാനുള്ള വഴി ബിആർഡിസിക്ക് മുൻപിലുണ്ട്. കരാർ വ്യവസ്ഥ പ്രകാരം ഇവർ നൽകിയ ബാങ്ക് ഗാരന്റിയാണ് ഇതിൽ പ്രധാനം.
റിസോർട്ട് സന്ദർശിച്ച് ചീഫ് സെക്രട്ടറി
ചീഫ് സെക്രട്ടറി ചെയർമാനായ ബിആർഡിസിയുടെ ബോർഡാണ് നഷ്ടപരിഹാരം ഈടാക്കാനും സ്ഥലം തിരികെയെടുക്കുന്നതിനും നടപടി സ്വീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഇന്നലെ ബേക്കൽ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു.
ബിആർഡിസിയുടെ അധീനതയിലുള്ള സ്ഥലത്ത് പൂർത്തീകരിച്ച താജ് ബേക്കൽ റിസോർട്ട്, ലളിത് റിസോർട്ട് എന്നിവയും നിർമാണത്തിലിരിക്കുന്ന മലാംകുന്നിലെ ഗ്ലോബ് ലിങ്ക് ഹോട്ടലും, ബേക്കൽ ബീച്ച് പാർക്കും അദ്ദേഹം സന്ദർശിച്ചു. ബിആർഡിസി മാനേജിങ് ഡയറക്ടർ പി.ഷിജിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.