ADVERTISEMENT

മടിക്കൈ ∙ അമ്പലത്തുകരയിൽ ലക്ഷങ്ങൾ വിലയുള്ള സർക്കാർ ഭൂമി കയ്യേറി സിപിഎം ഭരണസമിതിയുടെ കീഴിലുള്ള ബാങ്കിന്റെ നിർമാണ പ്രവർത്തനം നടത്തുന്നതായി പരാതി. അമ്പലത്തുകര വില്ലേജിൽ റീസർവേ നമ്പർ 48/1ൽ പെട്ട ഭൂമിയിലാണ് മടിക്കൈ സഹകരണ ബാങ്കിന്റെ നിർമാണം നടക്കുന്നത്. ഏതാണ്ട് 10 സെന്റോളം സ്ഥലം ഇത്തരത്തിൽ കയ്യേറിയെന്നാണ് ആരോപണം. മടിക്കൈ ബാങ്കിന്റെ നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നതു മുൻപ് സർക്കാർ പതിച്ചു നൽകിയ 15 സെന്റ് സ്ഥലത്താണ്.

അമ്പലത്തറ ജംക്‌ഷനും വില്ലേജ് ഓഫിസിനും ബാങ്ക് കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്താണു നിർമാണം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സംസ്കാരിക സമുച്ചയമായ ടി.എസ്.തിരുമുമ്പ് കെട്ടിടത്തിനു തൊട്ടടുത്തതാണു കയ്യേറിയ സ്ഥലം. സെന്റിനു ലക്ഷങ്ങൾ വില വരുന്ന സ്ഥലമാണു സ്വാധീനം ഉപയോഗിച്ചു കയ്യേറുന്നത്. ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിന്റെ അരികിലാണു സ്ഥലം. തൊട്ടടുത്ത് വില്ലേജ് ഓഫിസ് ഉണ്ടായിട്ടും ഇവരാരും കയ്യേറ്റം കണ്ടില്ലെന്ന മട്ടാണ്.

സ്ഥലം കയ്യേറ്റത്തിനെതിരെ സിപിഎമ്മിൽ തന്നെ ഒരുവിഭാഗം കടുത്ത എതിർപ്പ് ഉയർത്തുന്നുണ്ട്. എന്നാൽ പ്രസ്തുത സ്ഥലം ലീസിനു നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് വർഷങ്ങൾക്കു മുൻപേ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇതിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകും മുൻപ് എങ്ങനെ നിർമാണം തുടങ്ങാനാകുമെന്നാണ് എതിർക്കുന്നവരുടെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com