പള്ളപ്പാടി(ബെള്ളൂർ) ∙ പള്ളപ്പാടിയിൽ വർഷങ്ങളായി അപകടാവസ്ഥയിലായ പാലം പുനർനിർമിക്കാൻ അനുമതിയായി. മുള്ളേരിയ-നാട്ടക്കൽ-അർളപദവ് റോഡിലെ പള്ളപ്പാടി തോടിലാണ് പഴയ പാലം പൊളിച്ച് പുതിയതു നിർമിക്കുന്നത്.6 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുക. നിലവിലെ പാലത്തിനു 8 മീറ്ററാണ് വീതിയുള്ളത്. പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി 2 മാസത്തേക്കു ഇതുവഴി വാഹനഗതാഗതം നിരോധിച്ചതായി മരാമത്ത് അസി.എൻജിനീയർ അറിയിച്ചു.
ചെറിയ വാഹനങ്ങൾക്കു പോകാൻ മറ്റു സമാന്തര റോഡുകൾ ഉണ്ടെങ്കിലും ബസ് സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമാണ്. നിലവിൽ കിന്നിങ്കാർ,സുള്ള്യപദവ് വരെ ഓടുന്ന ബസുകൾ പള്ളപ്പാടി ടൗണിൽ സർവീസ് അവസാനിപ്പിക്കേണ്ടി വരും. വിദ്യാർഥികളെ അടക്കം ഇതു ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ പാലത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്ക്.പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച പാലത്തിന്റെ കോൺക്രീറ്റ് ദ്രവിച്ച് അടർന്നു വീഴുകയും ഒരു ഭാഗത്തെ ഭിത്തി തകരുകയും ചെയ്തതിനെ തുടർന്നു വർഷങ്ങളായി പാലം അപകടാവസ്ഥയിലായിരുന്നു.
2 വർഷം മുൻപ് റോഡ് ബിഎംബിസി ചെയ്തപ്പോൾ പാലം ഉൾപ്പെടുന്ന 20 മീറ്ററോളം ഭാഗം ഒഴിവാക്കിയിരുന്നു. റോളർ പോകുമ്പോൾ പാലം തകരുമോ എന്ന ആശങ്കയായിരുന്നു കാരണം. അതിനു ശേഷവും ബസ് ഗതാഗതം ഉണ്ടായിരുന്നെങ്കിലും പേടിയോടെയായിരുന്നു യാത്ര.