തൃക്കരിപ്പൂർ ∙ അനുമതി ലഭിച്ചിട്ടും പ്രാഥമിക പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരംഭിക്കുന്നതിനു തടസ്സം നേരിട്ട തൃക്കരിപ്പൂരിലെ 3 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം തുടരാൻ കെ റെയിൽ അധികൃതരുടെ പച്ചക്കൊടി. പ്രാഥമിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കെ റെയിൽ അധികൃതർ ആർഡിബി കോർപറേഷനു നിർദേശം നൽകിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.തൃക്കരിപ്പൂർ–പയ്യന്നൂർ പാതയിലെ ബീരിച്ചേരി റെയിൽവേ ഗേറ്റ്, തൃക്കരിപ്പൂർ ടൗണിലെ വെള്ളാപ്പ് ജംക്‌ഷൻ ഗേറ്റ്, നടക്കാവ്–ഉദിനൂർ–പടന്ന പാതയിലെ ഉദിനൂർ ഗേറ്റ് എന്നിവിടങ്ങളിൽ മേൽപാല നടപടിയുമായി മുന്നോട്ടു പോകാനാണ് കെ റെയിലിന്റെ നിർദേശം.
ആർബിഡിസി ജനറൽ മാനേജർ അബ്ദുൽ സലാം, പദ്ധതി എൻജിനീയർ അനീഷ് എന്നിവരുമായി പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ സത്താർ വടക്കുമ്പാടിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകി. അതേ സമയം റെയിൽവേ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അലൈൻമെന്റ് ലഭിച്ചാൽ മാർക്കിങ്
റെയിൽവേയുടെ ജനറൽ അലൈൻമെന്റ് രൂപകൽപന ലഭിക്കുന്ന മുറയ്ക്ക് അക്വിസിഷൻ പ്രവൃത്തിയുടെ മാർക്കിങ് ഉൾപ്പെടെ നടത്തുമെന്നു കെ റെയിൽ അധികൃതർ അറിയിച്ചു. അതേ സമയം ബീരിച്ചേരി, വെള്ളാപ്പ് എന്നിവിടങ്ങളിൽ 2 പാലങ്ങൾ ഒന്നാക്കി മാറ്റുന്നതിനുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നും ഇവർ വിശദീകരിച്ചു.500 മീറ്റർ ചുറ്റളവിലുള്ള ഈ ഗേറ്റുകളിൽ രണ്ടിലും പാലം പണിയാതെ മധ്യത്തിലായി ഒരു പാലം മതിയെന്ന അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. സാങ്കേതികമായി ഇതിൽ നേരിടുന്ന തടസ്സവും ചൂണ്ടിക്കാട്ടിയതാണ്.

തൃക്കരിപ്പൂരിന്റെ 7 കിലോ മീറ്റർ ചുറ്റളവിൽ ബീരിച്ചേരി, വെള്ളാപ്പ് ജംക്‌ഷൻ, ഉദിനൂർ, ഒളവറ–ഉളിയം, രാമവില്യം എന്നിവിടങ്ങളിലെ റെയിൽവേ ഗേറ്റുകൾ നാടിന്റെ വികസനത്തെ തടയുന്നതാണ്. രാജ്യത്തെ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി പകരം മേൽപാലങ്ങൾ പണിയുന്ന പദ്ധതിയിൽ ഈ 5 മേൽപാലങ്ങളും ഉൾപ്പെടുത്തിയത് ആഹ്ലാദമുയർത്തുകയും പ്രാഥമിക പ്രവർത്തനങ്ങൾ മുടങ്ങിയത് ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു.
മേൽപാല നിർമാണംനിർത്തിയത് സിൽവർലൈനെ ചൊല്ലി
സിൽവർലൈൻ നിർമാണവുമായി ബന്ധപ്പെട്ട് തലപ്പാടി മുതൽ തിരുന്നാവായ വരെയുളള മേൽപാലങ്ങളുടെ തുടർ പ്രവൃത്തി നിർത്തി വയ്ക്കാൻ നിർദേശിച്ചത് മൂലമാണ് ബീരിച്ചേരി, ഉദിനൂർ, വെള്ളാപ്പ് എന്നീ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾ നിലച്ചത്.
2016 ൽ അനുമതി ലഭിക്കുകയും ഡിപിആർ സമർപ്പിച്ച് 36 കോടി രൂപ ചെലവ് കണക്കാക്കുകയും കേരളത്തിൽ കിഫ്ബി ഫണ്ടിൽ പണിയുന്ന 36 റെയിൽവേ മേൽപാലങ്ങളിൽ ഇടം നേടുകയും ചെയ്തതാണ് പ്രധാന പാതയിലെ ബീരിച്ചേരി മേൽപാലം. സ്വകാര്യ വ്യക്തികളിൽ നിന്നു 98 സെന്റ് ഭൂമി ഏറ്റെടുക്കാനും ഈ ഭൂമിയിലെ 18 കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും തീരുമാനിക്കുകയും നഷ്ട പരിഹാര തുക ക്ലിപ്തപ്പെടുത്തുകയും ചെയ്ത ശേഷം ബീരിച്ചേരി മേൽപാലത്തിനുള്ള തുടർ പ്രവർത്തനം തടസ്സപ്പെട്ടത് പ്രതിഷേധമുയർത്തിയിരുന്നു.