ADVERTISEMENT

നീലേശ്വരം ∙ മീൻപിടിത്തത്തിനിടെയുള്ള അപകടങ്ങൾ വർധിക്കുമ്പോഴും ജില്ലയിൽ സ്ഥിരം ഫിഷറീസ് രക്ഷാബോട്ട് കടലാസിൽ തന്നെ. ഏറ്റവുമൊടുവിൽ കാഞ്ഞങ്ങാട് അപകടമുണ്ടായപ്പോളും 3 മണിക്കൂറോളമെടുത്താണ് രക്ഷാബോട്ടെത്തിയത്. മറ്റു മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിലെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 

സ്ഥിരം രക്ഷാസംവിധാനം ഒരുക്കണം

തൃക്കരിപ്പൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കണ്വതീർഥ വരെ 70 കിലോമീറ്റർ ദൈർഘ്യമുള്ള കാസർകോട് ഫീഷറീസ് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഫിഷറീസ് രക്ഷാബോട്ട് മാത്രമാണുള്ളത്. കഴിഞ്ഞ 15 വർഷമായി ഇതേ നില തുടരുകയാണ്. നീലേശ്വരം അഴിത്തല കേന്ദ്രീകരിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ചെറുവത്തൂർ മടക്കരയിലും കാസർകോട് തളങ്കരയിലും മഞ്ചേശ്വരത്തും ജില്ലയിൽ മീൻപിടിത്ത തുറമുഖങ്ങൾ ഉണ്ട്. ഇതു കൂടാതെ 11 ഫിഷ് ലാൻഡിങ് സെന്ററുകളും ഉണ്ട്. 

കാസർകോട് മേഖലയിൽ സ്ഥിരം രക്ഷാ സംവിധാനം ഒരുക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല. ജില്ലയുടെ വടക്കൻ മേഖലകളിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ മണിക്കൂറുകളെടുത്താണ് നിലവിലെ രക്ഷാബോട്ട് എത്തുന്നത്. 

നീലേശ്വരം തൈക്കടപ്പുറത്ത് ബോട്ടുകൾക്കും ഫൈബർ വള്ളങ്ങൾക്കും അടുക്കാവുന്ന സുസജ്ജമായ സെന്റർ ആണ്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തും മീൻപിടിത്ത ബോട്ടുകളും തോണികളും അടുക്കും. പടന്നക്കടപ്പുറം, തൈക്കടപ്പുറം സ്റ്റോർ, പുഞ്ചാവി, അജാനൂർ, തൃക്കണ്ണാട്, കീഴൂർ, കുമ്പള ആരിക്കാടി, മഞ്ചേശ്വരം കണ്വതീർഥ ഫിഷ് ലാൻഡിങ് സെന്ററുകളിൽ തോണികൾ മാത്രമാണ് അടുക്കുന്നത്. അതും സീസൺ അനുസരിച്ചു മാത്രം.

ദിവസ വാടക 4000ലേറെ

ഇവിടങ്ങളിൽ മീൻപിടിത്ത ബോട്ടുകൾ ആഴക്കടലിൽ നങ്കൂരമിട്ട് തോണികളിൽ മീൻ കരയിലെത്തിക്കും. നീലേശ്വരം അഴിത്തല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രക്ഷാബോട്ടിനു 4100 രൂപയാണ് ദിവസ വാടക. ഇതിൽ പ്രവർത്തിക്കുന്ന 6 ഫിഷറീസ് റസ്ക്യൂ ഗാർഡുമാർക്ക് 18,000 രൂപയിൽ അധികം വീതം പ്രതിമാസം നൽകും. ജില്ലയിലെ മീൻപിടിത്ത യാനങ്ങളിൽ 90 % വും ചെറുവത്തൂർ മടക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാലാണ് രക്ഷാബോട്ട് നീലേശ്വരം അഴിത്തലയിൽ നിർത്തിയിടുന്നത്. 15 വർഷമായി കരാർ അടിസ്ഥാനത്തിലാണ് രക്ഷാബോട്ടിന്റെ പ്രവർത്തനം. 

അനധികൃത മീൻപിടിത്തം തടയാനും രക്ഷാബോട്ടു തന്നെയാണു കടലിൽ ഇറങ്ങുന്നത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെയായി ഈയിനത്തിൽ 39 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് മുഖേന പിഴയീടാക്കി സർക്കാരിലേക്ക് അടച്ചത്. കീഴൂർ ഫീഷറീസ് സ്റ്റേഷന്റെ ചുമതലയുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്കാണ് ഇതിന്റെ ചുമതല. ആവശ്യമെങ്കിൽ അതതു തീരദേശ പൊലീസിന്റെ സഹായവും തേടും.

കടൽത്തീരമില്ലാത്ത വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 9 ഫിഷറീസ് ജില്ലകളിലും കരാർ അടിസ്ഥാനത്തിലുള്ള രക്ഷാബോട്ടുകൾ തന്നെയാണ് പ്രവർത്തിക്കുന്നതെന്നു ബന്ധപ്പെട്ടവർ പറയുന്നു. കാഞ്ഞങ്ങാട്ടെ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിനു പുറമെ തൃക്കരിപ്പൂർ തങ്കയം മുക്ക്, കാഞ്ഞങ്ങാട്, കാസർകോട് കസബ, കുമ്പള എന്നിവിടങ്ങളിൽ ഫിഷറീസ് ഉപകേന്ദ്രങ്ങളായി മൽസ്യഭവനുകളും ജില്ലയിൽ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com