രാജപുരം ∙ പള്ളിക്ക് ചുറ്റുമുള്ള ചുമരുകൾ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കി യുവ വൈദികർ വ്യത്യസ്തരായി. ചുള്ളിക്കര പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുന്നിൽ നവീകരിച്ച ചുമരുകളിലാണ് ബൈബിൾ കഥയും മലബാർ കുടിയേറ്റവും പ്രമേയമാക്കി യുവ വൈദികർ ചിത്രം വരച്ചത്. ഗ്രോട്ടോ നിർമാണത്തിന്റെ ഭാഗമായാണ് ചുമരുകൾ തീർത്തത്. ചുള്ളിക്കര ഡോൺബോസ്കോ വികാരി ഫാ.അഭിലാഷ്, ഏഴാമൈൽ പോർക്കളം കൃപാനിലയം ആശ്രമം വികാരി ഫാ.ജയ്സൻ കാച്ചാംകോടത്ത് എന്നിവരാണ് ചിത്രാകാരന്മാർ. ഫാ.അഭിലാഷ് എംഎഫ്എ (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്) ബിരുദധാരിയാണ്. മലബാർ കുടിയേറ്റമാണ് ഇദ്ദേഹം ചിത്രമാക്കിയത്.
വിദ്യാഭ്യാസം, ജോലി എന്നിവയുടെ പേരിൽ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതും ചേർത്ത് കുടിയേറ്റങ്ങൾ അവസാനിക്കുന്നില്ല എന്ന സന്ദേശം ചിത്രത്തിലൂടെ നൽകുന്നു. ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ബിരുദധാരിയാണ് ഫാ. ജയിംസ് കാച്ചാംകോടത്ത്. ഇദ്ദേഹം വരച്ച ആടിയുലയുന്ന തിരമാലകളിൽ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന യേശുവിന്റെ ചിത്രം പ്രക്ഷുബ്ധമായ മനുഷ്യ മനസ്സുകളെ ശാന്തമാക്കാനുള്ള സന്ദേശം നൽകുന്നു.
റിയലിസ്റ്റിക്, കണ്ടംപററി ശൈലികളിലാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. രണ്ട് ചിത്രങ്ങളും ഇന്നിന്റെ പ്രതീകങ്ങളാണെന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.മനോജ് കരിമ്പൂഴിക്കൽ പറഞ്ഞു. ഇന്ന് വൈകിട്ട് തലശ്ശേരി അതിരൂപ ബിഷപ് മാർ ജോസഫ് പാംപ്ലാനി ചിത്രങ്ങൾ അനാഛാദനം ചെയ്യും.