സുള്ള്യ ∙ പശ്ചിമ ഘട്ട മേഖലയിലും മറ്റും വനങ്ങളിൽ കണ്ടു വരുന്ന അപൂർവ ഇനം പക്ഷികളുടെ കാഴ്ച ഒരുക്കി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. സുള്ള്യ കൽമടുക്ക സർക്കാർ സ്കൂളിൽ നടന്ന പക്ഷികളുടെ ഫോട്ടോ പ്രദർശനം പക്ഷികളെ കുറിച്ചും, കാടിനെ കുറിച്ചും കുട്ടികൾക്ക് അറിവു പകർന്നു നൽകി. പ്രമുഖ പത്രപ്രവർത്തകനും, വന്യജീവി ഫൊട്ടോഗ്രഫറുമായ ശിവസുബ്രഹ്മണ്യ കൽമടുക്ക, വന്യജീവി ഫൊട്ടോഗ്രഫർ രാധാകൃഷ്ണ ഉഡുവെകോടി എന്നിവർ പകർത്തിയ പക്ഷികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
വനങ്ങളിൽ കണ്ടു വരുന്ന അപൂർവ ഇനം പക്ഷികൾ, വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ, നമുക്കു ചുറ്റിനും കണ്ടു വരുന്ന പക്ഷികൾ ഇങ്ങനെ നൂറിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. വിദ്യാർഥികൾക്ക് പ്രകൃതിയെയും, പക്ഷികളെയും പരിചയപ്പെടുത്തുക, പരിസ്ഥിതിയെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണു ഫോട്ടോ പ്രദർശനം ഏർപ്പെടുത്തിയത്.