മഞ്ചേശ്വരം∙ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോ കഞ്ചാവുമായി കടത്തു സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മീയ്യപദവ് കുളൂരിലെ മുഹമ്മദ് മുസ്തഫ (30) ആണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താനായി ഉപയോഗിച്ചതെന്നു കരുതുന്ന കാറും, വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക്സ് ത്രാസും പാക്കിങ് സാമഗ്രികൾ ഉൾപ്പെടെയാണ് പിടികൂടിയത്.
അസി. കമ്മിഷണർ ടി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർമാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലാണു കഞ്ചാവ് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോളിത്തീൻ കവറിൽ 2 കിലോ വീതം നിറച്ച നിലയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്നാണു എക്സൈസ് സംഘം പരിശോധന നടത്തിയത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ചു എന്നാണു മൊഴി എന്ന് അധികൃതർ അറിയിച്ചു.
ആന്ധ്രയിൽ നിന്നു വിവിധ വാഹനങ്ങളിലാണ് കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്നാണു ജില്ലയിലെ ചെറുകിട വിൽപന സംഘത്തിലേക്ക് എത്തിക്കുന്നതെന്നു എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർമാരായ കെ.കൃഷ്ണകുമാർ, ടോണി ഐസക്, ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ. മുകേഷ്കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ,
പ്രിവന്റീവ് ഓഫിസർമാരായ രവീന്ദ്രൻ, സുരേഷ്ബാബു, സുധീന്ദ്രൻ, സുനീഷ് മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം.അരുൺകുമാർ, മുഹമ്മദലി, സുബിൻ, വിശാഖ്, രജിത്, ജിതിൻ, ശരത്, സനേഷ്കുമാർ, ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.