വീരമലക്കുന്നിന്റെ പാതിയിലേറെയും ഇടിച്ചു നിരത്തി; നാട്ടുകാർക്കിത് വേദനയുടെ കാഴ്ച

veeramala-hills
വീരമലക്കുന്നിന്റെ വശങ്ങളിലെ മണ്ണെടുക്കുന്നു. ചിത്രം: മനോരമ
SHARE

മയിച്ച ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വീരമലക്കുന്നിന്റെ വശങ്ങൾ ഇടിച്ചു നിരത്തുമ്പോൾ സമീപ പ്രദേശങ്ങളിലുള്ളവർ ആശങ്കയിലാണ്. വികസനം അനിവാര്യമാണ്, എന്നാൽ നിർമാണ ജോലികൾ കഴിയുമ്പോൾ കുടിവെള്ള പ്രശ്നം, മറ്റു പദ്ധതികൾ ഇവയുടെ കാര്യമെന്താകും എന്ന ആശങ്കയാണ് ഉയരുന്നത്.

വീരമലയെ തകർക്കുന്ന രീതിയിലുള്ള അശാസ്ത്രീയമായ മണ്ണെടുപ്പാണ് നടത്തുന്നത്. ഇത് വരും കാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. കുടിവെള്ള സ്രോതസുകൾ ഇല്ലാതാക്കും.

മാധവൻ മണിയറ (നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

ഇടിച്ച് നിരത്തുമ്പോൾ മലയിൽ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച ടൂറിസം പദ്ധതികളുടെ ഭാവി ഇനി എന്ത്? വീരമലയുടെ അടിവാരത്തുള്ള ഗ്രാമങ്ങളുടെ കുടിവെള്ളത്തിന്റെ ഗതി എന്താകും. ആശങ്കയുടെ നിഴലിലാണ് ജനങ്ങൾ. ദേശീയപാതയുടെ വികസനം നടക്കുമ്പോൾ വീരമലയുടെ ചെറിയൊരു ഭാഗം ഇടിച്ച് നിരത്തുമെന്നായിരുന്നു എല്ലാവരുടെയും കണക്ക് കൂട്ടൽ.

എന്നാൽ മലയുടെ മുൻ ഭാഗം പാതിയിലേറെയും ഇതിനകം തന്നെ തട്ടി മാറ്റി കഴിഞ്ഞു. ഇതാണ് ഇപ്പോൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളുടെയും മനസ്സിൽ വീരമല വേദനയുടെ കാഴ്ചയായി മാറുകയാണിപ്പോൾ.

മലയുടെ വശങ്ങളിലെ അനിയന്ത്രിതമമായ മണ്ണെടുപ്പ് മയിച്ച പോലുളള പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നത്തിന് ഇത് വഴിയൊരുക്കും.

എ.കെ അശോകൻ (പ്രദേശവാസി)

ജില്ലയുടെ ടൂറിസം മേഖലയിൽ കോടി കണക്കിന് രൂപയുടെ പദ്ധതി നടപ്പിലാക്കാൻ‍ മാസ്റ്റർ പ്ലാൻ‍‍‍‍‍ വരെ തയാറാക്കിയ സ്ഥലമാണ് ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന വീരമല. ഡച്ചുകാർ തമ്പടിച്ച കോട്ട ചെറുവത്തൂർ കോട്ടയെന്ന പേരിൽ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഉണ്ടെങ്കിലും വീര മലയുടെ മുകളിൽ ഇപ്പോൾ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്.

ഇവിടെയാണ് കാസർകോടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിൽ പൈതൃക ഗ്രാമം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്ക് രൂപം കൊടുത്തത്. വീര മലയുടെ മുകൾ തട്ടിൽ റവന്യു വകുപ്പിന്റെ കീഴിലുള്ള 10 ഏക്കർ സ്ഥലത്താണ് പദ്ധതി സ്ഥാപിക്കുവാൻ ലക്ഷ്യമിട്ടത്.

വീരമലകുന്ന് ഇടിച്ച് നിരത്തുന്നത് പാരിസ്ഥിതികമായി വലിയ പ്രതിസന്ധിക്കു വഴിയൊരുക്കും. മണ്ണൊലിപ്പിനു കാരണമാകും.

വി.വി. കൃഷ്ണൻ (പൊതുപ്രവർത്തകൻ)

ഇതിനായിട്ടുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നെങ്കിലും ഇപ്പോൾ നിശ്ചലമാണ്. ഇതിനിടെയാണ് വീരമല ഇടിച്ച് നിരത്തുന്ന പ്രവൃത്തിയും തുടങ്ങിയത്. അതിനിടെ വീര മലയുടെ അടിവാരത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത് മലയുടെ മുകളിലുള്ള ജല സംഭരണിയിൽ നിന്നാണ്.

വെള്ളത്തിന്റെ ഉറവ വറ്റാത്ത സ്ഥലമാണ് ഈ മല. ഇടിച്ച് നിരത്താൻ തുടങ്ങിയതോടെ കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് ഗ്രാമീണ ജനത. അതേസമയം ദേശീയപാതയ്ക്ക് വേണ്ടി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തിന് പുറമെ കൂടുതൽ സ്ഥലത്തേക്ക് മണ്ണിടിക്കുന്ന പ്രവണതയുണ്ട് എന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ ഇടിച്ച് നിരത്തിയാൽ വീര മല ഇല്ലാതാവുമെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രധാന കുടിവെള്ള പദ്ധതികൾ വീരമലയെ ആശ്രയിച്ചാണ്. മണ്ണെടുപ്പ് അടിവാരത്തെ ഗ്രാമങ്ങളുടെ കുടിവെള്ള വിതരണത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കും.

മഞ്ജുഷ (മയിച്ച വാർഡ് മെംബർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS