നാട്ടക്കൽ(ബെള്ളൂർ)∙ സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റി റബറും കമുകുമൊക്കെ കൃഷി ചെയ്യുന്നവർക്കിടയിൽ വ്യത്യസ്തനാണ് ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ സത്യനാരായണ(49). പാരമ്പര്യമായി കിട്ടിയ ഒരേക്കർ ഭൂമി സ്വാഭാവിക വനമാക്കി നിലനിർത്തുന്ന ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരമാണ് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം.
25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ലോക വന ദിനമായ മാർച്ച് 21 നു സമ്മാനിക്കും. സ്വന്തം വീടിനോടു ചേർന്ന ഒരേക്കർ സ്ഥലമാണ് ഇദ്ദേഹം സ്വാഭാവിക വനമാക്കി മാറ്റിയിരിക്കുന്നത്. ഒട്ടേറെ മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ വനം വിവിധ പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്.
സാമൂഹിക വനവൽക്കരണ വിഭാഗം ഡപ്യൂട്ടി കൺസർവേറ്റർ പി.ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചാണ് പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. അന്യം നിന്നുകൊണ്ടിരിക്കുന്ന അപൂർവ ഇനം നെൽവിത്തുകൾ സംരക്ഷിക്കുന്നതിലൂടെ സത്യനാരായണ നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
650 ഓളം ഇനം നെൽ വിത്തുകളാണ് പ്രത്യേക രീതിയിൽ ഇദ്ദേഹം സംരക്ഷിക്കുന്നത്. ഇതിനു കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ജിനോം സേവ്യർ കമ്യൂണിറ്റി അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുന്നിൻപുറം നിരപ്പാക്കി 30 സെന്റ് സ്ഥലത്ത് വയലൊരുക്കിയാണ് ഇദ്ദേഹത്തിന്റെ നെൽവിത്തു സംരക്ഷണം.