ചെറുവത്തൂർ ∙ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണം കഴിച്ചവർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിന്റെ കാരണം കണ്ടെത്താനായില്ല. ചികിത്സയിൽ കഴിയുന്ന 4 പേരുടെ രക്തം പരിശോധനയ്ക്കായി കണ്ണൂരിലേക്ക് അയച്ചു. അതേസമയം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 276 ആയി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണു ക്ഷേത്രത്തിൽ നിന്നു ഭക്ഷണം കഴിച്ചവർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്. ഇതേതുടർന്ന് 30 വിദ്യാർഥികളെ ഉടൻ തന്നെ ചെറുവത്തൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
രാത്രി വൈകിയതോടെ ഭക്ഷണം കഴിച്ച മറ്റുള്ളവരും ചികിത്സ തേടി ആശുപത്രികളിലെത്തി. ഇന്നലെ വൈകിട്ടോടെ ചികിത്സ തേടി എത്തിയവരുടെ എണ്ണം 276 ആയി. ആരുടെയും സ്ഥിതി ഗുരുതരമല്ല. അതിനിടെ വിവരമറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും ഉന്നത ഉദ്യോഗസ്ഥർ ചെറുവത്തൂരിലെത്തി. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.ഗീത ഗുരുദാസിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ വി.വി.സ്മാരക ആശുപത്രിയിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ ഭക്ഷണം ഒരുക്കിയതടക്കമുള്ള എല്ലാ വിവരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം എല്ലാവിധ ക്രമീകരണങ്ങളും നടത്തിയാണു ഭക്ഷണം ഒരുക്കിയതെന്ന് അവർ പറഞ്ഞു. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ചെറുവത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ഡി.ജി രമേശ്, ഡോ.ഹരിശങ്കർ, ഡോ.ഡാൽമിറ്റ നിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഭക്ഷണമൊരുക്കിയ സ്ഥലം ഇവർ സന്ദർശിച്ചു. കയ്യൂർ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ ക്ഷേത്രത്തിലെത്തി ഭക്ഷണം കഴിച്ചവരെ കണ്ടെത്തി ബന്ധപ്പെട്ട സർവേ നടത്തി. ഓരോ കറികൾ, പായസം എന്നി കഴിച്ചവരുടെ പട്ടിക പ്രത്യേകം തയാറാക്കി.
ആശുപത്രിയിൽ പ്രവേശിച്ചവർ അധികവും പായസം കഴിച്ചവരാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. ഭക്ഷണമൊരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങിയ ചെറുവത്തൂരിലെ സ്ഥാപനത്തിൽ നിന്ന് സാംപിൾ ശേഖരിച്ചു. ഭക്ഷണത്തിൽ വന്ന വിഷബാധ തന്നെയാണ് ഇത്തരത്തിൽ ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ഇതിനു കാരണമായത് എന്ത് എന്നതിനെക്കുറിച്ചു വ്യക്തത വന്നിട്ടില്ല.
കണ്ണൂരിലേക്ക് അയച്ച രക്ത പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സീ.പ്രമീള എന്നിവർ സന്ദർശിച്ചു.