പൊയിനാച്ചി∙ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തിലേറെ പേർക്കു കടിയേറ്റു. ഇതിൽ 7 ആശുപത്രിയിൽ ചികിത്സ തേടി. പൊയിനാച്ചി, പറമ്പ്, നെല്ലിയടുക്കം പ്രദേശങ്ങളിലുള്ളവരാണു തെരുവ് നായയുടെ പരാക്രമത്തിനിരയായത്. കന്നുകാലികളെയും നായകളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു.പൊയിനാച്ചി നെല്ലിയടുക്കത്തെ ഇ.നളിനി (65) പരമ്പിലെ കെ.നളിനി (62) താനത്തിങ്കാലിലെ ഭാർഗവി (72) ശാന്തകുമാരി (50) തെക്കിൽപറമ്പ് സ്കൂളിനടുത്തെ വ്യാപാരി രവീന്ദ്രൻ (45) പറമ്പ് വലിയവീട്ടിൽ മാധവൻ (52) എന്നിവർ കാസർകോട് ജനറൽ ആശുപത്രിയിലും പറമ്പിലെ കെ.രമണി (62) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ഇന്നലെ രണ്ടു മണിയോടെ തുടങ്ങിയ തെരുവ് നായയുടെ പരാക്രമം വൈകിട്ടു വരെ നീണ്ടു. പിന്നീട് നാട്ടുകാർ നായയെ അടിച്ചു കൊന്നതായി അറിയിച്ചു. പൊയിനാച്ചിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തൊഴിലാളിയായ പറമ്പ് വലിയ വീട്ടിൽ മാധവനാണു ആദ്യം കടിയേറ്റത്. ഭക്ഷണം കഴിച്ചതിനു ശേഷം കെട്ടിടത്തിൽ വിശ്രമിക്കുന്നതിനിടെ എത്തിയ നായ അക്രമിക്കുകയായിരുന്നുവെന്നു മാധവൻ പറഞ്ഞു.
മുഖത്തും കൈക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരെ കടിച്ചതിനു പിന്നാലെ ഓടിയ നായ വഴിയിൽ കണ്ടവരെ എല്ലാം കടിക്കുകയായിരുന്നു. കടയിൽ കയറിയാണ് കടിച്ചതെന്ന് വ്യാപാരി രവീന്ദ്രൻ പറഞ്ഞു. പലരുടെയും ദേഹമാസകലം കടിയേറ്റ പരുക്കുണ്ട്. എന്നാൽ എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണോയെന്നു സ്ഥിരീകരിക്കാനായില്ലെന്നു പറയുന്നു.പരുക്കേറ്റവരെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ശംസുദ്ദീൻ തെക്കിൽ, ആയിഷ അബൂബക്കർ, അംഗം ആസിയ എന്നിവരടക്കമുള്ളവർ സന്ദർശിച്ചു.
പൊയിനാച്ചിയിൽ തെരുവുനായ്ശല്യം പതിവ്
തെരുവ് നായകൂട്ടത്തിന്റെ അക്രമം പൊയിനാച്ചിയിലും പരിസര പ്രദേശങ്ങളിലും പതിവാണ്. പലപ്പോഴും കന്നുകാലികളെയും മറ്റും ആക്രമിക്കുന്നു. ഇതിനു പുറമെ ബൈക്ക്–കാൽനട യാത്രക്കാർക്കു നേരെയുള്ള പരാക്രമണവും നടക്കുന്നുണ്ട്. കൂട്ടമായിട്ടാണ് നായകൾ അലഞ്ഞുതിരിയുന്നത്. ബൈക്കുകളുടെ പിന്നാലെ നായകൾ ഓടി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
തെരുവ് നായ ശല്യത്തിനെതിരെ ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.പാതയോരങ്ങളിൽ തള്ളുന്ന മാലിന്യം കഴിക്കാനായി തെരുവ് നായകൾ കൂട്ടമായി എത്തുന്നു. തെരുവ് നായ ശല്യം കാരണം വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെയാണ് സ്കൂളിലേക്കു എത്തിക്കുന്നത്. തെരുവ് നായ ശല്യത്തിനെതിരെ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു