പിലാത്തറ ∙ ദേശീയപാതയിൽ തളിപ്പറമ്പിനും പയ്യന്നൂരിനും ഇടയിലെ ഏറ്റവും തിരക്കുപിടിച്ച പട്ടണമാണ് പിലാത്തറ. ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ തിരക്കേറിയ ഈ പട്ടണം വൻ മതിലിന് ഇരുവശങ്ങളിലായി മാറും പോലെയാണ് സ്ഥിതി. സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും കൊണ്ട് വീർപ്പുമുട്ടുന്ന ടൗണിനു നടുവിലൂടെ അഞ്ചര മീറ്റർ ഉയരത്തിൽ ഭിത്തികെട്ടിയാണ് ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നത്. പിരക്കാംതടം മുതൽ വിളയാങ്കോട് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഭിത്തികെട്ടി മണ്ണ് നിറച്ച് ഉയർത്തുന്നത്.
പിരക്കാംതടം കെഎസ്ടിപി ജംക്‌ഷനിൽ തുടങ്ങുന്ന മേൽപാലവും പിലാത്തറ ടൗണിൽ അടിപ്പാതയ്ക്കായി ഭിത്തികെട്ടി ഉയർത്തുന്ന പാതയും പിലാത്തറ യുപി സ്കൂളിനു മുന്നിൽ കൂട്ടിയോജിപ്പിക്കുന്നതാണ് നിലവിലുള്ള പദ്ധതി. ഇവിടെ നിന്നാണ് ടൗണിലേക്കുള്ള അടിപ്പാത തുടങ്ങുന്നത്. പിരക്കാംതടം കെഎസ്ടിപി ജംക്‌ഷൻ മുതൽ പിലാത്തറ കുടുംബാരോഗ്യ കേന്ദ്രം വരെ മേൽപാലം വരുമെന്നാണ് നേരത്തേ പറഞ്ഞിരുന്നതെന്നു പ്രദേശവാസികൾ പറയുന്നു.
ഇതിന്റെ പേരിൽ ടൗണിലെ ഇരുന്നൂറ്റിയൻപതോളം വ്യാപാരികളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. കോൺക്രീറ്റ് തൂണിലുള്ള മേൽപാലവും സൗകര്യപ്രദമായ അടിപ്പാതയും കാൽനട യാത്രാ സൗകര്യവും സുഗമമായ സഞ്ചാരത്തിന് പിലാത്തറ ടൗണിൽ അത്യാവശ്യമാണ്.പിലാത്തറ ടൗണിന്റെയും സമീപപ്രദേശങ്ങളുടെയും ഭാവി വികസനം സാധ്യമാകണമെങ്കിൽ മേൽപാത വേണമെന്ന ആവശ്യമാണ് വ്യാപാരികളും പ്രദേശവാസികളും ഉയർത്തുന്നത്. നാട്ടുകാരും വ്യാപാര സമൂഹവും ആവശ്യവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ ആവശ്യത്തോട് അനുഭാവപൂർണമായ നിലപാട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കാത്തത് രൂക്ഷവിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോൾ?

മേൽപാലത്തിനു വേണ്ടിയുള്ള മുറവിളി വൈകിയെങ്കിലും ഇപ്പോൾ ഇറങ്ങിയാൽ നടക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികളും നാട്ടുകാരും. ഇതിന് അധികാര സ്ഥാനത്തുള്ളവരെ കേൾപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണം. രൂപരേഖയിൽ മാറ്റം വരുത്താതെ തന്നെ പിലാത്തറയിൽ മേൽപാലം സ്ഥാപിക്കാൻ സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ നിന്ന് ടൗൺ ഭാഗത്തെ അര കിലോമീറ്റർ ദൂരം മണ്ണ് നീക്കി കോൺക്രീറ്റ് തൂണുകളിൽ ഉയർത്തി നിർത്തിയാൽ ടൗൺ ഭാഗത്ത് മേൽപാലം യാഥാർഥ്യമാക്കാൻ സാധിക്കും. പണി തുടങ്ങിട്ടേയുള്ളൂ. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴെന്നാണ് പ്രദേശവാസികളും വ്യാപാരികളും ആവർത്തിച്ചു ചോദിക്കുന്നത്.