ഉപ്പു കുറുക്കൽ സമരത്തിന് വേണം ഉചിതമായ സ്മാരകം

olavara-uliyam-kadav
ഒളവറ ഉളിയം കടവിൽ നിലവിലെ ഉപ്പു കുറുക്കൽ സ്മാരക സ്തൂപം.
SHARE

തൃക്കരിപ്പൂർ ∙ നെഞ്ചു പിളർക്കുന്ന തോക്കിനെ കൂസാതെ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളുടെ ചോര പുരണ്ട ചരിത്രത്തിലൂടെയാണ് ഉളിയംപുഴ ഒഴുകിപ്പരക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് പട്ടാളത്തിനെ മനക്കരുത്തും കൈക്കരുത്തും കൊണ്ട് നേരിട്ട സമര ഭടൻമാർ ഉളിയംപുഴയുടെ ഇരുകരകളിലും ഉപ്പു കുറുക്കിയപ്പോൾ നാടിനെ സ്വതന്ത്രമാക്കാനുള്ള പോരാട്ടത്തിൽ കേരളം പുതിയൊരു സമര ചരിത്രം എഴുതിച്ചേർക്കുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ഉപ്പുകുറുക്കൽ സമരം.ഉളിയംപുഴയുടെ ഇരുകരകൾ അങ്ങിനെ സമര ചരിത്രത്തിലെ തിളക്കമേറിയ ഏടായി. 

നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ 1930 ഏപ്രിൽ 13നു കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കു ജാഥ പുറപ്പെട്ടു. കെ.ടി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.മാധവൻ, മൊയാരത്ത് ശങ്കരൻ, ഹരീശ്വരൻ തിരുമുമ്പ്, സി.എച്ച്.ഗോവിന്ദൻ നമ്പ്യാർ തുടങ്ങി 32 പേർ അണിനിരന്ന ജാഥ. പി.കൃഷ്ണപിള്ളയായിരുന്നു മറ്റൊരു ടീമിന്റെ ലീഡർ. 9 ദിവസങ്ങൾക്കു ശേഷം 22നു ജാഥ പയ്യന്നൂർ പെരുമ്പക്കടവിൽ എത്തി. 

2 ദിവസത്തിനു ശേഷം 24നു മലബാറിന്റെ അതിർത്തിയായ പയ്യന്നൂർ കേളോത്തെ ഉളിയത്ത് കടവിൽ ഉപ്പുകുറുക്കൽ സമരം നടത്തി. ധീരമായ സമരം. ഇതേ സമയത്താണു പുഴയുടെ മറുകരയായ ഒളവറ ഉളിയത്ത് കടവിലും ഉപ്പു കുറുക്കിയത്.

കെ.സി.കോരൻ, ഓലക്കാരൻ അമ്പു, നാണാട്ട് കണ്ണൻ നായർ തുടങ്ങിയവരായിരുന്നു മുൻനിരയിൽ. വെള്ളക്കാരുടെ പട്ടാളത്തെ വിറളി പിടിപ്പിച്ച സമരം. ഉളിയം പുഴയോരം യുദ്ധസമാനമായെന്നു ചരിത്രം.കണ്ണൂർ ജില്ലയുടെ വടക്കൻ അതിരായ പയ്യന്നൂരിലാണ് കേളോത്ത് ഉളിയത്ത് കടവ്. കാസർകോട് ജില്ലയുടെ തെക്കൻ അതിരായ തൃക്കരിപ്പൂരിലാണ് ഒളവറ ഉളിയത്ത് കടവ്. ഇരു ജില്ലകളെയും ഭാഗിച്ച് ഒഴുകിത്തുടിക്കുകയാണ് ഉളിയംപുഴ. 2 കരകളും തമ്മിലുള്ള അകലം കേവലം 60 മീറ്റർ മാത്രം.

ഉപ്പുകുറുക്കൽ സമരത്തെ ഉചിതമായി അനുസ്മരിക്കാൻ ഉളിയംപുഴക്കടവിൽ പദ്ധതി വേണമെന്നു പതിറ്റാണ്ടുകളായി ഉയർന്നു വന്ന ആവശ്യമാണ്. പ്രദേശത്തിന്റെ പ്രത്യേകതയും ചന്തവും കണക്കിലെടുത്ത് വിനോദ സഞ്ചാര പദ്ധതികൾ ഉൾപ്പെടെ നിർദേശിക്കപ്പെട്ടു.ഏഴിമലയുടെ താഴ്‌വാര സൗന്ദര്യവും കണ്ടൽ സമൃദ്ധിയും പുഴയൊഴുക്കിന്റെ മനോഹാരിതയും ടൂറിസം പദ്ധതി രൂപീകരിക്കാനും നേട്ടമുണ്ടാക്കാനും പര്യാപ്തമെന്നു വിശദീകരിക്കപ്പെട്ടു.

പക്ഷേ, ഒരു പദ്ധതിയും വന്നില്ല. നിരന്തരമുള്ള ആവശ്യത്തെ തുടർന്ന് ഏതാനും വർഷം മുൻപ് തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥാപിച്ച സ്തൂപത്തിലാണ് ഇന്നിപ്പോൾ സമര ചരിത്രം ‘നിലകൊള്ളുന്നത്’. പിറന്ന വീടിനെയും പ്രിയപ്പെട്ടവരെയും മറന്നു സമര പോരാട്ടത്തിൽ ജീവാർപ്പണം നടത്തിയ ധീര ഭടൻമാരോടുള്ള അവഗണന കാലം പൊറുക്കുമോ?

ഉളിയം പുഴക്കടവിൽ റഗുലേറ്റർ കം ബ്രിജ്

ഉളിയം പുഴയിൽ നിന്നുള്ള ദൃശ്യം.
ഉളിയം പുഴയിൽ നിന്നുള്ള ദൃശ്യം.

ഉപ്പുവെള്ളം കയറി ഇരുജില്ലകളിലെയും നെൽക്കൃഷി നാശം നേരിടുന്നതു പ്രതിരോധിക്കാനുള്ള റഗുലേറ്റർ കം ബ്രിജ് ഉളിയം പുഴക്കടവിൽ പണിയാനുള്ള പദ്ധതിക്കുള്ള അവസാന ശ്രമത്തിലാണ്. ഗതാഗതത്തിനു കൂടി ഉപയോഗപ്പെടുത്തുന്ന തരത്തിൽ ആവിഷ്ക്കരിക്കുകയും റോഡ് പാലത്തിനു തുല്യമാക്കുകയും ചെയ്യണമെന്ന നിർദേശമുണ്ട്. ഇതു നടപ്പാകുകയും പ്രഖ്യാപിച്ച ഒളവറ–ഉളിയം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കുകയും ചെയ്താൽ ഈ നാടിന്റെയാകെ മുഖഛായ മാറും.

ഈ പദ്ധതികൾ സ്വാതന്ത്ര്യ സമര പോരാട്ടത്തിനുള്ള സമർപ്പണമാകണം. ഇതിനെല്ലാം മുൻപ് ഉപ്പുകുറുക്കൽ സമരം നടത്തിയ കടവിൽ സഞ്ചാരികളെ ആകർഷിക്കുന്ന ‘ഗാന്ധി പാർക്ക്’ ഉണ്ടാക്കണം. പാർക്കിനുള്ള പദ്ധതിയാണ് ആദ്യം വേണ്ടത്. ചരിത്രം മറവിയിലേക്കു തള്ളാനുള്ളതല്ല, തലമുറകൾ കൈമാറി നൽകാനുള്ളതാണ്. അതും നാടിനായി പൊരുതിയോരുടെ ചരിത്രം. മറന്നു പോയവർ ഓർക്കണം. ഒന്നല്ല പലവട്ടം....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS