വീണ്ടും ഭക്ഷ്യവിഷബാധ; കൂളിയാടും പേരിയയിലും ഒട്ടേറെപ്പേർക്കു ദേഹാസ്വാസ്ഥ്യം

thrissur news
SHARE

കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഭക്ഷ്യവിഷബാധ സംഭവങ്ങൾ ആവർത്തിക്കുന്നു. 2 ദിവസങ്ങളിലായി  503 പേരാണ് ഛർദിയും വയറിളക്കവുമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.. ആരോഗ്യ വകുപ്പ് ഇതോടെ ജാഗ്രതയിൽ.ചെറുവത്തൂരിൽ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണം കഴിച്ച 318 പേർക്കാണു ദിവസം മുൻപ് ആദ്യം ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്. പിന്നാലെ കഴിഞ്ഞ ദിവസം രാത്രി എണ്ണപ്പറ പേരിയയിലെ ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ച 91 പേർക്കും ഛർദിയും അസ്വസ്ഥതയും ഉണ്ടായി. ഇന്നലെ  കൂളിയാട് ഗവ.ഹൈസകൂളിലെ 94 വിദ്യാർഥികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. തുടർ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച് രോഗ ലക്ഷണങ്ങൾ വന്നവർ, വരാത്തവർ കഴിച്ച ഭക്ഷണ വിഭവങ്ങൾ ഏതൊക്കെ എന്നിങ്ങനെ വിവര ശേഖരണം നടത്തുന്നതിന് ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി സർവേ നടത്തും.

കൂളിയാട് സ്കൂളിലെ 94 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കൂളിയാട് ഗവ.ഹൈസ്കൂളിലെ 94 വിദ്യാർഥികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും. ഭക്ഷ്യ വിഷബാധയെന്ന് സംശയം. 52 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത വിദ്യാർഥികൾക്കും ഛർദ്ദിയുണ്ടായി. ഉച്ചക്കഞ്ഞി നൽകുന്നതിനായി ഉപയോഗിച്ച സാധനങ്ങളുടെയും വെള്ളത്തിന്റെയും സാംപിൾ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ ശേഖരിച്ചു. 

ഇന്നലെ ഹെൽത്ത് ഇൻസ്പെക്ടർ എം.രാജീവന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരും ജനപ്രതിനിധികളും  അടങ്ങുന്ന 5 സ്ക്വാഡുകൾ  രൂപീകരിച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് കഴിച്ച ഭക്ഷണ സാധനങ്ങളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചു. ചാനടുക്കം, കുണ്ട്യം, പള്ളിപ്പാറ പ്രദേശങ്ങളിലെ കുട്ടികൾക്കാണ് അസുഖം. 

സ്കൂളിലെ വിദ്യാർഥികൾ ദിവസങ്ങൾക്ക് മുൻപ് സ്കൂളിൽ നിന്ന് വിനോദ യാത്ര പോയിരുന്നു. ഇതി വഴി ഉണ്ടായതാണോ എന്ന സംശയം ഉയർന്നെങ്കിലും വിനോദ യാത്രയ്ക്ക് പോകാത്ത കുട്ടികൾക്കും ഛർദി അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം സ്കൂളിന് സമീപത്തുള്ള അങ്കണവാടിയിലെ 4 കുട്ടികൾക്കും ഛർദി അനുഭവപ്പെട്ടിരുന്നു. സ്കൂളിന് ഇന്ന് അവധി നൽകി. സ്കൂളും പരിസരവും ശൂചീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

പേരിയയിൽ 97 പേർ ചികിത്സ തേടി 

പേരിയ ഭഗവതിക്കാവ് തെയ്യം കെട്ട് ഉത്സവത്തിൽ ഭക്ഷ്യ വിഷ ബാധയേറ്റ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 91 പേർ ചികിത്സ തേടി. 30, 31 തീയതികളിലായിരുന്നു ഉത്സവം. ബുധനാഴ്ച രാത്രി രണ്ടോടെയാണ് ഉത്സവത്തിൽ പങ്കെടുത്ത പലർക്കും ഛർദിയും വയറു വേദനയും അനുഭവപ്പെട്ടു തുടങ്ങിയത്. കുടിവെള്ളത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം 21 പേർ ചികിത്സയിലുണ്ട്. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും ചിലർ ചികിത്സ തേടി. ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തു പരിശോധന നടത്തി. 

ഉത്സവ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാനും മറ്റുമായി വെള്ളം എടുക്കാൻ തീരുമാനിച്ചിരുന്ന 2 കുടിവെള്ള സ്രോതസ്സുകളിൽ നേരത്തേ അണുനശീകരണം‍ നടത്തിയിരുന്നതായി എണ്ണപ്പാറ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജിഷ പറഞ്ഞു. എന്നാൽ, ആരോഗ്യ വിഭാഗത്തിന്റെ അനുമതി ഇല്ലാതെ മറ്റു സ്ഥലത്ത് നിന്നും ഉത്സവ സ്ഥലത്ത് വെള്ളം എത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ‌ നിന്നായിരിക്കാം വിഷബാധയെന്നാണ് സംശയം. 

ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ..

∙ഉത്സവ ആഘോഷത്തിന് ഒരു മാസം മുൻപ് വിവരം ആരോഗ്യവകുപ്പ് അധികൃതരെ രേഖാമൂലം അറിയിക്കണം.
∙കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കണം
∙തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ.
∙വേവിക്കാത്ത ആഹാര പദാർഥങ്ങൾ (തൈര് ചേർത്ത പച്ചടി, മോരിൻ വെള്ളം തുടങ്ങിയവ) നിർബന്ധമായും ഒഴിവാക്കണം.
∙കുടിക്കാനും പാചകം ചെയ്യാനും പാത്രം കഴുകാനും ക്ലോറിനേഷൻ ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
∙പച്ചക്കറി പഴവർഗങ്ങൾ ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക
∙പാചകക്കാരും വിളമ്പുകാരും രോഗികളോ, രോഗവാഹകരോ അല്ലെന്നു ഉറപ്പു വരുത്തണം
∙ഉത്സവച്ചടങ്ങുകൾക്ക് മുൻപും ശേഷവും പരിസരം ശുചീകരിക്കണം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം.
∙പ്ലാസ്റ്റിക് പാടില്ല. സ്റ്റീൽ പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകണം.
∙ജലസ്രോതസ്സുകൾ ശുചിമുറി ടാങ്ക്, തൊഴുത്ത് എന്നിവയിൽ നിന്ന് നിശ്ചിത അകലത്തിൽ ആണെന്ന് ഉറപ്പുവരുത്തണം. ഇത് ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്തണം.
∙ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി മോണിറ്ററിങ് നടത്തുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS