തൃക്കരിപ്പൂർ ∙ ജില്ലയിൽ കടൽ തീരത്തെ പൂഴിപ്പരപ്പിൽ കളിച്ചു തെളിഞ്ഞവർ കേരളത്തിനായി നേട്ടം കൊയ്തു. ദേശീയ ബീച്ച് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരളം വിജയ കിരീടമണിഞ്ഞത് കാസർകോടിന്റെ പന്തുകളി കരുത്തിൽ. ഗുജറാത്തിലെ സൂറത്തിൽ കഴിഞ്ഞദിവസം സമാപിച്ച ദേശീയ ബീച്ച് ഫുട്ബോൾ ചാംപ്യൻഷിപ്പിലാണ് മിന്നുന്ന വിജയവുമായി കേരള ടീം കിരീടത്തിൽ മുത്തമിട്ടത്. 12 അംഗ ടീമിൽ 6 പേരും ജില്ലയിൽ നിന്നുള്ള താരങ്ങളാണ്. പരിശീലകൻ സൗത്ത് തൃക്കരിപ്പൂർ ഒളവറയിലെ ഷസിൻ ചന്ദ്രനും മാനേജർ സിദ്ദീഖ് ചക്കരയും കോഓർഡിനേറ്റർ വലിയപറമ്പിലെ ഷെറീഫ് മാടാപ്പുറവും ടീമിനു കരുത്തായി. ജില്ലയുടെ താരം കെ.എം.സി.ഷാഹിദാണ് ടീമിനെ നയിച്ചത്. ശ്രീജിത്തായിരുന്നു ഉപനായകൻ. എ.കമാലുദ്ദീൻ, യു.സുഹൈൽ, ജിക്സൻ, ടി.കെ.ബി.മുഹ്സീർ, കെ.സി.ഷഹാസ് റഹ്മാൻ എന്നിവരാണ് ജില്ലയിൽ നിന്നുള്ള മറ്റു താരങ്ങൾ.
നാലിനെതിരെ 13 ഗോളുകൾക്ക് കേരളം കലാശക്കളിയിൽ പഞ്ചാബിനെ തൂക്കിയെറിഞ്ഞു. പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനമാണ് കേരള ടീം നടത്തിയത്. ഗ്രൂപ്പ് മത്സരത്തിൽ 5 നെതിരെ 6 ഗോളുകൾക്ക് കേരളത്തെ പരാജയപ്പെടുത്തിയ പഞ്ചാബിനോടുള്ള മധുര പ്രതികാരം കൂടിയായി ഫൈനലിലെ ഗോൾ വർഷം.ഗ്രൂപ്പ് മത്സരത്തിൽ 4 ജയം നേടിയ കേരളം പഞ്ചാബിനോട് തോറ്റിരുന്നു. ചാംപ്യൻഷിപ്പിലെ മികച്ച താരമായി സിജുവും ഗോൾകീപ്പറായി സന്തോഷും ഫൈനലിലെ മികച്ച താരമായി സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടത് കേരള ടീമിനുള്ള മറ്റൊരു നേട്ടമായി.
ബീച്ച് ഫുട്ബോളിൽ കേരളത്തിന്റെ വിജയനേട്ടം പരിശീലകൻ ഷസിൻ ചന്ദ്രനു ജില്ലയെ കേരള ഫുട്ബോളിൽ മികച്ച നിലയിൽ അടയാളപ്പെടുത്താനുള്ള അവസരം കൂടിയായി. അടുത്തിടെ തൃശൂരിൽ നടത്തിയ സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം ചൂടിയ ജില്ലാ ടീമിന്റെ പരിശീലകനും ഷസിനായിരുന്നു. ഒരു മാസം വലിയപറമ്പിലെ കടൽത്തീരത്ത് പരിശീലനം നൽകിയാണ് ബീച്ച് ഫുട്ബോൾ ടീമിനെ ഷസിൻ ഒരുക്കിയെടുത്തത്. സംസ്ഥാന ഫുട്ബോളിൽ സീനിയർ, സബ് ജൂനിയർ കിരീടം ചൂടിയ ജില്ലയ്ക്ക് അഭിമാനം പകരുന്നതാണ് ബീച്ച് ഫുട്ബോളിൽ കേരളത്തിന്റെ വിജയക്കുതിപ്പെന്നു ഡിഎഫ്എ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് പറഞ്ഞു. ടീം അംഗങ്ങളെ കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് റഫീഖ് അഭിനന്ദിച്ചു.