പാലക്കുന്ന് ∙ അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനഗതാഗതം നിയന്ത്രിക്കാനും പാലക്കുന്ന് ടൗണിൽ സ്ഥാപിച്ച സർക്കിളിന്റെ ഇരുമ്പു തൂണുകൾ തുരുമ്പെടുത്ത നിലയിൽ. ഇതു പൂർണമായി മാറ്റിയില്ലെങ്കിൽ വൻ അപകടമുണ്ടാകുമെന്ന ആശങ്കയാണ് യാത്രക്കാർക്കും നാട്ടുകാർക്കുമുള്ളത്. ടൗണിലെ മറ്റൊരു സിഗ്നൽ തൂൺ കഴിഞ്ഞ ദിവസം മുതലാസ് കോർണറിൽ നിലംപൊത്തി.വൈദ്യുതി ജീവനക്കാർ പാലക്കുന്നിലെ വൻ മരത്തിലെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടെ ഒരെണ്ണം തൊട്ടടുത്ത തൂണിൽ തട്ടി അടിഭാഗം ഇളകി വീഴുന്നതിനിടെ സ്റ്റാൻഡിലെ ഡ്രൈവർമാർ ഓടിയെത്തി താങ്ങി താഴേക്ക് മാറ്റിവച്ചു. അല്ലായിരുന്നുവെങ്കിൽ തിരക്കുള്ള റോഡിൽ അപകടം സംഭവിക്കുമായിരുന്നു.
തുടർന്നാണ് മറ്റു സിഗ്നൽ സ്തംഭങ്ങളുടെ ബലം നാട്ടുകാർ പരിശോധിച്ചത്. ഏത് സമയത്തും കടപുഴകി വീഴാവുന്ന അവസ്ഥയിൽ ട്രാഫിക് സിഗ്നൽ തൂണുകളുടെ അടിഭാഗം പൂർണമായും തുരുമ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനമിടിച്ച് ക്ഷേത്ര ഗോപുര ഭാഗത്തെ തൂണിലെ സിഗ്നൽ ലൈറ്റുകൾ താഴെ വീണു. പാലക്കുന്ന് ക്ഷേത്രം 75,000 രൂപ രൂപ ചെലവിട്ട് ഇതേ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി കാമറകളോടെയുള്ള സ്റ്റാൻഡും ഒരു ഭാഗത്തേക്ക് ഒടിഞ്ഞിട്ടുണ്ട്.ഇടിച്ച വണ്ടി ഏതെന്ന് ഇതുവരെ തിരിച്ചറിഞ്ഞില്ല.
കെഎസ്ടിപി റോഡു നിർമാണത്തോടനുബന്ധിച്ചാണ് തിരക്കേറിയ പാലക്കുന്ന് കവലയിൽ കൂറ്റൻ ട്രാഫിക് സിഗ്നൽ സംവിധാനമൊരുക്കിയത്. വർഷങ്ങളായിട്ടും പ്രവർത്തിച്ചിട്ടില്ല. റോഡ് ഇപ്പോൾ മരാമത്ത് വകുപ്പിന്റെ കീഴിലാണ്. പഴക്കം മൂലം അപകട സാധ്യത മുന്നിൽ കണ്ട് ഇവ മാറ്റണം. നാട്ടിൽ ഉത്സവങ്ങൾ നടക്കുന്ന സമയമാണ്. കഴിഞ്ഞ ദിവസം ഒരെണ്ണം വീഴാനിരിക്കെ ഡ്രൈവർമാർ മാറ്റിവച്ചതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.’
കെ. വി. ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്, ഉദുമ പഞ്ചായത്ത്)bold
പതിനായിരങ്ങൾ ഒത്തുകൂടുന്ന ഭരണി ഉത്സവ നാളിലെ തിക്കും തിരക്കും ഏറെ അനുഭവപ്പെടുന്ന ഇടമാണിത്. ഇപ്പോൾ വിവാദമായിരിക്കുന്ന ട്രാഫിക് സിഗ്നൽ കേവലം നോക്കുകുത്തിയാണ്. തുരുമ്പിച്ച ഒരെണ്ണം കഴിഞ്ഞ ദിവസം വീണതിന്റെ അടിഭാഗം പൂർണമായും ദ്രവിച്ചിട്ടുണ്ട്.മറ്റു പ്രധാന തൂണുകളും ഇതേ അവസ്ഥയിലായിരിക്കും എന്നാണ് തോന്നുന്നത്. വലിയൊരു അപകട സാധ്യത കണ്ട് ഉത്സവത്തിന് മുൻപായി ഇവ മാറ്റുന്നതാണ് ഉചിതം.
ഉദയമംഗലം സുകുമാരൻ (പ്രസിഡന്റ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം)
പൊതുമരാമത്ത് വിഭാഗം ഇടപെട്ട് അപകട സാധ്യതയുള്ള സിഗ്നൽ തൂണുകൾ എടുത്തു ഒഴിവാക്കണം. തൂണുകളുടെ മുകളിൽ ഒരു ഭാഗത്തേക്ക് ഭാരം കൂടുതൽ ഉള്ളതും അടിഭാഗം തുരുമ്പിച്ചതും കണക്കിലെടുത്താൽ അപകടം സംഭവിക്കാം. പാലക്കുന്ന് ഉത്സവത്തിന് ജനങ്ങൾ ഏറെ കൂടുന്ന ഇടമാണിത്. പാതയോരത്തെ സോളർ ലൈറ്റുകൾ ഒന്നും കത്തുന്നില്ല.
സൈനബ അബൂബക്കർ (ഉദുമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ)