ചട്ടഞ്ചാൽ∙ പത്തു വർഷം നീണ്ട കാത്തിരിപ്പു വെറുതെ ആയില്ല; കരിച്ചേരി പുഴയിലെ മുനമ്പത്ത് പാലം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രാരംഭ നടപടികൾ ആരംഭിച്ച പാലമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.ബേഡഡുക്ക-ചെമ്മനാട് പഞ്ചായത്തുകളെയാണ് നിർദിഷ്ട പാലം ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ ഒരു ഭാഗം ചെമ്മനാട് പഞ്ചായത്തിലെ മഹാലക്ഷ്മി പുരവും മറുഭാഗം ബേഡഡുക്ക പഞ്ചായത്തിലെ മുനമ്പവും ആണ്.
നിലവിൽ ഇവിടെ തൂക്കുപാലം ഉണ്ട്. എംപി, എംഎൽഎ ഫണ്ടുകളും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് 2011 ലാണ് ഇതു പൂർത്തിയാക്കിയത്. ആ സമയത്തു തന്നെ പാലത്തിന്റെ ചർച്ചയും തുടങ്ങിയതാണ്. മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി സ്ഥലം കണ്ടെത്തുകയും മരാമത്ത് പാലം വിഭാഗം രൂപരേഖ തയാറാക്കുകയും ചെയ്തെങ്കിലും ഫണ്ട് ഇല്ലാതെ നീണ്ടുപോവുകയായിരുന്നു. ഓരോ ബജറ്റുകാലത്തും പ്രതീക്ഷയുണർത്തിയിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം.
എന്നാൽ ഈ ബജറ്റ് ഇവരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കുന്നതായി. പെർളടുക്കം-കല്ലളി-മുനമ്പം-ബിട്ടിക്കൽ-ചട്ടഞ്ചാൽ റോഡിലാണ് പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ കുറ്റിക്കോൽ ഭാഗത്തു നിന്ന് കാസർകോടേക്കു പോകുന്നവർക്കു പൊയ്നാച്ചിയിൽ എത്താതെ തന്നെ പോകാൻ സാധിക്കും.
നാലു കിലോമീറ്ററോളം ദൂരം ഇതുവഴി കുറഞ്ഞു കിട്ടും. മുനമ്പം ഭാഗത്തുള്ളവർക്കു എളുപ്പത്തിൽ മഹാലക്ഷ്മിപുരത്തു എത്താനും പാലം വഴിയൊരുക്കും.ബജറ്റിൽ ഫണ്ട് അനുവദിച്ചതോടെ വിശദമായ പദ്ധതിരേഖ തയാറാക്കി മരാമത്ത് പാലം വിഭാഗം ടെൻഡർ നടപടികളിലേക്കു കടക്കും.