ബദിയടുക്ക ∙ മിനി സ്റ്റേഡിയത്തിന്റെ സ്ഥലത്ത് കുഴൽ കിണർ നിർമിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് ജീവനക്കാർ അവിടെ താമസിക്കുന്നത് പരിസരവാസികൾക്ക് ശല്യമാകുന്നതായി പരാതി. ബോളുക്കട്ടയിലെ മിനി സ്റ്റേഡിയത്തിന്റെ സ്ഥലത്താണ് ഈ അനധികൃത പാർക്കിങ്. കുഴൽ കിണർ കുഴിക്കാനായി തമിഴ്നാട്ടിൽ നിന്ന് എത്തുന്നവർക്ക് ഏജൻസികൾ താമസ സൗകര്യം നൽകുന്നില്ലെന്ന പരാതിയുമുണ്ട്. പരിസരവാസികൾക്കും ഇവിടെ വ്യായാമത്തിനും കളിക്കാനുമെത്തുന്നവർക്കാണ് ഇവർ പ്രധാനമായും ശല്യമായി മാറുന്നത്.
പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിനു ചുറ്റുമതിലോ തെരുവ് വിളക്കോ ഇല്ല. ഇവിടെയാണ് നാലും അഞ്ചും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങളിലെ 30ഓളം തൊഴിലാളികൾ താമസസൗകര്യമില്ലാതെ ഇവിടെ പാർക്കുന്നു. കാലവർഷം കഴിയുമ്പോഴെത്തുന്ന ഇവർ കാലവർഷം തുടങ്ങിയതിനു ശേഷമാണ് മടങ്ങുന്നത്. ഇവരെ തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് കുഴൽ കിണർ നിർമിക്കുന്ന ജോലി നൽകുന്ന ഏജൻസികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.