കാഞ്ഞങ്ങാട് ∙ ഇറച്ചിക്കോഴി വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഫാമിൽ നിന്നു കുറഞ്ഞ വിലയ്ക്ക് കോഴിയെ കിട്ടുമ്പോഴും കടകളിൽ വില കുറയാത്തതാണു കർഷകർക്കു തിരിച്ചടിയാകുന്നത്. സംസ്ഥാനത്ത് കോഴി ഉൽപാദനം കൂടിയതും കോഴി ഇറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞതുമാണു വിലയിടിവിനു കാരണമെന്ന് കർഷകർ പറയുന്നു. നാലു ദിവസം മുൻപു വരെ 60 രൂപയ്ക്കാണ് ഫാമിൽ നിന്നു കോഴികളെ നൽകിയത്. എന്നാൽ ഇന്നലെ ഇത് 65 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
ജനുവരി മുതലാണ് വിലയിടിവ് തുടങ്ങിയത്. 27 മുതൽ ആണ് കോഴിക്കുഞ്ഞുങ്ങളുടെ വില. കൃത്യമായി പരിപാലനം നൽകി 45 ദിവസം വരെ ഫാമിൽ വളർത്തും. ഒരു കോഴിക്ക് ഏകദേശം 3 കിലോ തീറ്റ വേണ്ടി വരും. ഇറച്ചിക്കു വില കുറഞ്ഞാലും തീറ്റയ്ക്കു വില കുറയുന്നില്ല എന്നു കർഷകർ പറയുന്നു. ഒരു കോഴിക്കുഞ്ഞിനെ വിൽപനയ്ക്കായി വളർത്തുന്നത് വരെ പരിപാലിക്കാൻ 100 രൂപയിലധികം ചെലവു വരും. എന്നാൽ കർഷകർക്ക് ഇപ്പോൾ കിട്ടുന്നത് 65 രൂപ വരെ മാത്രമാണ്. രോഗങ്ങൾ കാരണം കോഴികൾ ചത്തു പോയാല്‍ നഷ്ടം പിന്നെയും കൂടും.
വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. കർഷകരിൽ നിന്നു കുറഞ്ഞ വിലയ്ക്കു കോഴിയെ വാങ്ങുമ്പോള്‍ കടകളിൽ കോഴി വില കുറയുന്നില്ലെന്ന് ഫാം ഉടമകൾ പറയുന്നു. കടകളിൽ വില കുറഞ്ഞാൽ മാത്രമേ ആവശ്യക്കാർ കൂടുകയുള്ളൂ. എന്നാൽ മാത്രമേ നിലവിലുള്ള കോഴികളെ വേഗത്തിൽ വിറ്റഴിക്കാൻ കഴിയൂ എന്ന് കർഷകർ പറയുന്നു. ഇടനിലക്കാരും കച്ചവടക്കാരും കോഴി വില കുറയ്ക്കാതെ നിർത്തുന്നത് ദോഷകരമായി ബാധിക്കുന്നതു കർഷകരെയാണ്.
നേരത്തെ കേരളത്തിൽ ആവശ്യമായതിന്റെ 20 ശതമാനം മാത്രമേ കോഴി ഉൽപാദനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ കോവിഡിനു ശേഷം കോഴി ഉൽപാദനം 80 ശതമാനം വരെ കൂടി. കൂടുതൽ പേരും കോഴി വളർത്തൽ രംഗത്തേക്കു വന്നത് ഉൽപാദനം കൂടാൻ കാരണമായി. ഇതും കോഴിയുടെ വിലയിടിവിനു കാരണമാണ്.