കാഞ്ഞങ്ങാട് ∙ ബിജെപിക്കെതിരെ വിശാല മുന്നണി ഉണ്ടാക്കി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണം എന്ന ശരത് പവാറിന്റെ നിർദേശം കോൺഗ്രസ് നടപ്പിലാക്കാത്തത് ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ സഹായിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ.
എൻസിപി സംസ്ഥാന പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം പിടിച്ച് ഇന്ത്യൻ ഭരണഘടന മാറ്റി എഴുതുകയാണ് ആർഎസ്എസ്, ബിജെപി ലക്ഷ്യം. എന്നാൽ, പഴയ പ്രതാപം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും മാറ്റങ്ങൾക്ക് അനുസരിച്ചു ചിന്തിക്കുന്നില്ല. കോൺഗ്രസിന്റെ മനോഭാവം മാറിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബു, ട്രഷറർ പി.ജെ.കുഞ്ഞുമോൻ, ജനറൽ സെക്രട്ടറിമാരായ ബി.ജയകുമാർ, പി.കെ.രവീന്ദ്രൻ, എം.പി.മുരളി, ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര, ജില്ലാ നേതാക്കളായ സി.ബാലൻ, ടി.ദേവദാസ്, രാജു കൊയ്യൻ, ദാമോദരൻ ബെള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, പി.സി.സീനത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.നാരായണൻ, എൻ.വി.ചന്ദ്രൻ, എ.ടി.മത്തായി, ഉബൈദുല്ല കടവത്ത്, മുഹമ്മദ് കൈക്കമ്പ എന്നിവർ പ്രസംഗിച്ചു.