കാസർകോട് ∙ ഭവന വായ്പയെടുക്കുന്നതിന് മുൻ ജീവനക്കാരൻ കാസർകോട് നഗരസഭയിൽ ഈടു വച്ച ഭൂമിയുടെ ആധാരം കാണാനില്ല. ആധാരം തിരിച്ചുനൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലത്തിന്റെ നിലവിലുള്ള വിപണി വില സെക്രട്ടറിയിൽ നിന്ന് ഈടാക്കി ലഭ്യമാക്കണമെന്ന് പരാതി.കാസർകോട് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന പയ്യന്നൂർ കണിയേരി ‘രമണിക’യിൽ കെ.പി.രാജഗോപാലനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻപാകെ ഈ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയത്.
ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരിക്കെ 1.5 ലക്ഷം രൂപ ഭവന വായ്പ കിട്ടാൻ 1999 ജൂലൈയിലാണ് പയ്യന്നൂർ വെള്ളൂരിലുള്ള 10 സെന്റ് സ്ഥലത്തിന്റെ ആധാരം നഗരസഭയിൽ ഈട് വച്ചത്. 2021 ഓഗസ്റ്റ് 13ന് വായ്പ തുക തിരിച്ചടച്ച് കടബാധ്യത തീർത്തു. നഗരസഭ സെക്രട്ടറി ഇതിനു സാക്ഷ്യപത്രവും നൽകി. എന്നാൽ ആധാരം തിരിച്ചു കിട്ടിയില്ല.
1992 മുതൽ 2002 ജനുവരി 15 വരെ ഇതേ നഗരസഭയിൽ സെക്കൻഡ് ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു രാജഗോപാലൻ. ബന്ധപ്പെട്ട സെക്ഷനുകളിലും കാഷ് ചെസ്റ്റിലും തിരച്ചിൽ നടത്തിയെങ്കിലും ഫയലും ആധാരവും കണ്ടെത്താൻ സാധിച്ചില്ലെന്നായിരുന്നു ഇതിനു നഗരസഭ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനു നൽകിയ റിപ്പോർട്ട്.
ഓഫിസിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ അലമാരകൾ വിവിധ ഭാഗങ്ങളിലായി മാറ്റി സ്ഥാപിച്ചപ്പോൾ ഫയലുകൾ സ്ഥാനം മാറിയതാവുമെന്നാണ് അധികൃതരുടെ വിശദീകരണം.റിക്കാർഡ് റൂം ഇവിടെ ഇല്ലെന്നും മനുഷ്യാവകാശ കമ്മിഷനു നൽകിയ വിശദീകരണത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. സെക്‌ഷൻ ക്ലാർക്കിനു വിശദീകരണ മെമ്മോ നൽകിയതായും വിവിധ സെക്ഷനുകളിലെ അലമാരകളിൽ ജീവനക്കാർക്ക് പ്രത്യേക ചുമതല നൽകി തിരച്ചിൽ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
ഓഫിസിൽ റിക്കാർഡ് റൂം ഇല്ല എന്ന അധികൃതരുടെ വിശദീകരണം 1995ലെ ഇതു സംബന്ധിച്ച നിയമത്തിന്റെ ലംഘനമാണ്. നഗരസഭാ സെക്രട്ടറിക്ക് പ്ലഡ്ജ് ചെയ്തു നൽകിയതായതിനാൽ എനിക്ക് ആധാരത്തിന്റെ പകർപ്പിന് അപേക്ഷിക്കാനും സാധിക്കാത്ത സ്ഥിതിയാണ്.’
കെ.പി.രാജഗോപാലൻ.
രാജഗോപാലന്റെ പരാതി പരിശോധിച്ച മനുഷ്യാവകാശ കമ്മിഷൻ നഗരസഭയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുള്ളതായി വിലയിരുത്തി. വസ്തുവിന്റെ ആധാരം പോലുള്ള പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക സെക്രട്ടറിയുടെ ചുമതലയാണ്. പരാതിക്ക് ആസ്പദമായ വിഷയം 2 മാസത്തിനുള്ളിൽ പരിഹരിക്കാൻ നഗരസഭ സെക്രട്ടറിക്കു നിർദേശം നൽകി.