തൃക്കരിപ്പൂർ∙ ‘ബലത്തിട്ട ബ്രഹ്മത്തിനും ചൂടിയിരിക്കുന്ന പുഷ്പത്തിനും അന്തരം വരുത്താതെ കൊണ്ടോളനെ നായനാർ മഡിയൻ ക്ഷേത്രപാലാ’.. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിൽ നാലാം പാട്ടിനും ഏഴാം പാട്ടിനും കൊയങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ ദേവിദേവൻമാരുടെ വെളിച്ചപ്പാടുകൾ ദർശനം കയ്യേറ്റു ചൊല്ലിയ ‘മൊഴി സ്വരൂപാചാരം’ കാണാനും കേൾക്കാനും കണ്ണും കാതും കൂർപ്പിച്ചിരുന്നു ക്ഷേത്ര സന്നിധിയാകെ.
12 നാൾ നീളുന്ന പാട്ടുത്സവത്തിൽ പയ്യക്കാലമ്മയുടെയും ഉപദേവീദേവൻമാരുടെയും നർത്തകർ 2 ദിനങ്ങളിലും സ്വരൂപാചാരം ചൊല്ലിയാടിയപ്പോൾ അതിന്റെ സൗന്ദര്യം ദർശിക്കാനും പുരാവൃത്ത പെരുമ ഗ്രഹിക്കാനും എത്തിയവർ കണ്ണിമ ചിമ്മാതെ കണ്ടു നിർവൃതിയടഞ്ഞു. രാത്രി എഴുന്നള്ളത്തിനു ശേഷം കൂലോത്തെ വടക്കെ നടയിൽ ‘മുകയരുടെ കല്ല്’ എന്നു വിശേഷിപ്പിക്കുന്ന കലശക്കല്ലിനു മുന്നിലാണ് സ്വരൂപാചാരം ചൊല്ലിയാടിയത്. ‘രണ്ടു മാടമ്പിമാരെ.. അനന്തരവരെ. വിശേഷിച്ചും മഡിയൻ ക്ഷേത്രപാലകന്റെ 250 ലോകരെ, തൃക്കരിപ്പൂർ കഴകമേ പയ്യന്നൂർ ഗ്രാമേ..ഗുണം വരണം ഗുണം വരണം’ എന്നാണ് മൊഴി. ഉത്സവത്തിൽ സന്നിഹിതരായ കാരണവൻമാരെയും മറ്റും വിളിച്ചു മൊഴി പറഞ്ഞു.
ആയിരത്താണ്ടുകൾക്കു മുൻപ് കേരളത്തിലും മറ്റും നിലനിന്ന രാജകുടുംബം, നാട്ടു രാജ്യങ്ങൾ, മനകൾ, ഭരണനിർവഹണ സഭകൾ, ഗ്രാമങ്ങൾ, തന്ത്രി കുടുംബങ്ങൾ, മുൻപും പിൻപും വിവിധ ജാതി സമൂഹങ്ങൾ ഇവയും മഡിയൻ ക്ഷേത്രപാലകനീശ്വരന്റെയും വേട്ടക്കൊരു മകനീശ്വരന്റെയും പയ്യന്നൂർ പെരുമാളുടെയും ആര്യ ചരിതങ്ങളും ആയിറ്റി ഭഗവതിയുടെയും മഡിയൻ ക്ഷേത്രപാലകന്റെ 250 ലോകരുടെയും നാലില്ലത്ത് നായൻമാരുടെയും മറ്റും കാര്യങ്ങളാണ് സ്വരൂപാചാരത്തിലെ പ്രതിപാദ്യം.