കാഞ്ഞങ്ങാട് ∙ കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം പിന്നിട്ട അമ്മയും കുഞ്ഞും ആശുപത്രിക്കു മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍. കെട്ടിട ഉദ്ഘാടനത്തിന്റെ രണ്ടാം വാർഷികം പ്രമാണിച്ചാണ് ഇന്നലെ ആശുപത്രിക്കു മുൻപിൽ ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും പരിഹസിച്ചു കൊണ്ടുള്ള വേറിട്ട പ്രതിഷേധ സമര പരിപാടികൾ നടത്തിയത്.
– ആരോഗ്യ മന്ത്രി വീണാ ജോർജ്, മുൻ മന്ത്രി കെ.കെ.ശൈലജ എന്നിവരുടെ ചിത്രമുള്ള മുഖംമൂടി ധരിച്ച പ്രവർത്തകർ വേദിക്ക് അരികില്‍ എത്തുന്നു. ഇരുവരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ സ്വീകരിക്കുന്നു. ആശുപത്രിക്ക് മുൻപിൽ ഒരുക്കിയ സ്ഥലത്തു വാർഷികാഘോഷത്തിന്റെ കേക്ക് മുറിക്കാനുള്ള സൗകര്യം ഒരുക്കുന്നു. മന്ത്രിയുടെയും മുൻ മന്ത്രിയുടെയും മുഖംമൂടി ധരിച്ച പ്രവർത്തകർ കേക്ക് മുറിച്ചു വാർഷികം ആഘോഷിക്കുന്നു. സമഗ്ര സംഭാവനയ്ക്ക് ഇരുവർക്കും വാഴക്കുലയുടെ തണ്ട് സമ്മാനിച്ചതോടെ സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.
– തെരുവിൽ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുന്ന ദൃശ്യമാണു സമരത്തിന്റെ രണ്ടാംഭാഗം. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഡോ.ദിവ്യയാണു രോഗിയെ പരിശോധിച്ചത്. കുട്ടിയുടെ അമ്മയായി വേഷമിട്ടതു മറ്റൊരു പ്രവർത്തകയായ രാജിക. കയ്യിലുള്ള പാവക്കുട്ടിയെ ഡോക്ടർ പരിശോധിച്ചു മരുന്നു നല്‍കിയതോടെ സമരത്തിന്റെ രണ്ടാം ഭാഗവും കഴിഞ്ഞു.
– വിവിധ കലാപരിപാടികളാണ് പ്രതിഷേധത്തിന്റെ മൂന്നാം ഭാഗമായി അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം നാടൻ പാട്ടുമായി രംഗത്തെത്തി. അജിത്ത് പൂടംകല്ല് പാട്ടിനു ചെണ്ടയുടെ താളമൊരുക്കി. പാട്ടും താളവും ചേർന്നു സമരത്തിന് ആവേശം പകർന്നു.
ജില്ലയില്‍ എത്തിയ ആരോഗ്യ മന്ത്രി രണ്ടു തവണയാണ് അമ്മയും ആശുപത്രിയും തുറന്നു പ്രവര്‍ത്തിക്കുന്ന തീയതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് മന്ത്രി നല്‍കിയ വാക്ക്. യൂത്ത് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, നേതാക്കളായ എം.അസൈനാർ, പി.വി.സുരേഷ്, കെ.പി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം, മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, രാജിക ഉദുമ, രോഹിത് ഏറുവാട്ട്, വിനോദ് കള്ളാർ, റാഫി അടൂർ, അഖിൽ അയ്യങ്കാവ്, രാഹുൽ രാംനഗർ, മണ്ഡലം പ്രസിഡന്റുമാരായ ഷിബിൻ ഉപ്പിലിക്കൈ, ഉമേശൻ കാട്ടുകുളങ്ങര, സന്ദീപ് ചീമേനി, ഷാഹിദ് പുലിക്കുന്ന്, മഹേഷ് തച്ചങ്ങാട്, അജീഷ് പനത്തടി, അജിത്ത് പൂടംങ്കല്ല്, എച്ച്.ആർ.വിനീത്, ഡോ. ദിവ്യ, സി.എച്ച്.തസ്ശ്രീന, സ്മിത നീലേശ്വരം, പ്രിജിന അച്ചാംതുരുത്തി, അക്ഷയ എസ്.ബാലൻ എന്നിവർ പ്രസംഗിച്ചു.