ഹിബത്തുല്ലയുടെ കൈ പിടിച്ച് ഹസീബ് കയറി, തിരികെ ജീവിതത്തിലേക്ക്

മുഹമ്മദ് ഹിബത്തുല്ല
മുഹമ്മദ് ഹിബത്തുല്ല
SHARE

പള്ളങ്കോട് (അഡൂർ) ∙ കൂട്ടുകാരൻ പുഴയിൽ മുങ്ങുന്നതു കാണുമ്പോൾ ആരായാലും ഒന്നു പതറിപ്പോകും. പക്ഷേ, മുഹമ്മദ് ഹിബത്തുല്ലയെന്ന ഈ 8 വയസ്സുകാരന്റെ മനസ്സ് ഒരു നിമിഷം പോലും പതറിയില്ല. തിരികെ നീന്തിച്ചെന്നു ക്ഷീണിതനായ കൂട്ടുകാരനെ വെള്ളത്തിലൂടെ കൈ പിടിച്ചും തള്ളിയും കരയിലെത്തിച്ചു. ഉപ്പയുടെ സഹോദരന്റെ മകൻ കൂടിയായ പള്ളങ്കോട് നെയ്പാറയിലെ മുഹമ്മദ് ഹസീബാണ് (11) ഹിബത്തുല്ലയുടെ കൈ പിടിച്ചു തിരികെ ജീവിതത്തിലേക്കു കയറിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പള്ളങ്കോട് മോരക്കാനത്തെ ഇബ്രാഹിമിന്റെയും കെ.എം.ബുഷ്റയുടെയും മകനാണ് മുഹമ്മദ് ഹിബത്തുല്ല. പയസ്വിനിപ്പുഴയുടെ കരയിലാണ് ഇവരുടെ വീട്. ഇബ്രാഹിമിന്റെ സഹോദര പുത്രനായ ഹസീബ് ഇവരുടെ വീട്ടിലേക്കു വന്നതായിരുന്നു.ഉച്ചഭക്ഷണം കഴിച്ചു ബുഷ്റ പുഴയിലേക്കു തുണി അലക്കാൻ പോയപ്പോൾ കുട്ടികളും കൂടെ പോയി. ഹിബത്തുല്ലയ്ക്കും ഹസീബിനും പുറമെ 3 കുട്ടികൾ കൂടെയുണ്ടായിരുന്നു. ബുഷ്‌റ തുണി അലക്കുന്നതിനിടെ കുട്ടികൾ പുഴയിലിറങ്ങി നീന്തിക്കളിക്കാൻ തുടങ്ങി. മുങ്ങാതിരിക്കാൻ ഹിബത്തുല്ല ശരീരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ കെട്ടിയിരുന്നു.

ഇവർ നീന്തി നൂറു മീറ്ററോളം ദൂരെ എത്തി. ഹിബത്തുല്ല ആയിരുന്നു മുൻപിൽ. ഹസീബ് അൽപം പിന്നിലും. പെട്ടെന്നു ഹസീബ് ക്ഷീണിതനായി വെള്ളത്തിൽ മുങ്ങി. നല്ല ആഴമുള്ള സ്ഥലം ആയിരുന്നു ഇത്. കരച്ചിൽ കേട്ട് ഹിബത്തുല്ല തിരിച്ചു വന്ന് ഹസീബിനെ തള്ളിക്കൊണ്ട് ഉമ്മയുടെ സമീപത്തേക്ക് എത്തിച്ചു. ബുഷ്റ കൈപിടിച്ച് കരയിലേക്കു വലിച്ചു കയറ്റുകയും ചെയ്തു.

ഒരു നിമിഷം പോലും കളയാതെയുള്ള ഹിബത്തുല്ലയുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്നു നാട്ടുകാർ പറയുന്നു. പള്ളങ്കോട് സർ സയ്യിദ് എൽപി സ്കൂളിലെ 3ാം ക്ലാസ് വിദ്യാർഥിയാണ് ഹിബത്തുല്ല. ഹസീബ് പള്ളങ്കോട് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും. ഹിബത്തുല്ലയെ കേരള മുസ്‌‍ലിം ജമാഅത്തും എസ്‌വൈഎസ് പള്ളങ്കോട് യൂണിറ്റും എസ്ജെഎം ജില്ലാ കമ്മിറ്റിയും അനുമോദിച്ചു. സ്കൂൾ അസംബ്ലിയിലും അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS