കാസർകോട് ∙ റെയിൽവേ ആപ്പ് ചതിച്ചപ്പോൾ മാവേലി എക്സ്പ്രസിനായി യാത്രക്കാർ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നത് രണ്ടു മണിക്കൂറോളം. വൈകിട്ട് 7.15ന് മലബാർ എക്സ്പ്രസ് എത്തിയപ്പോൾ റെയിൽവേ ആപ്പ് പറഞ്ഞത് മാവേലി തൊട്ടു പിന്നാലെയുണ്ടെന്ന്. ലക്ഷ്യ സ്ഥാനത്ത് മാവേലി ആദ്യമെത്തുമെന്ന് കരുതി മലബാറിൽ കയറാതിരുന്ന യാത്രക്കാർ വീണ്ടും കാത്തു നിന്നു. എന്നാൽ മാവേലിയെത്തിയത് ഒരു മണിക്കൂർ കൂടി കഴിഞ്ഞ് 8.15ന്.
വെള്ളിയാഴ്ച വൈകിട്ട് 6.04ന് എൻജിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ് മഞ്ചേശ്വരത്ത് നിർത്തിയിട്ടു. പ്രശ്നം പരിഹരിക്കാൻ കഴിയാഞ്ഞതിനാൽ മംഗളൂരു ജംക്‌ഷനിലേക്കു പോയ ഗുഡ്സ് ട്രെയിൻ ഉള്ളാലിൽ നിർത്തി അതിന്റെ എൻജിൻ ഉപയോഗിച്ചാണ് മാവേലി മഞ്ചേശ്വരത്തു നിന്നു യാത്ര തുടർന്നത്. വൈകിട്ട് 6 മുതൽ കാത്തു നിന്ന സീസൺ ടിക്കറ്റുകാർ ഉൾപ്പെടെ പതിവു യാത്രക്കാർക്ക് ട്രെയിൻ വൈകിയതിന്റെ കാരണമറിയാൻ ഒരു മാർഗവുമില്ലായിരുന്നു.
ജില്ലാ ആസ്ഥാനത്തെ സ്റ്റേഷനായിട്ടും കാസർകോട് കൃത്യമായ അനൗൺസ്മന്റ് സംവിധാനമില്ല. ഒരു തവണയെങ്കിലും ഈ പ്രശ്നം അനൗൺസ് ചെയ്തിരുന്നെങ്കിൽ കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിലേക്കു പോകാനുള്ള യാത്രക്കാർ മറ്റു മാർഗങ്ങൾക്കു ശ്രമിച്ചേനെ.സർക്കാർ ജീവനക്കാരുൾപ്പെടെ ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസം രാത്രി പ്രയാസപ്പെട്ടത്.
വൈകിട്ടു മുതൽ രാവിലെ വരെ ട്രെയിൻ എവിടെയെന്നറിയാൻ കാസർകോട് സ്റ്റേഷനിൽ ഒരു വഴിയുമില്ല. ഏറെ പരാതികളുണ്ടായിട്ടും ഇൻഫർമേഷൻ ഓഫിസിന്റെ അവസ്ഥയിൽ ഒരു മാറ്റവുമില്ല. മഞ്ചേശ്വരത്ത് തകരാറായിക്കിടന്ന മാവേലി എക്സ്പ്രസിനെ മലബാറിനൊപ്പം ഓടിച്ചത് റെയിൽവേ ആപ്പാണ്. ഇൻഫർമേഷൻ സെന്ററില്ലാത്തിനാൽ ട്രെയിൻ കാര്യമറിയാൻ ആപ്പ് മാത്രമാണ് ആശ്രയം.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആപ്പിൽ ലൊക്കേഷൻ കാണിച്ചത് കണ്ണപുരം എത്തിയെന്നാണ്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ മാവേലിക്ക് കയറേണ്ട ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്നു. അനൗൺസ്മെന്റ് സൗകര്യം ഇല്ലാത്തതിനാൽ സ്റ്റേഷൻ അസിസ്റ്റന്റ് മുരളീധരൻ പ്ലാറ്റ്ഫോമിലൂടെ മൂന്നുവട്ടം ഓടിനടന്ന് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.