കാസർകോട് ∙ മഴ പെയ്തോ എന്നു ചോദിച്ചാൽ പെയ്തെന്നു പറയാനാകാത്ത പോലൊരു ചാറ്റൽ മഴ. ഈ വർഷത്തെ ആദ്യ മഴ ഇന്നലെ ജില്ലയിൽ പെയ്തു. ഇന്നലെ പുലർച്ചെയാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ വേനൽ മഴ ലഭിച്ചത്. \ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ 3 ഇടത്ത് നേരിയ മഴ രേഖപ്പെടുത്തി. ബായാർ : 1 മില്ലിമീറ്റർ, കുഡ്‌ലു : 6 മില്ലിമീറ്റർ, മുളിയാർ : 2 മില്ലി മീറ്റർ എന്നിങ്ങനെയാണു രേഖപ്പെടുത്തിയത്. മടിക്കൈ, പടന്നക്കാട്, വെള്ളരിക്കുണ്ട്, പാണത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ മഴ രേഖപ്പെടുത്തിയില്ല.
മഴയ്ക്കൊപ്പം പത; ആശങ്ക
ബോവിക്കാനം ∙ ആദ്യ വേനൽമഴയിൽ റോഡുകളിൽ സോപ്പ് പത പോലുള്ള കുമിളകൾ കാണപ്പെട്ടത് നേരിയ ആശങ്കയ്ക്കിടയാക്കി. ഇന്നലെ രാവിലെ മുളിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിലാണ് വെളുത്ത കുമിളകൾ പ്രത്യക്ഷപ്പെട്ടത്. 15 മിനിറ്റോളം മഴ പെയ്തു. മഴ മാറിയതോടെ കുമിളകളും നീങ്ങി. അതേസമയം ആദ്യ മഴയിൽ വെള്ളത്തിൽ ചെറിയ തോതിൽ കുമിളകൾ കാണപ്പെടുന്നത് സാധാരണയാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പക്ഷേ മുൻപൊന്നും ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പൊടിയും പുകയും കാരണം പി.കെ.രതീഷ്.അസോഷ്യേറ്റ് പ്രഫസർ, കാർഷിക സർവകലാശാല.
അന്തരീക്ഷത്തിലെ പൊടിയും പുകയുമൊക്കെയാണു സോപ്പ് പത പോലുള്ള കുമിളകൾക്കു കാരണം. ഫാക്ടറികളിൽ നിന്നും മറ്റുമുള്ള പുകയും രാസമാലിന്യങ്ങളും അന്തരീക്ഷത്തിൽ കലർന്നാൽ ആദ്യത്തെ മഴയിൽ അവ ഭൂമിയിലേക്കു പതിക്കും. പഠിച്ചു കഴിഞ്ഞാലേ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ’.