ADVERTISEMENT

കാസർകോട് ∙ പൊള്ളുന്ന ചൂടിനു ചെറിയ ആശ്വാസമേകി വേനൽമഴ ഒന്നു മുഖം കാണിച്ചെങ്കിലും ജില്ലയുടെ പല മേഖലകളിലെയും വരൾച്ചയെ മറികടക്കാൻ അതു പ്രാപ്തമല്ല. ജലാശയങ്ങളിലെ ഭൂഗർഭ ജലനിരപ്പ് താഴുന്നതും വലിയ ആശങ്കയുയർത്തുന്നുണ്ട്. ഭൂഗർഭ ജലത്തിന്റെ 90 ശതമാനത്തിലധികം വിനിയോഗിക്കുന്ന സംസ്ഥാനത്തെ 3 ബ്ലോക്കുകളിൽ കാസർകോട് ബ്ലോക്ക് ഉൾപ്പെടുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ കാസർകോട് മാത്രം 11,000ലേറെ കുഴൽ കിണറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. പുഴകളിലെ വിവിധ ജല വിതരണ പദ്ധതികൾ വഴിയാണ് ജലക്ഷാമത്തെ മറികടക്കാനുള്ള ശ്രമം. സംസ്ഥാനത്ത് ഭൂഗർജല വിനിയോഗം ഏറ്റവും കൂടിയ ജില്ല കാസർകോടാണ്. 72.16 ശതമാനമാണ് നിലവിലെ ഉപയോഗം. മറ്റു 13 ജില്ലകളിലും വിനിയോഗം 70 ശതമാനത്തിൽ താഴെയാണ്. 

10 വർഷത്തെ കണക്കിൽവെള്ളം കുറവ് 26 നിരീക്ഷണ കിണറുകളിൽ

ജില്ലയിലാകെ ഭൂഗർഭ ജലവകുപ്പ് നിരീക്ഷണം നടത്തുന്ന 66 കിണറുകളുണ്ട്. ഇതിൽ 46 തുറന്ന കിണറുകളും 20 കുഴൽക്കിണറുകളും ഉൾപ്പെടുന്നു. കഴിഞ്ഞ 10 വർഷങ്ങളിലെ ഫെബ്രുവരി മാസത്തെ കണക്കുകളുമായി ഏറ്റവുമൊടുവിൽ ഫെബ്രുവരി മാസം നടന്ന പരിശോധനയെ താരതമ്യം ചെയ്യുമ്പോൾ ഇവയിൽ 26 എണ്ണത്തിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 13 തുറന്ന കിണറുകളിലും 13 കുഴൽക്കിണറിലും വെള്ളം കുറഞ്ഞു. ഈ വർഷം മഴ ലഭിക്കാതിരുന്നിട്ടും 40 കിണറുകളിലെ ജലനിരപ്പിൽ നേരിയ വർധനയുണ്ട്. മഞ്ചേശ്വരം ബ്ലോക്കിലെ എൻമകജെ, പൈവളികെ, വോർക്കാടി മേഖലകളിൽ 

ജലനിരപ്പിൽ വലിയ കുറവുണ്ടായ നിരീക്ഷണ കുഴൽ കിണറുകൾ

നീലേശ്വരം ബ്ലോക്കിൽ കയ്യൂർ ചീമേനി– 5 മീറ്റർ മഞ്ചേശ്വരം ബ്ലോക്കിലെ വോർക്കാടി – 3.04 മീറ്റർ മഞ്ചേശ്വരം ബ്ലോക്കിലെ എൻമകജെ – 2.94 മീറ്റർ കാറഡുക്ക ബ്ലോക്കിലെ ബന്തടുക്ക – 2.4 മീറ്റർ

സംസ്ഥാനത്ത് ജലനിരപ്പിൽ പുരോഗതി കാണിച്ച 2 ബ്ലോക്കുകളും ജില്ലയിൽ

മുൻകാല കണക്കുകളനുസരിച്ച് ഭൂഗർഭ ജല വിനിയോഗത്തിൽ ജില്ലയിൽ കാസർകോട് ബ്ലോക്ക് ക്രിട്ടിക്കലും(ഗുരുതരം) കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ (ഭാഗിക ഗുരുതരം) വിഭാഗത്തിലുമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ പഠനമനുസരിച്ച് ഒക്ടോബറിൽ ദേശീയ ഭൂഗർഭ ജല ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് കാസർകോട് ബ്ലോക്ക് ക്രിട്ടിക്കൽ വിഭാഗത്തിലാണ്. 90 ശതമാനത്തിലേറെ ജല വിനിയോഗം വളരെ അപകടകരമായ അവസ്ഥയാണ്. 

അതിനാൽ അമിത ജലചൂഷണം തടയാൻ ജാഗ്രത പുലർത്തണമെന്ന് ഭൂഗർഭ ജല വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നു. മഞ്ചേശ്വരം ബ്ലോക്ക് സെമി ക്രിട്ടിക്കൽ വിഭാഗത്തിലാണ്. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ അവസ്ഥയിൽ നിന്ന് സുരക്ഷിതമായ സാഹചര്യത്തിലേക്ക് പുരോഗതി കൈവരിച്ചു. സംസ്ഥാനത്താകെ 2 ബ്ലോക്കുകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. രണ്ടും കാസർകോട് ജില്ലയിൽ തന്നെ.

ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ

ഒരു വർഷം പെയ്യുന്ന മഴയുടെ അളവനുസരിച്ച് ഭൂമിയിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവു കണക്കാക്കും. ഇതിൽ 90 ശതമാനത്തിലേറെ ഉപയോഗിച്ചാൽ ക്രിട്ടിക്കൽ വിഭാഗത്തിലാണ്. 70 ശതമാനത്തിൽ കൂടിയാൽ സെമി ക്രിട്ടിക്കലും. 

ജലനിരപ്പ് കുറഞ്ഞ കിണറുകൾ ബ്ലോക്ക് അടിസ്ഥാനത്തിൽ

മഞ്ചേശ്വരം – 8 കാറ‍ഡുക്ക – 3 കാസർകോട് – 4 പരപ്പ – 8 (തുറന്ന കിണറുകൾ കൂടുതൽ)

കാഞ്ഞങ്ങാട് –1 നീലേശ്വരം – 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com