കാസർകോട് ∙ കൃഷി – ക്ഷീര വികസന മേഖലകൾക്കു മുൻതൂക്കം നൽകി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് പി.എ.അഷറഫലി അവതരിപ്പിച്ച ബജറ്റിൽ 41.83 കോടി രൂപ വരവും 41.60 കോടി രൂപ ചെലവും 22.44 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. യോഗത്തിൽ പ്രസിഡന്റ് സി.എ.സൈമ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.ബി.വിജു, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് കർള, സമീമ അൻസാരി, സക്കീന അബ്ദുല്ല ഹാജി, അംഗങ്ങളായ ബദറുൽ മുനീർ, ഹനീഫ പാറ, സി.വി.ജയിംസ്, സുകുമാര കുദ്രെപാടി, കലാഭവൻ രാജു, ജമീല അഹമ്മദ്, സീനത്ത് നസീർ, ജയന്തി, പ്രേമ ഷെട്ടി, കെ.എം.അശ്വിനി എന്നിവർ പ്രസംഗിച്ചു.
പ്രധാന പദ്ധതികൾ
∙ കൃഷി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 1.49 കോടി രൂപ മാറ്റി വച്ചു.
∙ ഗ്രാമീണ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് 30 ലക്ഷം രൂപ.
∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് 2.49 കോടി രൂപ..
∙ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 26 ലക്ഷം രൂപ അനുവദിച്ചു.
∙ അതിദരിദ്രരുടെ ഉന്നമനത്തിനായി 60 ലക്ഷം രൂപ.
∙ ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് തൊഴിൽ ലഭ്യമാക്കുന്നതിന് 27.83 കോടി രൂപ.
∙ കുമ്പള, ബദിയടുക്ക കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ വികസനത്തിനും ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും 1.18 കോടി രൂപ.
∙ വനിതാ ക്ഷേമ പദ്ധതികൾക്കായി 50 ലക്ഷം രൂപ.
∙ പട്ടികജാതി വിഭാഗ ക്ഷേമത്തിന് 1.09 കോടി രൂപ.
∙ പട്ടികവർഗ ക്ഷേമത്തിന് 33 ലക്ഷം.
∙ പശ്ചാത്തല വികസനത്തിന് 1.26 കോടി രൂപ.
കൂടാതെ നെൽക്കൃഷിക്കു കൂലി ചെലവ്, പച്ചക്കറിക്കൃഷി, ക്ഷീരവികസനം, ചെറുകിട ജലസേചനം, മണ്ണ് സംരക്ഷണം, കൃഷി പ്രദർശന തോട്ടം തുടങ്ങിയവയ്ക്കും തുക വകയിരുത്തി.