ADVERTISEMENT

പാണ്ടി(അഡൂർ)∙ വന്യജീവി ആക്രമണം സ്ഥിരമായി അനുഭവപ്പെടുന്ന പാണ്ടിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന മന്ത്രിയുടെ പ്രഖ്യാപനം പച്ചക്കള്ളം. നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന പാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ചു മേഖലകളെ ഹോട്സ്പോട്ടുകളായി നിശ്ചയിച്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചത്. എന്നാൽ ഇങ്ങനെ ഒരു സംഘത്തെക്കുറിച്ച് വനംവകുപ്പിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കു പോലും അറിവില്ലെന്നതാണ് ഏറ്റവും രസകരം!.

കാട്ടാന ഉൾപ്പെടെയുള്ളവയുടെ ആക്രമണം തടയാൻ നേരത്തെ ഉള്ള ജീവനക്കാർ അല്ലാതെ പുതിയ ഒരു ക്രമീകരണവും മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടില്ല. ഒരു ജീവനക്കാരനെ പോലും അധികമായി നിയമിച്ചിട്ടും ഇല്ല. പാണ്ടി സെക്‌ഷനിലെ ജീവനക്കാർക്കു പുറമെ ആർആർടിയിലെ രണ്ടു ഫോറസ്റ്റർമാർ മാത്രമാണ് നിലവിൽ കാട്ടാന പ്രതിരോധത്തിനുള്ളത്. ആർആർടിയിലെ താൽക്കാലിക ജീവനക്കാർക്ക് ആനകളെ നേരിടാനുള്ള പരിശീലനം നൽകാത്തതിന്റെ പ്രശ്നവും നിലനിൽക്കുന്നു.

കാട്ടാനകളെ തടയാൻ കാസർകോട് പ്രത്യേക ദൗത്യസംഘം പ്രവർത്തിക്കുന്നുണ്ടെന്നു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി പോലെ മറ്റൊരു ഉണ്ടയില്ലാ വെടിയായി പുതിയ പ്രഖ്യാപനവും. തെറ്റായ പ്രഖ്യാപനങ്ങൾ മന്ത്രി തന്നെ നിരന്തരം നടത്തുമ്പോഴും കാട്ടാനകൾ ദിവസവും കൃഷി നശിപ്പിച്ച് കർഷകരെ ദുരിതത്തിലാക്കുകയാണ്. പാണ്ടി സെക്‌ഷൻ പരിധിയിൽ 13 ആനകൾ ഇപ്പോൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ തന്നെ കണക്ക്.

നെരോടിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഇവ നാശം വിതയ്ക്കുകയാണ്. പാണ്ടി-പള്ളഞ്ചി റോഡരികിൽ വനംവകുപ്പ് നിർമിച്ച സൗരോർജ വേലി ഉള്ളതുകൊണ്ടാണ് ആനക്കൂട്ടം കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലേക്ക് കടക്കാത്തത്. പക്ഷേ ചെറിയൊരു വേലി കൊണ്ട് ഇവയെ എത്രകാലം പ്രതിരോധിക്കുമെന്ന സംശയം വനപാലകർക്കു തന്നെയുണ്ട്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് നിർമിച്ച സൗരോർജ തൂക്കുവേലിയുടെ എട്ടു കിലോമീറ്റർ നിർമാണം പൂർത്തിയായിട്ടും ആനകളെ പൂർണമായും വേലി കടത്താൻ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.

വേലിക്ക് അപ്പുറവും ഇപ്പുറവും ആന

കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ ഭാഗമായി എട്ടു കിമീ വേലിയുടെ പണി പൂർത്തീകരിച്ചിട്ട് അഞ്ചു മാസത്തിലേറെയായി. രണ്ടാം ഘട്ടത്തിലുള്ള 9 കിമീ വേലി ഈ മാസം 31നു മുൻപു പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ഏഴിനു ചേർന്ന അവലോകന യോഗത്തിൽ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ആനശല്യത്തിന് ഒരു കുറവും ഇതുവരെ ഇല്ല. ആനകളെ ജനവാസ മേഖലയിൽ നിർത്തി വേലി കെട്ടിയിട്ട് എന്തുകാര്യമെന്നാണ് കർഷകർ ചോദിക്കുന്നത്. ആനകളെ ഓടിക്കുന്നതിൽ വനംവകുപ്പ് കാണിക്കുന്ന അലംഭാവത്തിൽ കർഷകർക്കിടയിൽ രോഷം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

‘ആയുധം’ പുറത്തെടുക്കാനാകാതെ വനംവകുപ്പ് 

പടക്കവും തീയുമാണ് ആനകളെ ഓടിക്കാൻ വനംവകുപ്പിന്റെ കയ്യിലുള്ള പ്രധാന ആയുധം. എന്നാൽ വേനൽചൂടിൽ പറമ്പുകളും കാടും ഉണങ്ങിയതോടെ ആയുധം പുറത്തെടുത്താൽ തീപിടിത്തത്തിനു കാരണമാകുമെന്ന പേടിയിലാണ് വനപാലകർ. അതുകൊണ്ടു തന്നെ പടക്കം പൊട്ടിക്കലും തീയിടലും ഇല്ല. ഇതോടെ ആനകൾക്കും കുശാലായി. ആരെയും പേടിക്കാതെ അവ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണി കഴിഞ്ഞിട്ടും ആനകൾ റോഡിലിറങ്ങിയതായി നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് പിന്നീട് ആനകളെ ഓടിച്ച് കുട്ടികളെ സ്കൂളിലയച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി എത്തിയെങ്കിലും വാഹനത്തിൽ രണ്ടു തവണ റോന്ത് ചുറ്റിയതല്ലാതെ ഓടിക്കാൻ തയാറായില്ലെന്നും ഇവർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com