ADVERTISEMENT

കാസർകോട് ∙ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ സംസ്ഥാനത്ത് പദ്ധതി ബില്ലുകൾ സമർപ്പിക്കാനുള്ള പ്രൈസ് സോഫ്റ്റ് വെയർ സംവിധാനം നിശ്ചലമായി. വെള്ളിയാഴ്ച രാവിലെ മുതൽ ജീവനക്കാരും പദ്ധതി പണം കിട്ടാനുള്ള കരാറുകാർ ഉൾപ്പെടെയുള്ളവർ കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഏതാനും സമയം ബിൽ ഓപ്ഷൻ തുറന്നു കിട്ടിയെങ്കിലും പിന്നീടു കിട്ടാതായി. ശനിയാഴ്ച ഉച്ചയോടെ ഇത് പൂർണമായും ഓഫായി. മെയ്ന്റനൻസ് എന്ന പേരിലായിരുന്നു ഇത്.

8 ദിവസം മുൻപ് ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ ഉൾപ്പെടെ അനുവദിച്ചു കിട്ടിയില്ലെന്ന പരാതിയും ഉയർന്നു. ഒരേ സമയം കൂടുതൽ ബില്ലുകളും രേഖകളും സമർപ്പിക്കുന്ന തിരക്കു മൂലമാണ് സൈറ്റ് ഓപ്ഷൻ കിട്ടാൻ താമസമെന്നും മാർച്ച് മാസാവസാനം ഇത് പതിവാണെന്നുമാണ് അധികൃതരുടെ വിശദീകരണം. പൂർത്തിയായ പദ്ധതികളുടെ വിവരങ്ങളും ഇതിന്റെ ബില്ലും അസി.എൻജിനീയർ പ്രൈസ് സോഫ്റ്റ്‌വെയർ മുഖേന അയച്ച് അനുമതി കിട്ടുന്ന മുറയ്ക്കാണു കരാറുകാരുടെ അക്കൗണ്ടിൽ പണമെത്തുന്നത്. 

തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട വികസന ഫണ്ട് 3 ാം ഗഡു ജനുവരി ആദ്യം അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ തവണകളായി മാറ്റി. 3 ാം ഗഡുവിൽ  മൂന്നിലൊന്നു മാത്രമാണ് പല പഞ്ചായത്തുകളിലും കിട്ടിയത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അയയ്ക്കുന്ന ബില്ലുകൾ സ്വീകരിക്കാത്ത സ്ഥിതി തുടരുന്നുണ്ട്. കണ്ടിൻജന്റ് ഫണ്ട് 10 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. കാസർകോട് വികസന പാക്കേജ് പ്രവൃത്തികളിലുൾപ്പെടെയുള്ളതും അഡ്വാൻസ് തുകയും സർക്കാർ അനുവദിക്കുന്നില്ല. 

ബാങ്ക് വായ്പാ പദ്ധതിയിലും താമസം 

പദ്ധതികളിൽ ബാങ്കുമായി ധാരണയുണ്ടാക്കി സർക്കാർ വായ്പയെടുത്തു കരാറുകാർക്കു നൽകുന്ന പദ്ധതിയിലും കാലതാമസം. കരാറുകാരൻ നടത്തിയ പണിയുടെ വിശദവിവരങ്ങൾ നൽകി ബില്ല് സമർപ്പിച്ച് ഉടൻ തന്നെ സർക്കാർ അനുമതിയോടെ ബാങ്ക് സർക്കാരിനു വേണ്ടി വായ്പ നൽകുന്നതാണ് പദ്ധതി.

ഇതിൽ കരാറുകാരനും സർക്കാരും വർഷം 5 ശതമാനം പലിശ നൽകണം. കരാറുകാർക്കു കുടിശിക കിട്ടാൻ വർഷങ്ങൾ കാത്തു നിന്നുള്ള നഷ്ടം പരിഹരിക്കാനായിരുന്നു ഈ പദ്ധതി. അതും ഇപ്പോൾ മെല്ലെപ്പോക്കിലായി. സർക്കാർ ബാങ്കിൽ വായ്പ കുടിശിക തിരിച്ചടയ്ക്കാൻ  വൈകുന്നതിനു അനുസരിച്ചുള്ള പലിശ നൽകാൻ കരാറുകാർക്കും ബാധ്യതയുണ്ട്. ഈ നഷ്ടം കൂടി വഹിക്കണം കരാറുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com